ചെറിയ പ്രായം മുതൽ പണം സമ്പാദിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പണം സമ്പാദിക്കുക എന്നാൽ ആവശ്യങ്ങൾ മാറ്റിവയ്ക്കുകയല്ല, വരുമാനത്തിന് അനുസരിച്ച് ചെലവഴിക്കുകയും ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി വരുമാനത്തിൽ നിന്ന് നിശ്ചിത ശതമാനം നീക്കി വയ്ക്കുകയുമാണ് വേണ്ടതെന്ന് കുട്ടികൾ തിരിച്ചറിയണം. ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ തിരിച്ചറിയാനും അവരെ പഠിപ്പിക്കുക.
ജന്മദിനം, വിശേഷ ദിവസങ്ങൾ തുടങ്ങിയ അവസരങ്ങളിൽ കുട്ടികൾക്ക് പ്രിയപ്പെട്ടവർ നൽകുന്ന പോക്കറ്റ് മണി കൂട്ടി വയ്ക്കാൻ ഒരു പിഗ്ഗി ബാങ്ക് അഥവാ പണക്കുടുക്ക വാങ്ങി നൽകാം. ഇഷ്ടപ്പെട്ട കളിപ്പാട്ടം, വസ്ത്രം ഇവ വാങ്ങാൻ ഈ തുക പ്രയോജനപ്പെടുത്താം എന്ന് കുട്ടികളെ പഠിപ്പിക്കണം.
വീട്ടുജോലികൾ ചെയ്യുന്ന മക്കൾക്ക് പോക്കറ്റ് മണി നൽകാറുണ്ട് ചില മാതാപിതാക്കൾ . ഇത് ശരിയായ പ്രവണതയല്ല എന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടുജോലികൾ എല്ലാ കുടുംബാംഗങ്ങളുടെയും ഉത്തരവാദിത്തമാണ്. വീട്ടുജോലികൾ തങ്ങളുടെ കൂടി കടമയാണെന്ന് കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്. വീട്ടുജോലികൾക്ക് പ്രതിഫലമായി പണം നൽകുന്നത് കുട്ടികളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനിടയുണ്ട്.
കുറച്ചുകൂടി മുതിർന്ന കുട്ടികൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സഹായിക്കാം. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന്റെ പ്രയോജനങ്ങൾ ലളിതമായി വിവരിക്കണം. ഭാവിയിലെ ഉപരിപഠനം ലക്ഷ്യമിട്ട് വേണ്ടി ദീർഘകാല നിക്ഷേപമായി കുട്ടിയുടെ പേരിൽ എസ് ഐ പി തുടങ്ങാം. കുട്ടിയ്ക്ക് ലഭിക്കുന്ന പോക്കറ്റ് മണിയുടെ നിശ്ചിത ഭാഗം ഈ എസ് ഐ പി യിൽ നിക്ഷേപിക്കാം. ഭാവിയെക്കുറിച്ച് ലക്ഷ്യബോധമുണ്ടാകുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിന് സസാദിക്കേണ്ട ആവശ്യകത മനസ്സിലാകുന്നതിനും ഇത്തരം നിക്ഷേപങ്ങൾ പ്രയോജനപ്പെടും.
ഷോപ്പിങ്ങിന് പോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. നിശ്ചിത ബജറ്റിനുള്ളിൽ സാധനങ്ങൾ വാങ്ങുന്നതും വില താരതമ്യം ചെയ്തു പണം ലാഭിക്കുന്നതും അവർ കണ്ടു പഠിക്കട്ടെ. ഇങ്ങനെ ലാഭിക്കുന്ന തുക പിഗ്ഗി ബാങ്കിൽ നിക്ഷേപിക്കാം.
പണം സമ്പാദിക്കുന്നതിലും ചെലവഴിക്കുന്നതിലും മാതൃകയാകേണ്ടത് മാതാപിതാക്കളാണ്. കുടുംബ ബജറ്റ് തയാറാക്കുമ്പോൾ കുട്ടികളെയും ഒപ്പമിരുത്താം. കുടുംബ ബജറ്റ് തയാറാക്കുന്നത് കണ്ട് വളരുന്ന കുട്ടിയ്ക്ക് പണം ചെലവഴിക്കേണ്ടതിന് പരിധി നിശ്ചയിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയാനാകും.