Tuesday 15 September 2020 12:57 PM IST

‘വേദനയോടെ പ്രസവിക്കണം എന്നാണ് ഞാനാഗ്രഹിച്ചത്, അതിന് കാരണവുമുണ്ട്’; മൽഹാറിന്റെ അമ്മയായ നിമിഷം; ദിവ്യ എസ് അയ്യർ പറയുന്നു

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

sabari-divya ചിത്രങ്ങൾ ; ശ്യാം ബാബു

അമ്മമാരുടെ കണ്ണുകളിൽ മാത്രം കാണുന്ന സ്നേഹത്തിന്റെ ഒരു പൊൻതിളക്കമുണ്ട്. അമ്മയുടെ ഹൃദയത്തിന്റെ ഉൾത്തട്ടിൽ മാത്രമൊഴുകുന്ന വാൽസല്യത്തിന്റെ ഒരു കടലുമുണ്ട്. ഉടലെന്ന ചിപ്പിയിൽ മുത്ത് വിടരും പോലെ സ്വത്വത്തിന്റെ പാതിയായി ഒരു തളിരിതൾ പ്രാണൻ കൈകളിലെത്തുമ്പോൾ ഈ സ്നേഹവാൽസല്യങ്ങൾ പുതിയൊരു ലോകം തീർക്കും. അതാണ് മാതൃത്വം.

തിരുവനന്തപുരത്ത് പാൽക്കുളങ്ങരയിലെ ശ്രീചക്ര എന്ന വീട്ടിലും ഇതേ സ്നേഹത്തിളക്കമുള്ള കണ്ണുകൾ കണ്ടു.വാക്കുകളിൽ തിരയിളകുന്ന നറുംവാൽസല്യം.മാതൃത്വമെന്ന ആനന്ദത്തിലേക്ക് ഡോ. ദിവ്യ എസ്. അയ്യർ െഎഎഎസ് എത്തിയിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുഞ്ഞു മൽഹാറിനെ കാത്തിരുന്ന കാലവും

കുഞ്ഞിക്കൊഞ്ചലും കളിചിരികളും നിറഞ്ഞ, അമ്മയായ ശേഷമുള്ള പുതുജീവിതവും പങ്കുവയ്ക്കുകയാണ്

ഡോക്ടർ കൂടിയായ ഈ യുവ െഎഎഎസ് ഒാഫിസർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരള സംസ്ഥാന മിഷൻ ഡയറക്ടറാണ് ഇപ്പോൾ ഡോ. ദിവ്യ എസ്. അയ്യർ. അരുവിക്കര എംഎൽ എ കെ. എസ്. ശബരീനാഥന്റെ ഭാര്യയും കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ജി.കാർത്തികേയന്റെ മരുമകളുമാണ് ദിവ്യ.

അമ്മയാകാൻ എങ്ങനെയാണ് ഒരുങ്ങിയത്?

അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞ നിമിഷം എല്ലാവരെയും പോലെ വലിയ ആവേശവും സന്തോഷവുമായിരുന്നു മനസ്സിൽ. ആരോഗ്യകാര്യത്തിലും പോഷക ആഹാരകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അയൺ, ഫോളിക് ആസിഡ് ഗുളികകൾ കൃത്യമായി കഴിച്ചു. ഡോ ക്ടറായതു കൊണ്ടുതന്നെ പ്രഗ്‌നന്റ് ആണെന്നറിഞ്ഞപ്പോൾ ഒബ്സ്‌റ്റെട്രിക്സ് പുസ്തകമാണ് വായിച്ചുതുടങ്ങിയത്. ഒട്ടേറെ സ്ത്രീകളുടെ ഗർഭകാല, പ്രസവസംരക്ഷണത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി എന്ന നിലയിൽ അതേക്കുറിച്ചു നേരത്തെ അറിഞ്ഞ കാര്യങ്ങൾ പ്രയോജനകരമായി. കൃത്യനിഷ്ഠ അൽപം കൂടി വർധിച്ചതാണു ഗർഭകാലത്തെ ശ്രദ്ധേയമായ മാറ്റം. പൊതുജനസേവനമേഖലയിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ സ്വന്തം കാര്യങ്ങൾ അധികം ശ്രദ്ധിക്കുന്ന ശീലമില്ലായിരുന്നു. ഗർഭകാലത്ത് എന്റെ ആരോഗ്യം കുഞ്ഞിന്റെ കൂടി ആരോഗ്യമാണെന്ന ബോധ്യം വന്നതു കൊണ്ടു വെള്ളം കുടിക്കുന്നതിലും പാലു കുടിക്കുന്നതിലും ആഹാരം കഴിക്കുന്നതിലും വളരെ കൃത്യനിഷ്ഠ പുലർത്തി.

