'അമ്മേ ഒരു ഗ്ലാസ് ചായ എടുക്ക്വോ?' എന്ന് ചോദിക്കുന്നതിന് മുൻപ് ആൺകുട്ടികൾ ഒരു നിമിഷം ആലോചിക്കുക!
ഇത്തവണത്തെ വനിതാ ദിനം ഏറ്റവും കൂടുതൽ ആഘോഷമായത് സോഷ്യൽ മീഡിയയിലാണ്. ഭൂരിഭാഗം പേരും തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട, കരുത്തരായ വനിതകളെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി കൊണ്ടാണ് കുറിപ്പുകൾ എഴുതുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തത്. കൂട്ടത്തിൽ ഡാനിഷ് റിയാസ് എന്നയാളുടെ കുറിപ്പ് വേറിട്ടതായി. 'വളർന്ന് വരുന്ന' ആൺ തലമുറയെ പെണ്ണിനെ അടക്കാനും ഒതുക്കാനുമല്ല പഠിപ്പിക്കേണ്ടതെന്നും സമത്വമെന്ന വാക്ക് കുഞ്ഞിലെ പകർന്നു നൽകണമെന്നും ഡാനിഷ് പറയുന്നു.
ഡാനിഷ് റിയാസ് എഴുതിയ കുറിപ്പ് വായിക്കാം;
വനിതാ ദിനത്തിലും അല്ലാത്തപ്പോഴും പറയാനുള്ളത് 'വളർന്ന് വരുന്ന' ആൺ തലമുറയോടാണ്. ഇനിയുള്ള കാലം അവരിലാണ് ഒരു പ്രതീക്ഷ. 'അമ്മേ ഒരു ഗ്ലാസ് ചായ എടുക്ക്വോ,, എന്ന് ചോദിക്കുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക, എന്റെ അമ്മ ഇപ്പോ മറ്റെന്തെങ്കിലും ജോലിയിലാണോ എന്ന്. 'ചേച്ചി എനിക്ക് ഇത്തിരി ചോറ് എടുത്ത് തര്വോ" എന്ന് ചോദിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുക. ചേച്ചി വേറെ എവിടെയെങ്കിലും തിരക്കിലാണോ എന്ന്. 'കഴിക്കാനെടുക്കെടി' എന്ന് അനിയത്തിയോട് ഉത്തരവിടുന്നതിന് മുൻപും ഒന്ന് ചിന്തിക്കാം...
അവർ വീട്ടിലെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആണെങ്കിൽ അവരെ വിളിച്ചുവരുത്തി ഡൈനിങ് ടേബിളിൽ മുൻപിലേക്ക് എത്തിച്ചു തരുന്നതും വരെ കാത്തിരിക്കാതെ, സ്വന്തമായി എടുത്ത് ശീലിക്കുക. ഭക്ഷണമെടുത്ത് കഴിക്കാം, വെള്ളമെടുത്ത് കുടിക്കാം. കഴിച്ചു കഴിഞ്ഞ പാത്രം വീണ്ടും കഴുകി വെക്കാൻ മടിയാണെങ്കിൽ ടേബിളിൽ നിന്നും എടുത്ത് അതൊന്ന് സിങ്കിലേക്ക് എടുത്ത് വെക്കാം. അതല്ല, ഒന്ന് കൂടി മനസ്സ് വെച്ചാൽ,,, അവർ ചെയ്യുന്ന കാര്യങ്ങളിൽ പലപ്പോഴും ചെറുതായിട്ടൊന്ന് സഹായിക്കാം. നമ്മുടെ ഒരു 'ആണത്വവും' വീണുടഞ്ഞു പോകില്ല. നമ്മുടെ വീടല്ലേ, അവിടെ നിന്നാണ് വ്യക്തിത്വത്തിന്റെ തുടക്കം.
