Monday 11 November 2019 11:15 AM IST

‘മോനേ.. നീയൊരു കല്യാണം കഴിക്ക് എല്ലാം മാറും’- അമ്മ കരഞ്ഞുപറഞ്ഞു; ഒന്നും മാറില്ലെന്ന് എനിക്കറിയാമായിരുന്നു’

Rakhy Raz

Sub Editor

_C2R8994 ഫോട്ടോ: ശ്യാം ബാബു

അതിശയമായിരുന്നു ചിലർക്ക്,  ചിലർക്ക് കൗതുകം, ചിലർക്ക് പരിഹാസം... ആണും ആണും തമ്മിൽ പ്രണയത്തിലാകുകയോ! വിവാഹം കഴിക്കുകയോ! കേരളത്തിലെ ആദ്യത്തെ സ്വവർഗ വിവാഹിതർ ആണ് ഞങ്ങൾ എന്നു പ്രഖ്യാപിച്ച നികേഷും സോനുവും ഏതു പക്ഷക്കാരോടും ഒന്നേ പറഞ്ഞുള്ളു... ‘ഇങ്ങനെയും ഉണ്ട് അനുരാഗം... മനസ്സിലാക്കുക. ജീവിക്കാൻ അനുവദിക്കുക.’ പക്ഷേ, എന്തിനെയും ഏതിനെയും  വാക്കുകളുടെ വാൾമുന കൊണ്ട് നേരിടുന്ന മലയാളികൾ വെറുതേയിരുന്നില്ല. ‘എന്നിട്ട് വിശേഷം വല്ലതുമായോ?’

‘ഇതൊരു വൈകല്യമാണ്, ചികിത്സിക്കൂ...’

മോശം വാക്കുകൾ പറയുന്നതിന് മുൻപ് എൽജിബിടി കമ്യൂണിറ്റിയെക്കുറിച്ച് മനസിലാക്കൂ എന്ന് പ്രതികരിച്ചവരും ഉണ്ട് അക്കൂട്ടത്തിൽ എന്നതാണ് ഈ ദമ്പതികളുടെ ആശ്വാസം.

 ‘‘കുറച്ചു പേരെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുന്നുണ്ടല്ലോ. ആരെയും ഉപദ്രവിക്കുകയോ ആരോടും മോശമായി പെരുമാറുകയോ ഞങ്ങൾ ചെയ്യുന്നില്ല. ജീവിതത്തിൽ ഒറ്റയ്ക്കായി പോകാതിരിക്കാൻ ചേരാൻ കഴിയുന്ന പങ്കാളിയെ കണ്ടെത്തി എന്നേയുള്ളു. ’’ നികേഷ് പുഞ്ചിരിയോടെ പറയുന്നു.

‘‘ഞങ്ങൾ രണ്ടു പേർക്കും ജോലിയും വരുമാനവും ഉണ്ട്. ഞങ്ങളുടെ ഉള്ളിലുമുണ്ട് വാൽസല്യവും സ്നേഹവും. അത് ആരും ഇല്ലാത്ത ഒരു കുഞ്ഞിന് നൽകണം. അതിനായി ഒരു കുഞ്ഞിനെ ദത്തെടുക്കണം. അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുഞ്ഞ് ആരും ഇല്ലാതെ അനാഥാലയത്തിൽ വളരുന്നതിലും നല്ലതല്ലേ രണ്ട് അച്ഛന്മാരെ ലഭിക്കുന്നത്. ’’ സോനു ചോദിക്കുന്നു.

‘‘ഞങ്ങൾ വളർത്തി എന്നതു കൊണ്ട് ഒരു കുട്ടിയുടെ ലൈംഗിക ആഭിമുഖ്യം മാറില്ല. കാരണം അത് ജന്മനാ ഒരാൾക്ക് ലഭിക്കുന്നതാണ്. വിവാഹം കുട്ടികൾ കുടുംബം, കൂട്ട് തുടങ്ങിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഒക്കെ ഞങ്ങൾക്കും ഉണ്ട്. ഭൂരിപക്ഷ ലൈംഗികാഭിമുഖ്യമുള്ളവരുടെ കൂട്ടത്തിൽ അല്ലാതെയായി പോയി ഞങ്ങൾ. എന്നാലും അവരനുഭവിക്കുന്ന അവകാശങ്ങൾ ഞങ്ങൾക്കും  ലഭിക്കേണ്ടതാണ്.  കോടതി അത് അംഗീകരിച്ചു കഴിഞ്ഞു’’

അസമിൽ റസ്റ്ററന്റ് ബിസിനസിനൊപ്പം ഷെയർ ട്രേഡിങ് കൂടി ചെയ്യുന്നു നികേഷ്. സോനു ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.  2018 ജൂലൈ അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തു നിന്ന് മോതിരം മാറി, വരണമാല്യമണിഞ്ഞ് വിവാഹിതരായി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് സുപ്രധാന കോടതി വിധി വരുന്നത്.