ഗർഭകാലത്തെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്?

ശരീരവുമായി ഒരു സ്ത്രീയുടെ ബന്ധം ഏറ്റവും വർധിക്കുന്ന കാലമാണു ഗർഭകാലം. ശരീരത്തിലെ ഒാേരാ ചെറിയ മാറ്റങ്ങളും, ചർമത്തിലും മുടിയിലും ദാഹത്തിലും വിശപ്പിലുമൊക്കെ വരുന്ന മാറ്റങ്ങൾ നമ്മളറിയുന്നുണ്ട്. ഭാരം വർധിക്കും, ചില ഭക്ഷണസാധനങ്ങളോട് വ്യാക്കൂൺ ഉണ്ടാകാറുണ്ട്. ചില ആഹാരങ്ങളോട് എനിക്കും വ്യാക്കൂൺ തോന്നിയിരുന്നു.

ഈ ചെറിയ മാറ്റങ്ങൾ നാം ശ്രദ്ധിച്ചു തുടങ്ങുമ്പോൾ ശരീരത്തോടുള്ള നമ്മുടെ ബന്ധം വർധിക്കുകയാണ്. മറ്റാരുടെ അനുഭവങ്ങൾ നാം വായിച്ചും കേട്ടും ഹൃദിസ്ഥമാക്കിയാലും നമ്മുടെ ശരീരത്തിന്റെ ശബ്ദം വളരെ ശ്രദ്ധാപൂർവം കേൾക്കുക, അതനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. എന്താണ് കൃത്യമായി ആവശ്യം എന്നു ശരീരം നമ്മോടു പറയുന്ന കാലം കൂടിയാണിത്.

ഗർഭകാലത്തെ ആഹാരശീലങ്ങൾ?

തിരഞ്ഞെടുത്ത ആഹാരങ്ങൾ കൃത്യനിഷ്ഠയോടെ കൃത്യമായ അളവിലും തോതിലും കഴിച്ചിരുന്നു. പൊതുവെ ഇഷ്ടമുള്ള ആഹാരങ്ങൾ പാലും െെതരും നട്സും പഴങ്ങളും ഒക്കെയാണ്. പാലും െെതരും എന്നത്തെയും പോലെ ഉൾപ്പെടുത്തി. നട്സ് ധാരാളം കഴിച്ചു. ഒട്ടേറെ പഴവർഗങ്ങൾ പഴമായും ജ്യൂസായും കഴിച്ചു. ഒാറഞ്ചും ആപ്പിളും മാതളവും പച്ചക്കറികളും ധാരാളം കഴിച്ചു.

ഗർഭ–പ്രസവാനന്തര കാലത്ത് മാനസിക സമ്മർദങ്ങളുണ്ടായിരുന്നോ?