'അമ്മ എന്ന നിലയിൽ സഹോദരി എന്ന നിലയിൽ അവരോട് ചോദിക്കുന്നതിലോ ആവശ്യപ്പെടുന്നതിലോ 'ചിലർ' ഉത്തരവ് ഇടുന്നതിലോ തെറ്റുണ്ടെന്നല്ല പറയുന്നത്. ഒന്ന് കണ്ടറിയുക, അതാണ് തുടക്കം. നേരത്തെയുള്ള മാറ്റത്തിന്റെ തുടക്കം. 'പഠിക്കാനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി കൂടുതൽ സമയവും പുറത്തിറങ്ങി ജീവിക്കുന്ന ഭൂരിപക്ഷ ആൺകുട്ടികളും യുവാക്കളും ഇതൊന്നും അത്ര ആഴത്തിൽ ചിന്തിക്കാറില്ല എന്നതാണ് വസ്തുത. വീട്ടുകാര്യങ്ങളും ജോലികളും അത്ര നിസ്സാരമല്ലെന്നത് ഒഴിവ് കിട്ടുന്ന ഒരു ദിവസം അവരെ ഒന്ന് നിരീക്ഷിച്ചാൽ ബോധ്യപ്പെടും.
'നമ്മളൊന്ന് മനസ്സ് വെച്ചാൽ അവർക്കും അവരുടെ മനസ്സിനും വീട്ടിൽ കിട്ടുന്ന ആശ്വാസം എത്രയോ വലുതാണ്. രണ്ട് കാര്യങ്ങളിൽ പ്രത്യേകിച്ചും. ഒന്ന് : എന്റെ മക്കൾ ഞങ്ങളെ മനസിലാക്കുന്നു അല്ലെങ്കിൽ സഹായിക്കുന്നു എന്നത്. രണ്ട് : അവന്റെ ഉള്ളിൽ കരുണയും സ്‌നേഹവും വളരുന്നു, അവനത് പ്രകടിപ്പിക്കുന്നു എന്നത്. ഇത് തന്നെയാണ് അവർക്ക് നമ്മൾ വഴി കിട്ടുന്ന ഏറ്റവും വലിയ സന്തോഷവും സമാധാനവും. അത് കഴിഞ്ഞേ ഉള്ളൂ മറ്റെന്തും.
കുഞ്ഞിലേ തുടങ്ങാം. തന്റെ അതേ അവകാശവും സ്വാതന്ത്രവും അഭിപ്രായവും ഒക്കെയുണ്ടെന്ന് മനസ്സിലാക്കി സ്ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ മനസ്സിലെ ആദ്യത്തെ 'ചവിട്ട് പടി' വീട്ടിൽ നിന്നാണ്. ആ ഒരു 'പടി' നമ്മുടെ മനസ്സിലിട്ടാൽ ലോകത്ത് മറ്റൊരു പെണ്ണിന്റെ നേർക്കും നമ്മുടെ നോട്ടവും വാക്കും പ്രവർത്തിയും അതിര് കടക്കില്ല. അതമ്മയായാലും പെങ്ങളായാലും സുഹൃത്തായാലും കാമുകിയായാലും, ഇവിടെ നിന്നാണ് തുടക്കം. ഇത്തരം കാര്യങ്ങളിൽ നിന്ന് തുടങ്ങണം.
തന്റെ സഹജീവികളെ കുറിച്ചുള്ള ബോധം ആർജ്ജിച്ചെടുക്കണം. അപ്പോൾ ജീവിതത്തിലെ മറ്റ് കാര്യങ്ങളിലും കാഴ്ച്ചപ്പാടുകളിലുമെല്ലാം ഒരു മാറ്റം വരും. എതിർലിംഗവുമായി ബന്ധപ്പെട്ട ഏത് ബന്ധങ്ങളിലും ഒരു മാന്യത കൈവരും. ആ മാന്യതയാകണം നമ്മുടെ/പുരുഷന്റെ വ്യക്തിത്വം. ഒരു പക്ഷേ ലോകത്തൊരു സർവ്വകലാശാലയിൽ നിന്നും നേടിയെടുക്കാൻ കഴിയാത്തതിന്റെ തുടക്കം നമ്മുടെയൊക്കെ വീടുകളിൽ നിന്നാവട്ടെ,,, നമുക്ക് മുകളിലല്ല അവർ നമുക്ക് താഴെയുമല്ല - നമുക്കൊപ്പം.
ഇതെഴുതാനുള്ള യോഗ്യത ഉണ്ടോ എന്നായിരിക്കാം ചിലരുടെ ആലോചന. സംശയം വേണ്ട - ഭംഗിയായി അടിച്ചു വാരും, മോപ്പെടുത്ത് നിലം തുടക്കും, രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി പാത്രങ്ങൾ കഴുകും, ഫർണിച്ചറും ഹോം ഡെക്കേഴ്സും ഒക്കെ പൊടി തട്ടി അതാത് സ്ഥലങ്ങളിൽ വെക്കുന്നതും ഞമ്മള് തന്നെ. എന്റേയും ഭാര്യയുടേയും വസ്ത്രങ്ങൾ മെഷീനിലിടുന്നതും അതെടുത്ത് അഴയിലിട്ട് ഉണക്കി തിരിച്ച് ഓരോന്നും മടക്കി കബോർഡിലേക്ക് കയറ്റുന്നതും ഞാനാണ്. ഭക്ഷണം വെക്കാൻ അറിയാത്തത് കൊണ്ട് അക്കാര്യത്തിൽ മാത്രം ഭാര്യയെ ആശ്രയിക്കാറുള്ളൂ... അപ്പോഴും കിച്ചൻ ക്ലീൻ ചെയ്യുന്നത് എന്റെ ഡ്യൂട്ടി ആയിരുന്നു. ശേഷം അഴുകുന്നതും അഴുകാത്തതുമായ വേസ്റ്റ് തരം തിരിച്ച് പുറത്ത് കൊണ്ട് വെക്കുന്നതും ഞാൻ തന്നെ.
കഴിഞ്ഞ വർഷം ഞങ്ങൾ പൂക്കാട്ടുപടി താമസിച്ചിരുന്ന ഫ്ലാറ്റിൽ 136 അപ്പാർട്ട്മെന്റിൽ ഏറ്റവും വൃത്തിയായി സൂക്ഷിച്ചിരുന്ന ഫ്ലാറ്റുകളിൽ ഒന്ന് ഞങ്ങളുടെയായിരുന്നു. അവിടെ വന്നിരുന്ന ഓരോരുത്തരും അഭിനന്ദിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്, ഒരു ഊർജ്ജമുണ്ട്. ഇതിനൊന്നും ഭാര്യയേയോ അമ്മയേയോ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്ന് സ്നേഹപൂർവ്വം ഓർമിപ്പിച്ചതാണ്. വീട്ട് ജോലിക്ക് ഒരാളെ വെക്കാൻ കഴിയാഞ്ഞിട്ടുമല്ല. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നതാണെന്റെ ഇഷ്ട്ടം, മാത്രമല്ല നമ്മൾ ചെറുപ്പവും ആരോഗ്യവുമുണ്ട്. നമ്മൾ ചെയ്തും സഹായിച്ചും ഒരുമിച്ച് ഓരോന്ന് ചെയ്ത് തീർക്കുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റെങ്ങിനെ കിട്ടും. കണ്ടറിഞ്ഞ് മനസ്സറിഞ്ഞ് അൽപ്പ സമയം മാറ്റിവെക്കണം, അത്രയേ വേണ്ടൂ.
പെണ്ണിനെ അടക്കാനും ഒതുക്കാനുമല്ല, വർത്തമാന കാലത്ത് ആണിനെ നിയന്ത്രിക്കാനാണ് പഠിപ്പിക്കേണ്ടത്. വരും തലമുറയിലെങ്കിലും ആണെന്ന 'സത്വം' അവനിലേക്കാവാഹിക്കാതിരിക്കാൻ സമത്വമെന്ന വാക്ക് കുഞ്ഞിലേ പഠിപ്പിക്കാം... 👏