Friday 03 April 2020 04:45 PM IST

അവന്‍ കുഞ്ഞല്ലേ, ഇനിയും വേദന താങ്ങാൻ അവന് കഴിയുമോ? കൊറോണയ്ക്കറിയാമോ ഇങ്ങനെയും ചില വേദനകൾ ഉണ്ടെന്ന്

Binsha Muhammed

Endosulfan

കൊറോണക്കാലത്ത് കൊട്ടിയടയ്ക്കപ്പെട്ട അതിര്‍ത്തികള്‍ കണ്ട് പകച്ചു നില്‍ക്കുന്ന കുറേ ജന്മങ്ങള്‍. ഉയിരും വാരിപ്പിടിച്ച് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന അവര്‍ക്കു മുന്നില്‍ ഇപ്പോഴുള്ളത് മണ്ണിട്ടു മൂടിയ സഞ്ചാര പാതകള്‍ മാത്രം. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡിന്റെ അവസ്ഥ വിവരിക്കാന്‍ ഈ വാക്കുകള്‍ തന്നെ ധാരാളം. കാന്‍സര്‍ രോഗികള്‍, ഡയാലിസിസും കാത്ത് കിടക്കുന്ന ദേഹങ്ങള്‍, വയറെരിഞ്ഞ് അന്നത്തിനായി കാത്തിരിക്കുന്ന മനുഷ്യര്‍. കൊറോണക്കാലം ഭീകരമെന്ന് തോന്നിപ്പിക്കുന്നത് ഇങ്ങനെ കുറേ കാഴ്ചകളാണ്. പക്ഷേ അനുഭവിക്കുന്ന വേദന എന്തെന്ന് പറയാന്‍ പോലുമാകാതെ ജീവച്ഛവം പോലെ കനിവും കാത്തു കിടക്കുന്ന മനുഷ്യരുടെ കുറച്ചു കാഴ്ചകള്‍ കൂടി ബാക്കിയുണ്ട്. അവര്‍ക്ക് ലോകം നല്‍കിയിരിക്കുന്ന മേല്‍വിലാസം രണ്ട് വാക്കില്‍ ചുരുങ്ങും. 'എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍'. കൊറോണക്കാലത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം തേടി ‘വനിത ഓണ്‍ലൈന്‍’ എത്തുമ്പോള്‍ കണ്ണിലുടക്കിയത്് കണ്ണീരിന്റെ നടുക്കയത്തില്‍ കനിവു തേടി ഉഴലുന്ന കുറേ കുഞ്ഞുങ്ങളെയാണ്. എന്‍ഡോസള്‍ഫാനുള്ള മരുന്ന് മുടങ്ങിയതോടെ അപസ്മാരവും മരണതുല്യമായ വേദനയും പിടിമുറുക്കിയ മിഥുനെന്ന പൊന്നുമോന്റെ കഥയും കൊറോണക്കാലത്തെ ചങ്കുപിടയുന്ന കാഴ്ചയാകുന്നു. ഒരു സാന്ത്വനത്തിനും ശമിപ്പിക്കാനാകാത്ത ആ വേദനയുടെ കഥ വായനക്കാരോട് പങ്കുവയ്ക്കുന്നത് മിഥുന്റെ അമ്മയും അമ്പലത്തറ സ്വദേശിയുമായ സുമതിയാണ്.

