ലോക്ക് ഡൗൻ കാലത്ത് പേരക്കുട്ടികളുടെ കൈയ്യിലുള്ള കളികളുടെ സ്റ്റോക്കെല്ലാം തീർന്നപ്പോഴാണ് അഞ്ചു വർഷത്തിലധികമായി അടച്ചു വച്ച ക്രോഷെ തുന്നലിന്റെ വർണ്ണപ്പെട്ടി അമ്മാമ്മ ‘ടപ്പോ’ ന്ന് തുറന്നത്.
തൂവാല വലുപ്പത്തിൽ ഒരു കഷ്ണം മിനുത്ത വെള്ളതുണി വെട്ടിയെടുത്ത് അതിൻ്റെ അരികുകളിലൂടെ അമ്മാമ്മയുടെ കൈ കരവിരുത് കാട്ടിതുടങ്ങിയപ്പോൾ 85 വർഷം മുമ്പുള്ള ചെറിയ പാവാടക്കാരിയുടെ മനസ്സായി അമ്മമ്മയ്ക്ക്. ഡെയ്സി ആന്റോ എന്നാണ് തൃശൂർ ചേർപ്പ് സ്വദേശിനിയും 86 വയസ്സുകാരിയുമായി അമ്മമ്മയുടെ പേര്. ഭർത്താവ് കുന്നത്ത് ആൻ്റോയുടെ, അഞ്ച് വർഷം മുമ്പുള്ള വിയോഗത്തോടെ ആണ് അതുവരെ ഓടിച്ചാടി നടന്നിരുന്ന അമ്മാമ്മ അല്പം ഒതുങ്ങിക്കൂടലിലേക്ക് മാറിയതും കുട്ടിക്കാലം മുതലെയുള്ള സന്തോഷമായ ക്രോഷെ തുന്നൽ നിർത്തിയതും. പക്ഷെ പേരകുട്ടികൾക്ക് ആവശ്യം എന്നു തോന്നിയപ്പോൾ വീണ്ടും കളത്തിൽ ഇറങ്ങി.
പ്രായം ഇത്ര ആയെങ്കിലും കാഴ്ചയ്ക്ക് ഒരു തരക്കേടും ഇല്ലെന്ന് വെള്ളതുണിയുടെ അരികുകളിൽ ക്രോഷെ ചെയ്തു അമ്മാമ്മ തെളിയിച്ചു. പൂവും പൂമ്പാറ്റകളും തുന്നി കുട്ടികളെ അത്ഭുതപ്പെടുത്തി.
അതോടെ അമ്മമ്മയുടെ ക്രോഷെ ക്ലാസ്സിൽ മുതിർന്നവരും പഠിതാക്കൽ ആയി.
ഏഴു മക്കൾ ആണ് അമ്മമ്മയ്ക്ക്.
‘‘ഇതു പഠിക്കാൻ ഇൻറ്ററസ്റ്റ് വേണം.. പിന്നെ നല്ല ക്ഷമയും’’. അമ്മാമ്മ പറയുന്നു. പഴയ പോലെയല്ല ഇപ്പോ. ഡിസൈനൊക്കൊ യു ട്യൂബിൽ നിന്ന് കിട്ടും. എന്നു ചൊല്ലി അമ്മാമ്മയും ന്യൂജനറേഷൻ ആകുന്നു.