‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറി എന്ന് പറഞ്ഞമാതിരായാണ് നൈറ്റി ഇട്ടയാളെ ഇന്നാട്ടുകാർ വേലക്കാരിയാക്കുന്നത്. ശ്ശെടാ...ഒരു നൈറ്റി ഇട്ട് ഒരു പാട്ട് പാടിയെന്ന് കരുതി എന്നെ ഇങ്ങനെ വേലക്കാരിയാക്കുമെന്ന് ആരു കണ്ടു. എന്റെ പൊന്നു മക്കളേ എനിക്ക് വീട്ടു ജോലിയൊന്നുമല്ല പണി. ഞാനൊരു പാവം വീട്ടമ്മ. അതാണ് എന്റെ മേൽവിലാസം.’– താടിക്കു കൈയ്യും കൊടുത്ത് എൽസമ്മ പറഞ്ഞു തുടങ്ങുകയാണ്. കണ്ടതും കേട്ടതും തൊണ്ട തൊടാതെ വിഴുങ്ങുന്ന സോഷ്യൽ മീഡിയ പിള്ളേരുടെ പ്രവൃത്തി കണ്ട് അന്തം വിട്ടിരിക്കുകയാണ് കക്ഷി.

എൽസമ്മ എന്ന് പറഞ്ഞാൽ സോഷ്യൽ മീഡിയക്ക് മനസിലായെന്ന് വരില്ല. ‘വിവാഹ വേദിയില്‍ കിടിലൻ പാട്ടുപാടിയ വേലക്കാരി ചേച്ചി എന്നു പറഞ്ഞാലേ ആളെ പിടികിട്ടൂ’. കൊഞ്ചിക്കരയല്ലേ...മിഴികൾ നനയല്ലേ...എന്ന നമ്മുടെ കഥാനായികയുടെ ശബ്ദം ലൈക്കിലേറിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ. കഥയവിടെ തീർന്നില്ല, എൽസമ്മയുടെ പാട്ടിന് പൊടിപ്പും തൊങ്ങലും ചാർത്തി അവർക്ക് വേലക്കാരിയായി ‘സ്ഥാനക്കയറ്റം’ നൽകിയ സോഷ്യൽ മീഡിയക്ക് ഇനിയും ആളേയും ആളിന്റെ പശ്ചാത്തലവും അവിടെ എന്താണ് സംഭവിച്ചതെന്നും മനസിലായിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോഴും തകർത്തോടുമ്പോൾ സാക്ഷാൽ പാട്ടുകാരി തന്നെ രംഗത്തെത്തുകയാണ്. നൈറ്റിയിട്ട് പാടിയ ആ വൈറൽ പാട്ടും അതിനു പിന്നിലെ കഥയും എൽസമ്മ തന്നെ പറയുകയാണ്, ‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

‘എന്നെ വീട്ടുവേലക്കാരിയാക്കിയെങ്കിലെന്താ എന്റെ പാട്ട് കുറച്ചു പേരെങ്കിലും കേട്ടല്ലോ...നമ്മളൊക്കെ ഇങ്ങനെയൊക്കെയാണെങ്കിലും ഫെയ്മസ് ആയില്ലേ. വളരെ സന്തോഷം.’– നിഷ്ക്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് എൽസമ്മ പറഞ്ഞു തുടങ്ങുകയാണ്.

‘ഇവരീ പറയുന്ന മാതിരി അതൊരു കല്യാണ വീടൊന്നും അല്ല. പാലു കാച്ചൽ ചടങ്ങിലാണ് ഞാൻ അന്നാ പാട്ടു പാടിയത്. എന്റെ ഭർത്താവ് ബിജുവിന്റെ പെങ്ങളുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. അടുക്കളയിൽ പിടിപ്പതു പണിയിലായിരുന്നു ഞാനുൾപ്പെടെയുള്ള സ്ത്രീജനങ്ങൾ. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വന്നു പോയതിനു ശേഷം ഞങ്ങൾ കുടുംബക്കാരെല്ലാം അവിടെ ഒത്തു കൂടി. അതിനിടയിലാണ് എന്റെ പാട്ട് പരീക്ഷണം. ബന്ധുക്കളാരോ അത് മൊബൈലിൽ പിടിച്ചതാണ്. അതിങ്ങനെ ഏടാകൂടം ആകുമെന്ന് ആരറിഞ്ഞു. അധ്യാപകനും ഞങ്ങളുടെ ബന്ധുവുമായ അനീഷ് എന്ന ആൾക്കൊപ്പമാണ് ഞാൻ പാടിയത്.

ഞാൻ പറഞ്ഞല്ലോ, ജോലി ചെയ്തതിനിടയ്ക്കായിരുന്നു വന്ന് പാടിയത്. അതിനിടയിൽ‌ സമയം കിട്ടിയില്ല, അല്ലെങ്കിൽ ഒന്ന് അണിഞ്ഞൊരുങ്ങി വന്ന് പാടാമായിരുന്നു.’– എൽസമ്മയുടെ മുഖത്ത് കള്ളച്ചിരി.

എനിക്കീ സോഷ്യൽ മീഡിയയും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും ഒന്നും വലിയ വശമില്ല. ഒന്നു മാത്രം മനസിലായി കുറച്ചു പേർ വിചാരിച്ചാൽ നമ്മുടെ അഡ്രസ് തന്നെ മാറ്റാനാകും എന്ന്. എന്നെ വേലക്കാരിയാക്കിയതിലൊന്നും എനിക്ക് ഒരു പരിഭവവുമില്ല. സംഭവം ഞാൻ ഫെയ്മസ് ആയല്ലോ...എന്റെ പാട്ട് എല്ലാരും കേട്ടല്ലോ, സന്തോഷം.

പിന്നെ ചേട്ടനും മക്കളുമൊക്കെ ഞാൻ ഫെയ്മസ് ആയതില്‍ ഡബിൾ ഹാപ്പിയിലാണ്. പെയിന്റിംഗാണ് അദ്ദേഹത്തിന് ജോലി. രണ്ട് മക്കളാണ് ഞങ്ങൾക്ക് അലീന, അലൻ.– എൽസമ്മ പറഞ്ഞു നിർത്തി.