കാണാന്‍ വയ്യ ഈ വേദന

രണ്ട് ദിവസത്തെ മരുന്ന് മാത്രമാണ് ഇനി ബാക്കിയുള്ളത്. കൊടുക്കുന്ന മരുന്നിന്റെ അളവ് അണുവിട മുടങ്ങിയാല്‍ എന്റെ പൊന്നിന്റെ മരണ തുല്യമായ വേദന അമ്മയായ ഞാന്‍ തന്നെ കണ്ടു നില്‍ക്കേണ്ടി വരും. ഇനി എത്ര നിമിഷം അവനിങ്ങനെ പിടിച്ച് നില്‍ക്കുമെന്ന് അറിയില്ല. 9 വയസ് പ്രായത്തിനിടയ്ക്ക് ഒരായുഷ്‌ക്കാലത്തേക്കുള്ള വേദന എന്റെ കുഞ്ഞ് അനുഭവിച്ചു. ഇനിയും ഈ വേദന താങ്ങാന്‍ അവന് കഴിയുമോ എന്നറിയില്ല. അവന്‍ കുഞ്ഞല്ലേ...-സുമതി കണ്ണീര്‍ തുടച്ച് പറഞ്ഞു തുടങ്ങുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ ഒടുങ്ങുന്നില്ല എന്റെ കുഞ്ഞിന്റെ വേദന. സെറിബ്രല്‍ പാള്‍സി, ഹൈപ്പര്‍ അമോണിയ തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. 9 വയസ് പ്രായമുണ്ടെങ്കിലും വെറും എട്ടു കിലോ തൂക്കം മാത്രമേയുള്ളൂ. ശരീരഭാഗങ്ങളെല്ലാം നിശ്ചലം. അരയ്്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നു കിടപ്പാണ്. ബുദ്ധിക്കും വളര്‍ച്ചയില്ല. അനുഭവിക്കുന്ന വേദന എന്തെന്ന് പറയാനുള്ള വിവേകം പോലും അവനില്ല. പക്ഷേ ആ വേദന അമ്മയായ എനിക്ക് കാണാം. എല്ലാവരും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന സമയംകൂടിയാണിത്. പക്ഷേ ഞങ്ങള്‍ അതിനെല്ലാം പുറമേയാണ് ഈ വേദന അനുഭവിക്്കുന്നത്. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. മിഥുന് മറ്റൊരു ഇരട്ട സഹോദരന്‍കൂടിയുണ്ട്്, നിഥുന്‍.

കണ്ണുതുറക്കൂ അധികാരികളേ

മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് മിഥുന് മരുന്ന് എത്തിക്കുന്നത്. മൂന്നു മാസം കൂടുമ്പോഴോ 6 മാസം കൂടുമ്പോഴോ ആണ് മരുന്ന് എത്തിക്കുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങോട്ടേക്ക് അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മരിക്കാന്‍ കിടക്കുന്ന രോഗിക്കു പോലും അവര്‍ വാതിലുകള്‍ തുറന്നു കൊടുക്കുന്നില്ല. ഹൈപ്പര്‍ അമോണിയക്കും എന്‍ഡോ സള്‍ഫാന്‍ ചികിത്സാര്‍ത്ഥവും 30മില്ലി മരുന്നാണ് കൊടുക്കേണ്ടത്. അതിനു പകരം 15 മില്ലിയായി ചുരുക്കി കൊടുത്ത് കുറച്ചു മണിക്കൂറുകള്‍ കൂടി പിടിച്ചു നിന്നു. കണക്കനുസരിച്ച് തുള്ളി പോലും മരുന്ന് ബാക്കിയില്ല. ഇനിയും മരുന്ന് മുടങ്ങിയാല്‍ എന്റെ കുഞ്ഞ് അപസ്മാരത്താല്‍ പിടയുന്നത് കാണേണ്ടി വരും. മരുന്ന് മുടങ്ങി രക്തത്തില്‍ അമോണിയയുടെ അളവ് കൂടിയാല്‍ കാര്യങ്ങള്‍ ഇനിയും വഷളാകും. കൊറോണക്കാലത്തെ എല്ലാവരുടെ വേദനയും ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ അതിനിടയ്ക്ക് എന്റെ മകനെ പോലുള്ളവര്‍ അനുഭവിക്കുന്ന വേദന കാണാതെ പോകരുത്. അധികാരികള്‍ കണ്ണു തുറക്കണം. മരുന്ന് എത്തിക്കാനുള്ള സംവിധാനങ്ങള്‍ചെയ്യണം.- സുമതി പറഞ്ഞു നിര്‍ത്തി.

കാസര്‍ഗോഡ് മാത്രം ആയിരത്തിലധികം രോഗികളാണ് എന്‍ഡോസള്‍ഫാന്‍ ചികിത്സയ്ക്കായി കര്‍ണാടകയിലെ ആശുപത്രികളെ ആശ്രിയിക്കുന്നത്. മംഗളുരു, മണിപ്പാല്‍, പരിയാരം, യെനപ്പോയ ആശുപത്രികളെ ആശ്രയിക്കുന്നവരാണ് അധികവും. ചികിത്സ മുടങ്ങാതെയുള്ള മരുന്നും ആവശ്യമുള്ളവരാണ് അധികവും. രോഗികള്‍ക്ക് ആവശ്യമായ ഹോര്‍മോണ്‍ സംബന്ധമായ മരുന്നുകള്‍ അധികവും വരുന്നത് കര്‍ണാടകയില്‍ നിന്നാണ്.