'പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല... ഉള്ളില്‍ ഒരു ആകാശം ഉണ്ടായാലും മതി.'
ഫെയ്‌സ്ബുക്കില്‍ കോറിയിട്ട വരിയും വരയും പോലെ തന്നെയാണ് ദീജയുടെ ജീവിതവും. വീല്‍ ചെയര്‍ ഉരുളുന്ന നാലു ചുമരും പരാധീനതകള്‍ പുകയുന്ന ഒരടുക്കളയും മാത്രമായിരുന്നു അവളുടെ ജീവിതം. ആ ജീവിതത്തിന് പറക്കാന്‍ ചിറകുകള്‍ നല്‍കിയത് വിധിയുടെ പ്രായശ്ചിത്തം. മൂന്ന് വയസുള്ളപ്പോള്‍ കയ്യൊഴിഞ്ഞതാണ് ഡോക്ടര്‍മാര്‍. 'ഈ കുട്ടിക്ക് പോളിയോ ആണ്, ഇനി എന്തു ചെയ്തിട്ടും കാര്യമില്ലെന്ന് അവസാന വാക്ക്.' അന്നു തൊട്ട് വര്‍ക്കല മുത്താനയിലെ വീടിന്റെ ഇരുളടഞ്ഞ ഇടനാഴികള്‍ മാത്രമായിരുന്നു അവള്‍ക്ക് കൂട്ടുകാര്‍. പക്ഷേ ആര്‍ക്കും ബാധ്യതയാകാനില്ലെന്ന് ഉറച്ചിറങ്ങിയ ദീജ എന്ന ദീനക്കാരി, തോല്‍പ്പിച്ച വിധിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. നിശ്ചയദാര്‍ഢ്യം അവള്‍ക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കി. ആ ഉറച്ച തീരുമാനം, അവള്‍ക്ക് പുതിയൊരു പേരു കൂടി നല്‍കി യുവരംഭക! ഇന്ന് കൈപ്പുണ്യം കൊണ്ട് തീന്‍മേശകളില്‍ രുചിയുടെ മേളപ്പെരുക്കം തീര്‍ക്കുന്ന മുപ്പത്തിയെട്ടുകാരിയായ ദീജ, തോല്‍പ്പിച്ച വിധിയോട് പ്രതികാരം ചെയ്യുകയാണ്. അച്ചാര്‍ ഉത്പ്പന്നങ്ങള്‍ വീട്ടിലിരുന്ന് ഉണ്ടാക്കി വിപണി തേടുന്ന ദീജ ചിറകുകളില്ലാതെ പുതിയ ആകാശം തേടുന്നു. എരിവും പുളിയും നിറഞ്ഞ ആ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ വനിത ഓണ്‍ലൈനോട് പറഞ്ഞു തുടങ്ങുമ്പോള്‍ ദീജ സതീശന്റെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു...
സഹതാപക്കണ്ണുകളില്‍ ദീനക്കാരി
ബാധ്യതകള്‍ മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ദീനക്കാരിയായ ഞാന്‍. ജീവിതം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി തന്നെ നില നില്‍ക്കാന്‍ ഈ ചിത്രം തന്നെ ധാരാളമായിരുന്നു. പോളിയോ ദീനക്കാരിക്ക് ഇതില്‍കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടര്‍മാര്‍ അവസാന വാക്ക് പറയുമ്പോള്‍ മിഴിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. സുഖമില്ലാത്ത കുട്ടിയാണ് ഞാന്‍ എന്ന് തിരിച്ചറിയാനുള്ള വിവേകം ഉണ്ടായിട്ടു വേണ്ടേ. വീട്ടിലും വരാന്തയിലും നിരങ്ങി... നീങ്ങി...അതായിരുന്നു എന്റെ പിച്ച വയ്ക്കല്‍- ദീജ പറഞ്ഞു തുടങ്ങുകയാണ്.