മാനസിക െെവകാരിക മാറ്റങ്ങൾ ധാരാളമായുണ്ടാകുന്ന കാലമാണ് ഗർഭകാലവും പ്രസവാനന്തരകാലവും. പലർക്കും ആത്‌മവിശ്വാസം പൊതുവെ കുറയുന്ന കാലം കൂടിയാണ് ഗർഭകാലം. ശരീരത്തിലെ മാറ്റങ്ങൾ നിയന്ത്രിക്കാവുന്നവയല്ല. െെവകാരികമാറ്റങ്ങൾ പ്രവചിക്കാനുമാകില്ല. അതു മനസ്സിലാക്കുന്ന ജീവിതപങ്കാളിയും കുടുംബവുമാണെങ്കിൽ നാം അതിനെ തരണം ചെയ്യാനുള്ള കരുത്തു നേടിക്കഴിഞ്ഞു. ഗർഭകാലത്ത് എത്ര പാട്ടുകേട്ടാലും യോഗ ചെയ്താലും ലഭിക്കാവുന്നതിനെക്കാൾ മെച്ചപ്പെട്ട ഗുണഫലങ്ങൾ പങ്കാളിയുടെ സ്നേഹാർദ്രമായ കരുതലിൽ നിന്നാണു ലഭിക്കുക എന്നതാണ് എന്റെ അനുഭവം. ആ കാര്യത്തിൽ ഞാൻ സൗഭാഗ്യവതിയാണ്. ഗർഭ– പ്രസവാനന്തരകാലത്തു െെജവികമായി, ഹോർമോൺ വ്യതിയാനം മൂലം സമ്മർദങ്ങളുണ്ടാകാം. പോസ്‌റ്റ് പാർട്ടം ബ്ലൂസ് എന്നൊരു വെൽ ഡിഫൈൻഡ് എന്റിറ്റി തന്നെയുണ്ട് ആ സമയത്തു പെട്ടെന്നു ദേഷ്യം വരുക, കരയാൻ തോന്നുക, മാനസിക പിരിമുറുക്കം ക്രമാതീതമാകുക എന്നിവയുണ്ടാകാം. ചില സ്ത്രീകളിൽ വിഷാദ രോഗത്തിൽ തന്നെ കലാശിക്കാറുണ്ട്. പ്രസവാനന്തരം ആദ്യ രണ്ടുമൂന്നു മാസങ്ങളിൽ െെവ കാരിക പിരിമുറുക്കങ്ങളുണ്ടായിരുന്നു. എന്നാൽ ശബരിയുടെയും അമ്മയുടെയും എന്റെ കുടുംബത്തിന്റെയും സ്നേഹപൂർവമായ പിന്തുണ ഉണ്ടായിരുന്നു. എന്റെ ചേച്ചിയുടെ സാമീപ്യം വളരെ ആശ്വാസമേകി.

മാനസിക പിരിമുറുക്കം അകറ്റാനും ഗർഭകാലം ലാഘവത്വമുള്ളതാക്കാനും സംഗീതം ഏറെ പ്രിയപ്പെട്ട കൂട്ടായിരുന്നു. പാശ്ചാത്യസംഗീതം, വെസ്റ്റേൺ ക്ലാസിക്ക ൽ, ഹിന്ദുസ്ഥാനി, കർണാടകസംഗീതം, സിനിമാഗാനങ്ങൾ, കഥകളിപദങ്ങൾ എല്ലാം കേട്ടിരുന്നു... കഴിയുന്നത്ര എപ്പോഴും പാടിക്കൊണ്ടിരുന്നു. അല്ലെങ്കിൽ മുറിയിൽ പാട്ട് കേട്ടിരുന്നു. അത് ഒരു പുത്തനുണർവ് നൽകി. പ്രാർഥനയും വലിയ ശക്തിയായി അനുഭവപ്പെട്ടു. ഗർഭകാലത്ത് ഒരു സന്ധ്യാനേരവും പ്രാർഥിക്കാതെ കടന്നുപോയിട്ടില്ല.

ഗർഭകാലവിഷമതകൾക്ക് പരിഹാരം കണ്ടെത്തിയത് എങ്ങനെയാണ്?

കൃത്യനിഷ്ഠയോടെ ഉറങ്ങണമെന്നാഗ്രഹിച്ചിരുന്നെങ്കിലും പലപ്പോഴും സാധിച്ചിരുന്നില്ല. െെമഗ്രെയ്ൻ പോലുള്ള ചില പ്രശ്നങ്ങൾ ഗർഭകാലത്തെ ചില സമയത്ത് ശരീര ഘടനയുടെ ഭാഗമായി തന്നെ വർധിക്കാം. ആ സമയത്ത് ഉറക്കം അപര്യാപ്തമായാൽ തലവേദന വരാം. ശാരീരികാസ്വാസ്ഥ്യങ്ങൾ മരുന്നുകൾ കഴിച്ച് തരണം ചെയ്യാനാകില്ല താനും. അത്തരം ബുദ്ധിമുട്ടുകൾ എനിക്കുമുണ്ടായിരുന്നു. ഗർഭകാലത്താണ് മരുന്നുകളില്ലാതെ വേദന തരണം ചെയ്യുന്ന വഴികൾ കൂടുതലായി പഠിച്ചത്. ഫിസിയോതെറപ്പി, ഹീറ്റ് പായ്‌ക്, െഎസ് പായ്ക് എന്നീ രീതികൾ കൃത്യമായി എങ്ങനെ ഉപയോഗിച്ചാൽ വേദന കുറയ്ക്കാനാകുമെന്നു മനസ്സിലാക്കി വേദന മാനേജ് ചെയ്തു.

divya-1

വേദനിച്ചു തന്നെ പ്രസവിക്കണം എന്നുണ്ടോ?

ഒാേരാരുത്തരുടെയും ശരീരവും െെജവഘടനയും ഒാരോന്നാണ്. പ്രസവരീതിയെക്കുറിച്ചുള്ള ഏത് ആശയം മുൻപോട്ടുവച്ചാലും ഒടുവിൽ ശരീരമാണ് വിജയിക്കുക. വേദനിച്ചു പ്രസവിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും വേദനിക്കാതെ പ്രസവിക്കാം. വേദനയില്ലാതെ പ്രസവിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരിൽ എത്ര മരുന്നു നൽകിയാലും വേദനയകറ്റാനാകാത്ത സ്ഥിതിയും വരാം. നമ്മുടെ ശരീരം എങ്ങോട്ടാണോ ഒഴുകുന്നത്, അതിനനുയോ ജ്യമായ മനസ്സോടെ പോയാൽ വേദന മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാം. വേദനയോടെ പ്രസവിക്കണം എന്നാണു ഞാനാഗ്രഹിച്ചത്. അങ്ങനെയായിരുന്നു പ്രസവവും.

അമ്മയായപ്പോൾ ജീവിതം മാറിപ്പോയോ ?

ജീവിതത്തിൽ ഇത്രയധികം മാറാനാകും എന്നു മനസ്സിലാക്കിയ കാലമാണ് മാതൃത്വം. ജീവിതത്തിൽ ഏറ്റവും പരിവർത്തനം സംഭവിച്ചത് കുഞ്ഞിനെ കയ്യിലെടുത്ത നിമിഷമാണ്. സെൽഫ് അഥവാ അഹം ഇല്ലാതായ നിമിഷം. മാതൃത്വം എന്റെ അനുഭവത്തിൽ സെൽഫ്‌ലെസ്നെസ് എന്ന അവസ്ഥയാണ്. നിസ്വാർഥതയുടെ പുതിയ നിർവചനം ആണ് മാതൃത്വം എനിക്കു നൽകിയത്.

