Saturday 01 August 2020 03:29 PM IST

‘പരിശോധനാ സമയം കുറയ്ക്കാനായതോടെ ആയിരങ്ങളെ രക്ഷിച്ചു’; വൈറസിനെതിരെ പട നയിച്ചു ശ്രദ്ധേയയായി ഡോ. പ്രിയ ഏബ്രഹാം

Vijeesh Gopinath

Senior Sub Editor

priya-abraham55676

നിശബ്ദനായെത്തുന്ന മരണത്തിന്റെ മറ്റൊരു പേരായി കോവിഡ് മാറിയ കാലം. ആരുമറിയാതെ വന്ന് ലോകത്തെ മരവിപ്പിച്ചു കളഞ്ഞ കൊറോണ വൈറസ് ഭയത്തിന്റെ തുരുത്തുകളായി ഒരോ വീടിനെയും മാറ്റിക്കളഞ്ഞു. രോഗത്തെ തുരത്താൻ മറ്റെല്ലാം മറന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ നിരവധി മേഖലയിലുള്ളവർ രംഗത്തെത്തി.

പ്രധാന കടമ്പ വൈറസിനെ തിരിച്ചറിയുകയായിരുന്നു. വൈറസ് ബാധയേറ്റവരെ കണ്ടെത്താനുള്ള പരിശോധനകൾ രാപകലില്ലാതെ നടത്തി. ജനിതകമാറ്റം വരുന്ന വൈറസിന്റെ സ്വഭാവം കണ്ടെത്താനുള്ള പഠനങ്ങളും തിരക്കിട്ട് നടന്നുകൊണ്ടിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനെല്ലാം നേതൃത്വം നൽകിയത് ഒരു മലയാളി വനിതയാണ്– കോട്ടയം സ്വദേശിനി ഡോ. പ്രിയ ഏബ്രഹാം.

വൈറസ് പരിശോധനയ്ക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെ ഏറ്റവും മുന്തിയ ലാബ് ആയ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ഇപ്പോൾ പ്രിയ ഏബ്രഹാം. സികയും നിപ്പയും കഴിഞ്ഞ് കൊറോണയ്ക്കെതിരേ പട നയിക്കുകയാണ് പ്രിയ ഏബ്രഹാമും സംഘവും.

പഠനകാലം

പഠനകാലം മുതൽക്കേ വൈറസുകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ലോകത്തായിരുന്നു പ്രിയ ഏബ്രഹാം. എംബിബിഎസിനു ശേഷം മെഡിക്കൽ മൈക്രോ ബയോളജിയിൽ എംഡി നേടി. പിഎച്ച്ഡി വെല്ലൂർ മെഡിക്കൽ കോളജിൽ നിന്ന്.

സിഎംഎസ് വെല്ലൂരിലെ ക്ലിനിക്കൽ വൈറോളജി വിഭാഗം മേധാവിയായി ജോലി നോക്കിയിട്ടുണ്ട്. ‌വൈദ്യശാസ്ത്ര പഠനരംഗത്തും ഡോ. പ്രിയ  കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. മെഡിക്കൽ കൗൺസി ൽ ഒാഫ് ഇന്ത്യയുടെ ക്ഷണമനുസരിച്ച് വൈറോളജിയിൽ ഡോക്ടർ ഒാഫ് മെഡിസിന്റെ (ഡിഎം) സിലബസ് തയാറാക്കാനുള്ള അവസരവും തേടി എത്തി. മ്യാൻമറില്‍ ലോകാരോഗ്യ സംഘടനയുടെ കൺസൽറ്റന്റായി സേവനം അനുഷ്ഠിച്ചു.

കോവിഡിന്റെ ആദ്യ കാലം

ആദ്യ കാലത്ത് വൈറസുകൾ കണ്ടെത്താനുള്ള ഏക കേന്ദ്രം പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊറോണ  വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടേതായി ആയിരക്കണക്കിനു സാംപിളുകളാണ് ഒാരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. രോഗത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ഡോ. പ്രിയയും സംഘവും രാപ്പകലില്ലാതെ പൊരുതി. കുടുംബകാര്യങ്ങൾ പോലും തിരക്കാതെ, പ     രിശോധനയിലെ സൂക്ഷ്മതയും മികവും ഉറപ്പു വ രുത്തുന്നതിനായി മുഴുവൻ സമയവും മാറ്റിവച്ചു.

വൈറസ് തിരിച്ചറിഞ്ഞ ശേഷമുള്ള ഘട്ടം അതിനു മരുന്നുകളോടുള്ള പ്രതിപ്രവർത്തനം മനസ്സിലാക്കാനുള്ള ഗവേഷണമാണ്. പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ നിർണായകമാണിത്.

വെല്ലുർ സിഎംസിയിലെ ക്ലിനിക്കൽ വൈറോളജി വകുപ്പു മേധാവി ആയിരിക്കെ ജനുവരിയിലാണ് ഡോ. പ്രിയ ഏബ്രഹാം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതയായത്.

Tags:
  • Spotlight
  • Inspirational Story