കുട്ടിക്കാലത്തേ ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു മാളവികയ്ക്ക്.ഒൻപതിൽ പഠിക്കുമ്പോഴാണ് ഡൂഡിൽ ആർട്ടിനെക്കുറിച്ചും മണ്ഡല ഡ്രോയിങ്ങിനെക്കുറിച്ചും അറിയുന്നത്. ബെർത്ഡേ ഗിഫ്റ്റായി അമ്മ നൽകിയ സ്കെച്ച് ബുക്കിൽ സമയം കിട്ടുമ്പോഴൊക്കെ വെറുതെ വരച്ചു തുടങ്ങി. ഡ്രോയിങ്ങിനെക്കുറിച്ച് ഇന്റർനെറ്റിലും പുസ്തകങ്ങളിലും നിന്ന് കൂടുതൽ കൂടുതൽ പഠിച്ചെടുത്തു. പ്രത്യേക ക്ലാസിനൊന്നും പോകാതെ പുതിയ ഡിസൈനുകൾ കണ്ടെത്തി തനിയെ വരച്ചു പഠിച്ചു.
കുടുംബസുഹൃത്തുക്കൾക്കും ഗൃഹപ്രവേശങ്ങൾക്കും സമ്മാനമായി നൽകിയ ഡ്രോയിങ്ങുകൾ അവരുടെ ചുമരിനെ അലങ്കരിച്ചു കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി. വലിയൊരു കാൻവാസിൽ മണ്ഡല രൂപത്തിലുള്ള ഗണപതി മുഖം വരച്ച് ഫ്രെയിം ചെയ്തത് ആയിരുന്നു സമ്മാനമായി പിന്നെ നൽകിയത്. ആ സമയത്താണ് കൊറോണയുടെ വരവ്. ബുക്കിൽ വരയ്ക്കുന്നതു കണ്ടപ്പോൾ അച്ഛൻ ചോദിച്ചു മാസ്കിൽ ഒന്നു ട്രൈ ചെയ്തു നോക്കിക്കൂടെ എന്ന്. അതും സമ്മാനമായി കുടുംബസുഹൃത്തുക്കൾക്ക് നൽകി. സംഗതി വമ്പൻ ഹിറ്റ്. പുറമേ നിന്നുള്ള ഓർഡറുകളും കിട്ടിത്തുടങ്ങിയതോടെ മാളവികയുടെ ഒഴിവുസമയം മുഴുവൻ മാസ്കിലെ മണ്ഡലയ്ക്കായി മാറ്റി വയ്ക്കുകയാണിപ്പോൾ. നൂറ്റി ഇരുപതിലേറെ മണ്ഡല പെയിന്റഡ് മാസ്കുകള്‍ ഇതിനകം കൊടുത്തു കഴിഞ്ഞു.

‘‘ക്വാളിറ്റിയുള്ള കോട്ടൺ തുണിയെടുത്ത് കൊടുത്താൽ, പരിചയത്തിലുള്ള മഞ്ജുച്ചേച്ചി മാസ്ക് തുന്നിത്തരും. മണ്ഡല പെയിന്റിങ്ങിനായുള്ള പ്രത്യേകതരം പെൻ ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ഒരു പെൻ ആറോ ഏഴോ മാസ്കിനേ തികയൂ.ഡിസൈൻ അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. സിംപിൾ ഡിസൈൻ ആണെങ്കിൽ 10Ð15 മിനിറ്റ് കൊണ്ട് വരച്ചു തീരും. കോംപ്ലിക്കേറ്റഡ് ഡിസൈൻസിന് കൂടുതൽ സമയം വേണ്ടി വരും. ഒരു ഭാഗത്ത് മാത്രമായോ രണ്ടു ഭാഗത്തും ഡിസൈൻ ഉള്ളതോ ആയി മാസ്ക് ആവശ്യപ്പെടുന്നവരുണ്ട്. കല്യാണം പോലുള്ള ചടങ്ങുകൾക്കായി അൽപം ഹെവി ലുക്കിലുള്ള സ്പെഷ്യൽ മാസ്കുകളും ചെയ്തു കൊടുക്കുന്നുണ്ട്.

പഠനത്തിനിടയിലെ ഹോബി, പാഷൻ, സ്ട്രെസ് റിലീവർ അങ്ങനെയെല്ലാമാണ് ഇപ്പോൾ മാസ്കിലെ മണ്ഡല പെയിന്റിങ്. തരക്കേടില്ലാത്ത പോക്കറ്റ് മണിയും കിട്ടി. ഒട്ടും ക്ഷമയില്ലാതിരുന്ന എന്നെ ക്ഷമ പഠിപ്പിച്ചു എന്നതാണ് ഡ്രോയിങ് കൊണ്ടു കിട്ടിയ ഏറ്റവും വലിയ ഗുണം. ഇനി വോൾ ആർട്ടിലും, കുർത്തി, ഷർട്ട് എന്നിവയിലും ഡ്രോയിങ് പരീക്ഷിച്ച് ബിസിനസ് കുറച്ചൊന്നു വിപുലമാക്കണം. ’’ മാളവികയുടെ ഭാവി പ്ലാൻ അങ്ങനെയൊക്കെയാണ്.

തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ പ്ലസ് വൺ വിദ്യാർഥിനിയായ മാളവിക, റോയൽ കരീബിയൻ ക്രൂസ് റെസ്റ്ററന്റ് ഓപറേഷൻ കോ ഓഡിനേറ്റർ രാജേഷ് നായരുടെയും ഫിസിയോ തെറപിസ്റ്റ് ബിന്ദുവിന്റെയും മകളാണ്. ആറാം ക്ലാസുകാരി നിവേദിത സഹോദരിയാണ്.