എന്നെപ്പോലെ തന്നെയായിരിക്കും മറ്റുള്ളവരും എന്നായിരുന്നു എന്റെ ധാരണ. പുറത്തേക്ക് ഇറങ്ങി തുടങ്ങുമ്പോഴാണ് ഞാന്‍ മറ്റുള്ളവര്‍ക്ക് 'വയ്യാത്ത കൊച്ച്' ആണെന്ന് തിരിച്ചറിയുന്നത് അന്നൊരുപാട് നൊന്തു. 19 വയസു വരേയും ജീവിതം പോലെ ഞെങ്ങി നിരങ്ങി അങ്ങനേ പോയി. സ്‌കൂളില്‍ പോകാനുള്ള ഭാഗ്യമൊന്നും ഉണ്ടായില്ല. ചേച്ചി വീ്ട്ടിലിരുന്ന് പഠിക്കുമ്പോള്‍ കൂടെപ്പോയിരിക്കും. അവിടുന്ന് കിട്ടിയ അറിവു മാത്രമായിരുന്നു സമ്പാദ്യം. അക്ഷരങ്ങള്‍ കൂട്ടുകാരായപ്പോള്‍ വായനശീലം തുടങ്ങി. ലോകം കണ്ടതും...അറിഞ്ഞതും അങ്ങനെയാണ്. അടുക്കള ജോലി ഒഴികെ ഒന്നും ചെയ്യാനില്ലാത്തവള്‍ ഇടയ്ക്ക് കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്തു. അച്ഛന്‍ പാചകക്കാരനാണ് അതു കൊണ്ട് ആ വഴി അല്‍പം കമ്പം കിട്ടിയെന്നു മാത്രം. അല്ലെങ്കിലും ഈ ശരീരവും വച്ച് ഞാന്‍ വേറെ എന്തു ചെയ്യാനാണ്.
നൈമിത്ര...ദീജയുടെ കൈപ്പുണ്യം
19 വയസുവരെ ജീവിതത്തില്‍ വലിയ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. ആകെ കൂട്ടിനെത്തിയത് ബാധ്യതകള്‍ മാത്രം. ചേച്ചി ദീപയെ വിവാഹം കഴിപ്പിച്ചയച്ചു. കുന്നുംപുറത്തിരുന്ന ഒരു വീട് വിറ്റൊഴിവാക്കി ചെറിയൊരു വീട് പണിതു. അപ്പോഴേക്കും പരാധീനതകള്‍ പതിന്മടങ്ങ് ശക്തിയിലെത്തി. ഇനിയും ഇങ്ങനെ പോയാല്‍ തെരുവിലേക്കിറങ്ങും എന്ന ഗതി വന്നപ്പോള്‍ ചങ്ങാതിമാരാണ് ഉപദേശിച്ചത് എന്നാലാകും വിധം എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍. അവര്‍ പൂര്‍ണ പിന്തുണ നല്‍കാമെന്നും പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സാപ്പിലും നിന്നും കിട്ടിയ ആശയം കണ്ട് ജൂവലറി നിര്‍മാണത്തില്‍ ഒരു കൈ നോക്കി. ക്ഷമയോടെ പഠിച്ചെടുത്തു...പക്ഷേ ജീവിതം നിലയ്ക്കു നിര്‍ത്താന്‍ ആ വരുമാനം പോരാതെ വന്നു. അച്ഛന്റെ പാചകവഴിയില്‍ മകള്‍ക്കും ഒരു കൈ നോക്കിക്കൂടെ എന്ന ഉപദേശമാണ് പുതിയ ചിന്തയിലേക്ക് നയിച്ചത്. അടുക്കളയില്‍ ഒതുങ്ങിപ്പോയ ഞാന്‍ അത്യാവശ്യം നന്നായി പാചകം ചെയ്യുമായിരുന്നു. അങ്ങനെയാണ് വീ്ട്ടിലിരുന്ന് അച്ചാര്‍ നിര്‍മാണം എന്ന ആശയത്തിലേക്ക് കടക്കുന്നത്. നൗഷാദ് ഖാന്‍ എന്ന ഇക്കയാണ് എല്ലാ പ്രചോദനവും നല്‍കിയത്. പുള്ളിക്കാരന്റെ മൂലധനവും എന്റെ അധ്വാനവും ചേര്‍ത്തു വച്ച് നൈമിത്ര എന്ന ചെറുകിട സംരംഭം അങ്ങനെ രൂപപ്പെട്ടു. 