സർക്കാർ ഉദ്യോഗസ്ഥർക്ക് ആ റു മാസം മെറ്റേണിറ്റി ലീവ് വലിയൊരു അനുഗ്രഹമാണ്. പ്രസവത്തിന് അഡ്മിറ്റാകുന്നതുവരെയുള്ള കാലം ജോലിയിൽ തുടർന്നു. അതുകൊണ്ട് ആദ്യ ആറുമാസങ്ങൾ പൂർണമായി കുഞ്ഞിനൊപ്പം ചെലവഴിച്ചു. ജോലിയിലേക്കു തിരികെ വന്ന തുടക്കത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ജോലിക്കുപോകുന്നതും ഞാനെന്ന വ്യക്തിയായി നിലകൊള്ളുന്നതും കുഞ്ഞിന്റെ സന്തോഷത്തിനാണ്, അവന്റെ ഭാവിക്കുവേണ്ടിയാണ് എന്ന ചിന്ത മുൻപോട്ടു പോകാനുള്ള ഊർജം നൽകി.

മുലയൂട്ടുന്ന കാര്യത്തിൽ ഒരു തടസ്സവും വരുത്തിയില്ല. ഫീഡ് ചെയ്യാനുള്ള സമയമാകുമ്പോൾ എത്ര തിരക്കിലാണെങ്കിലും വളരെ പൊളൈറ്റ് ആയി ഒാഫിസിൽ നിന്ന് അനുവാദം വാങ്ങി വന്നു മുലയൂട്ടാറുണ്ട്. ആറു മാസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കുറുക്കു കഴിച്ചുതുടങ്ങും. എങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തിൽ മുലയൂട്ടലിനു വളരെ പ്രാധാന്യമുണ്ട്.

തിരക്കിൽ കുഞ്ഞിനായി സമയം ചെലവഴിക്കാനാകുന്നുണ്ടോ?

അമ്മയ്ക്കു നേരെ ചാടിവരാനൊരുങ്ങുന്ന ആ കുഞ്ഞു മുഖമാണ് തിരികെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ മനസ്സിൽ തെളിയുന്നത്. ഒാഫിസിലെ ജോലികൾ പൂർത്തിയാക്കിയശേഷമേ വീട്ടിലെത്തൂ. പിന്നീട് മുഴുവൻ സമയവും കുഞ്ഞിനൊപ്പമാണ്. മറ്റൊന്നും ചിന്തിക്കാറില്ല, ചെയ്യാറുമില്ല. വളരെ അത്യാവശ്യമായി ഒരു ജോലി വന്നാൽ മാത്രമേ മാറി ചിന്തിക്കൂ. കഴിയുന്നതും അവനെ വിട്ടുമാറാതിരിക്കുന്നതാണ് ഇപ്പോഴത്തെ ഒരു ഫോർമുല.

കുഞ്ഞുങ്ങൾക്ക് മനസ്സിലും ബുദ്ധിയിലും വാക്കുകളെക്കുറിച്ചുധാരണ ഉണ്ടാകാൻ, ഭാഷയുടെ ലോകത്തേക്കു കടന്നുവരാൻ ആശയ വിനിമയം സഹായിക്കും. എത്ര കൂടുതൽ കുഞ്ഞുമായി സംവദിക്കുന്നുവോ ബന്ധം സുദൃഢമാകും. നന്നായി പ്രതികരിക്കാനും കുഞ്ഞിനു കഴിയും. കഥ പറഞ്ഞും പാട്ടുപാടിയും പുസ്തകങ്ങൾ വായിച്ചും കൊടുക്കാറുണ്ട്. െഎ തിങ്ക് ഹീ ഈസ് ഒാൾസോ ഹാപ്പി വിത് ദാറ്റ്.

ജോലിക്കു പോകുന്ന പുതിയ അമ്മമാരോട് പറയാനുള്ളത് ?

കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവച്ച് ഒാഫിസിൽ പോകുന്ന രീതി നല്ലതല്ല. കുഞ്ഞുങ്ങളുടെ മുൻപിൽ തന്നെ ഒാഫിസിൽ പോകുക, കൃത്യസമയത്തു വരുക. കുറച്ചു ദിവസങ്ങളോ, ആഴ്ചകളോ കുഞ്ഞ് കരയാം. അതിനുശേഷം ഇന്ന സമയത്ത് അമ്മ പോയാൽ ഇന്ന സമയത്തു തിരികെവരും എന്നൊരു ഏകദേശരൂപം അവരുടെ മനസ്സിൽ തെളിയും. ഇപ്പോൾ ഞാൻ പോകുമ്പോൾ അവൻ ടാറ്റാ തരും.

ആറുമാസം മുതൽ അങ്ങനെ ശീലിപ്പിച്ചാൽ അച്ഛനും അമ്മയ്ക്കും കുഞ്ഞിനും അത് ആരോഗ്യകരമായിരിക്കും. വീട്ടിൽ കുഞ്ഞിന്റെ ആഹാരകാര്യത്തിലുൾപ്പടെ നല്ലൊരു സപ്പോർട്ട് സിസ്‌റ്റം ഉറപ്പുവരുത്തണം. ആ കാര്യത്തിൽ ഞങ്ങൾ ഭാഗ്യം ചെയ്തിരിക്കുന്നു. രണ്ട് അമ്മൂമ്മമാരും ഒരപ്പൂപ്പനും ഒരാന്റിയും അവനെ പരിപാലിക്കാനുണ്ട്. ഒാഫിസിൽ പോകുന്നല്ലോ എന്നോർത്ത് ഒരമ്മയും മനസ്സിൽ കുറ്റബോധം പേറാൻ പാടില്ല. നമുക്ക് മാനസ്സികമായും െെവകാരികമായും ആത്മവിശ്വാസം രൂപപ്പെടുന്നതു കുഞ്ഞിന്റെ നന്മയ്ക്കു കൂടിയാണ്. നല്ലൊരമ്മയായിരിക്കുക എന്നാൽ ജോലിക്കുപോകാതിരിക്കുക എന്ന സമവാക്യം ഇന്നത്തെക്കാലത്ത് വാലിഡ് അല്ല.

‘‘രാവിലെ ആറുമണിക്ക് ഉണരുമ്പോൾ മുതൽ എട്ടു മണിവരെ അ വൻ ശബരിക്കൊപ്പമായിരിക്കും.

െെവകുന്നേരം നേരത്തെ വീട്ടിലെത്തുന്നത് ഞാനാണ്. അത് എനിക്കുള്ള സമയമാണ്. അവൻ വളരുന്നതിനൊപ്പം ഞാനും ശബരിയും വളർന്നുകൊണ്ടിരിക്കുകയാണ്. പ രസ്പര പൂരകങ്ങളായി മൂന്നുപേർക്കും വളരാം എന്ന ധാരണയിലാണിപ്പോൾ. അവനു ലോകത്തെ നേരിടാനുള്ള ശക്തിയും ഊർജവും നൽകണം എന്നേ ആഗ്രഹമുള്ളൂ...

സംസാരിച്ചു തീരവേ ഉറക്കമുണർന്ന് മൽഹാർ വന്നു. മെല്ലെ മെല്ലെ അമ്മയുടെ സ്നേഹലാളനങ്ങളിലേക്ക്. കുഞ്ഞിനിഷ്ടമുള്ള പാട്ടേതെന്നു ചോദിച്ചപ്പോൾ അവനെ മടിയിൽ വച്ച് മധുരശബ്ദത്തിൽ ‘കണ്ണനെ കണി കാണാൻ’... എന്ന പാട്ടു പാടി ദിവ്യ എസ്. അയ്യർ. അമ്മയുടെ പാട്ടിന്റെ താളത്തിൽ കള്ളക്കണ്ണനെപ്പോലെ അവൻ കളിയാടി നിന്നു...

Tags:
  • Parenting Tips