Friday 21 September 2018 03:45 PM IST

ഹണിമൂൺ കാലത്ത് പങ്കാളിയോട് പഴയജീവിതത്തെക്കുറിച്ച് തുറന്നു പറയണോ?

V N Rakhi

Sub Editor

honey_moon2

വിവാഹത്തിനു മുമ്പുള്ള ജീവിതത്തെക്കുറിച്ച് കുമ്പസാരിക്കാനുള്ള വേദിയല്ല ആദ്യരാത്രി. കഴിഞ്ഞകാര്യങ്ങളെക്കുറിച്ച് ചോദിക്കില്ല എന്നു രണ്ടുപേരും തീരുമാനമെടുത്ത് മണിയറയിലേക്കു കടന്നാൽ മതി. പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്നതൊന്നും ദാമ്പത്യത്തിന്റെ തുടക്കകാലത്ത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക. ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ അതാണു നല്ലത്. സൗഹൃദവും സ്നേഹവും ആകർഷണവും നിറഞ്ഞു നിൽക്കുന്ന മധുവിധുകാലത്തിന്റെ സന്തോഷം ഇത്തരം കാര്യങ്ങൾ പറഞ്ഞ് നശിപ്പിക്കരുത്.
അച്ഛനമ്മമാരെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അനാവശ്യമായ വിവരണങ്ങളും പുകഴ്ത്തലുകളും സഹിക്കാൻ പങ്കാളിക്കു കഴിയണമെന്നില്ല. വീരകഥകൾ പറഞ്ഞ് സ്വയം ആളാകാനുള്ള ശ്രമവും നല്ലതല്ല. ‘എന്റെ സങ്കൽപത്തിലുള്ള ആൾ ഇങ്ങനെയല്ലായിരുന്നു, എന്നാലും അഡ്ജസ്റ്റ് ചെയ്യാം.’ എന്ന രീതിയിലുള്ള സംസാരവും വേണ്ട.

സെക്സിനെക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാൻ മാർഗമുണ്ടോ?

സാമൂഹ്യമായ വിലക്കുകളിലൂടെ വളരുന്നതുകൊണ്ടുള്ള  സ ങ്കുചിത മനസ്സാണ് ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ പലർക്കും തടസ്സം. വീട്ടുകാരെക്കുറിച്ചും ജോലിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവർ ലൈംഗികതയുടെ കാര്യത്തിൽ അത്ര തന്നെ ‘ഓപ്പൺ’ ആകാറില്ല. ലൈറ്റ് ഓഫ് ചെയ്തും മുഖത്തു നോക്കാതെയും വഴിപാടുപോലെയാകും കാര്യങ്ങൾ. സ്ത്രീ പുരുഷ ബന്ധത്തിന്റെ ഏറ്റവും ഉദാത്ത ഭാവമാണ് ലൈംഗികത എന്ന് ആദ്യം മനസ്സിലാക്കുക.  

ലൈംഗികസുഖത്തിന് തടസ്സം നിൽക്കുന്നത് ഭയം, ഉൽകണ്ഠ, അറിവില്ലായ്മ എന്നീ മൂന്നു കാരണങ്ങളാണ്. രണ്ടുപേർക്കും ലൈംഗികശേഷിയെക്കുറിച്ചുള്ള സംശയങ്ങളും ആകാംക്ഷയും ഉണ്ടാകും. വളർന്ന സാഹചര്യവും അപകർഷതാബോധവും തെറ്റായ ധാരണകളുമെല്ലാം ചേർന്നാണ് സംശയങ്ങൾ ജനിപ്പിക്കുന്നത്. ഊഹങ്ങൾ വച്ചുള്ള ഇത്തരം ആശങ്കകൾ വേണ്ട. ഏതു കാര്യവും പഠിച്ചാലേ അറിവുണ്ടാകൂ. അതുപോലെ ലൈംഗികബന്ധവും പൂർണതയിലെത്താൻ പരിശീലനം വേണം. മധുവിധുകാലം അത്തരം പരിശീലനകാലമായി കരുതിക്കോളൂ. ഒരു ദിവസം കൊണ്ട് ശരിയാകുന്നില്ല എന്നു കരുതി നിരാശരാകേണ്ടതില്ല. ഒരാഴ്ചയോ മാസമോ എടുത്താലേ ചിലപ്പോൾ സംതൃപ്തമായ ബന്ധത്തിൽ എത്തിച്ചേരാനാകൂ.

ലൈംഗികകാര്യങ്ങളിൽ ശരീര ഭാഷയേക്കാൾ ഫലപ്രദമായത് സംസാരഭാഷയാണ്. ലൈംഗിക ഇഷ്ടങ്ങൾ പരസ്പരം തുറന്നു ചോദിച്ചു മനസ്സിലാക്കുക. എപ്പോഴൊക്കെ ബന്ധപ്പെടണം, ഏതുതരം വസ്ത്രമാണ് താൽപര്യം, ഏത് പൊസിഷനാണ് ഇഷ്ടം എന്നിങ്ങനെ എല്ലാക്കാര്യങ്ങളും ചർച്ച ചെയ്ത് ഏകാഭിപ്രായത്തിലെത്തിക്കോളൂ. സെക്സിലും രണ്ടുപേരുടെയും താൽപര്യങ്ങൾക്ക് തുല്യപ്രാധാന്യം കൊടുക്കണം. ഓരോ തവണയും ഇഷ്ടങ്ങൾ മാറി പരീക്ഷിച്ചോളൂ. ഇന്ന് ഭർത്താവിന്റേതെങ്കിൽ നാളെ ഭാര്യയുടെ. ലൈംഗികബന്ധത്തിൽ ഭാര്യ മുൻകൈയെടുക്കുന്നത് മോശമാണെന്ന ധാരണയുണ്ട്. ശരീരത്തിന്റെ താൽപര്യങ്ങൾ പുരുഷനും സ്ത്രീയും പരസ്പരം പ്രോത്സാഹിപ്പിക്കണം.


ചിത്രങ്ങൾക്ക് കടപ്പാട്: സോൾ ബ്രദേഴ്സ്, നിയാസ് മരിക്കാർ
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീകലാദേവി. എസ്. കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻ‍ഡ് ഗൈനക്കോളജി, ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.


ആദ്യരാത്രി എങ്ങനെ പ്ലാൻ ചെയ്യാം? ബെഡ്റൂം ഒരുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്? അറിയാം