'കൊച്ചിന്റെ പാചകം മോശമില്ലല്ലോ' എന്ന കമന്റ് കിട്ടിയപ്പോള്‍ അന്നാദ്യമായി മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ദീനക്കാരിയായ എനിക്കും എന്തെങ്കിലും ചെയ്യാം എന്ന് ആത്മവിശ്വാസമായി. ഓര്‍ഡര്‍ അനുസരിച്ച് എല്ലായിടത്തേക്കും അച്ചാറുകള്‍ എത്തിച്ചു തുടങ്ങി. രുചി 'അതിരു കടന്നപ്പോള്‍' നൈമിത്ര അന്യ ജില്ലകളിലേക്കും എത്തി. ഇന്ന് നാരങ്ങാ, മാങ്ങാ, മിക്‌സഡ് വെജിറ്റബിള്‍, മീന്‍, വെളുത്തുള്ളി, പാവയ്ക്ക എന്നു വേണ്ട പലതരം അച്ചാറുകളുടെ നിര തന്നെ നൈമിത്രയുടെ അടുക്കളയില്‍ തയ്യാറാകുന്നുണ്ട്. ഫോണ്‍ വഴി ഓര്‍ഡര്‍ ചെയ്യേണ്ടതാമസം അച്ചാറുകള്‍ വീട്ടിലെത്തും.ഇഴഞ്ഞു നീങ്ങിയ ജീവിതം തട്ടിമുട്ടി അങ്ങനേ ഓടിത്തുടങ്ങുന്നതും അങ്ങനെയാണ്. 2018ല്‍ നിലമേല്‍ വാഴോട് ഒരു കുഞ്ഞുകട ആരംഭിച്ചു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

ബാക്കിയാകുന്ന സ്വപ്നം
ജീവിതചിത്രം ഇങ്ങനെയൊക്കെ ആണെങ്കിലും ബാധ്യതകള്‍ മാത്രം ഒരു വശത്ത് പിടിതരാതെ നില്‍ക്കുന്നു. ലോക് ഡൗണ്‍ കാലമായതോടെ ആകെയുണ്ടായിരുന്ന വരുമാനം നിലച്ചു. ബിസിനസ് തുടങ്ങാന്‍ എടുത്ത ലോണ്‍, വീടിന്റെ ലോണ്‍ എന്നിങ്ങനെ നല്ലൊരു തുക അടയ്ക്കാനാകാതെ പ്രതിസന്ധിയിലാണ്. മാര്‍ച്ചില്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത ലോണ്‍ തുക പാതിവഴിയിലായതോടെ ഇപ്പോള്‍ വീട് ജപ്തി ഭീഷണിയിലാണ്. മറുവശത്ത് അച്ഛന്റെ അസുഖം പ്രതിസന്ധികളെ സങ്കീര്‍ണമാക്കി. ആറു മാസം മുമ്പ് തുടങ്ങിയ നെഞ്ചു വേദനയാണ്. ഇപ്പോഴും അതേനില തുടരുന്നു. സന്തോഷവും സ്വപ്‌നങ്ങളും എല്ലാം അവസാനിക്കുമോ... എന്നൊരു തോന്നലാണിപ്പോള്‍. എല്ലാ വേദനകളേയും മറക്കാന്‍ പഠിച്ചത് ഞങ്ങളുടെ എളിയ ബിസിനസ് സംരംഭം വരുന്നതോടെയാണ്. പക്ഷേ അതും ഇപ്പോള്‍ പാതിവഴിക്കായി... വരുമാനം നിലച്ച് നില്‍ക്കുന്നു. സ്വപ്‌നങ്ങള്‍ ഇത്തിരി ഇത്തിരിയായി ദൈവം സാധിച്ചു തരുമ്പോഴും എന്റെ പരിമിതികളെ പറ്റി എനിക്ക് ബോധ്യമുണ്ട്. എന്റെജീവിതത്തില്‍ ഒരു വിവാഹം ഇല്ല എന്നതാണ് ആദ്യത്തെ തിരിച്ചറിവ്. ആകെയുള്ള സ്വപ്നം, ബാധ്യതകളില്ലാതെ ഒരു വീട് വയ്ക്കണം എന്നതാണ്. പിന്നെ എല്ലാ മലയാളികളുടെ അടുക്കളകളിലും നൈമിത്രയുടെ ഉത്പ്പന്നങ്ങള്‍ എത്തിക്കണം. അതിമോഹമാണെന്ന് പറയല്ലേ... ജീവിതത്തില്‍ ഒന്നും ബാക്കിയാക്കാന്‍ ഇല്ലാത്തവളുടെ നിലനില്‍പ്പിനായുള്ള ബദ്ധപ്പാടാണ്.- ദീജ പറഞ്ഞു നിര്‍ത്തി.