‘‘നിയമാനുസൃതമായി തന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹവും അത് ഞങ്ങളുടെ അവകാശവുമാണെന്ന തോന്നലും ഉണ്ടാകുന്നത് പിന്നീടാണ്. ഇതിന് ഇറങ്ങിത്തിരിച്ചാൽ എതിർപ്പുകൾ നേരിടും എന്നറിയാമായിരുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ളവർക്ക് നാളെ സ്വസ്ഥമായും സമാധാനമായും ജീവിക്കാൻ അവസരമൊരുക്കണം എന്നു തോന്നി..’’ എന്ന് നികേഷും സോനുവും.

നഷ്ട പ്രണയം

മറ്റേതൊരു മനുഷ്യരെയും പോലെ തന്നെയുള്ള വികാരങ്ങളാണ് ന്യൂനപക്ഷ ലൈംഗികതയുള്ളവർക്കും ഉള്ളത്. ലൈംഗികാഭിമുഖ്യം ഭൂരിപക്ഷ ലൈംഗികതയിൽ നിന്നു വ്യത്യസ്തമാണെങ്കിലും. പ്രണയവും പ്രണയ പരാജയവും ഇവർക്കുണ്ടെന്ന് നികേഷിന്റെ കഥ പറഞ്ഞു തരും.

‘‘കൗമാര കാലഘട്ടത്തിലാണ് ഞങ്ങളെപ്പോലെയുള്ളവർ സ്വയം തിരിച്ചറിയുന്നത്. ‘ഞാനെന്താണ് ഇങ്ങനെ ?’ എന്ന് ആദ്യമൊക്കെ അതിശയപ്പെട്ടു. പിന്നെ പൊരുത്തപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പ്രണയത്തിലാകുന്നത്. ഒരു പെൺകുട്ടിയെ പ്രണയിച്ചെങ്കിലും മതം വ്യത്യസ്തമായതിനാൽ വിവാഹം കഴിക്കാൻ കഴിയാത്ത ബൈ സെക്‌ഷ്വൽ ആയ ഒരു ചെറുപ്പക്കാരനുമായി. ’’

 ‘‘രാവിലെ ഞാൻ കോളജിൽ പോകാൻ ഇറങ്ങുമ്പോൾ അവൻ സൈക്കിൾ ചവിട്ടി വന്ന് വഴിയിൽ കാത്തുനിൽക്കും. ഒരു കത്തുമായി. അതും വാങ്ങി ബസിൽ കോളേജിലേക്ക് പോകുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടും. കോളജിലെത്തിയാൽ ഞാൻ ടോയ്‌ലറ്റിലേക്ക് ഓടും. രഹസ്യമായി അവന്റെ കത്ത് വായിക്കാൻ. പിറ്റേന്ന് മറുപടിയെഴുതി കയ്യിൽ കരുതും.

രാത്രി ഒൻപത് മണിക്ക് അവൻ എന്റെ വീട്ടിനരികിലെത്തി സൈക്കിളിന്റെ ബെല്ലടിക്കും. ഞാൻ ഉടൻ മുകളിലെ എന്റെ റൂമിലെത്തി ലൈറ്റ് മൂന്നു വട്ടം ഓൺ ഓഫ് ആക്കും. അത് ഞങ്ങളുടെ പ്രണയ സന്ദേശമായിരുന്നു. ഡിഗ്രി കാലഘട്ടമായപ്പോഴേക്കും പരസ്പരം വീടുകൾ സന്ദർശിച്ചു തുടങ്ങി. മനസ് പങ്കു വച്ച ഞങ്ങൾ ശരീരവും പങ്കുവച്ചു തുടങ്ങി. ആണായതിനാൽ ഞങ്ങളുടെ അടുപ്പം വീട്ടുകാർ സംശയിച്ചില്ല.

എംബിഎ പാസായി നല്ലൊരു ജോലി സമ്പാദിച്ച് അവനോടൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, നല്ല പേടിയുണ്ടായിരുന്നു. സ്വവർഗരതി അന്ന് ക്രിമിനൽ കുറ്റമാണ്. മതം മാറിയും ജാതി മാറിയും പ്രണയിക്കുന്ന ഒരു  പുരുഷനും സ്തീയും അനുഭവിക്കുന്നതിന്റെ ഇരട്ടിയായിരുന്നു അക്കാലത്ത് ഞങ്ങൾ അനുഭവിച്ച ടെൻഷൻ. പഠനം പൂർത്തിയായ ഞാൻ ദുബായിൽ ജോലി സമ്പാദിച്ചു. ജോലി തരമാക്കി അവനെയും കൊണ്ടുപോയി. അവിടെ ഒന്നിച്ചു ജീവിച്ചു.

അച്ഛൻ മരിച്ചപ്പോൾ വീട്ടിലെത്തിയ സമയത്താണ് വിവാഹം കഴിക്കാൻ അമ്മയും ചേച്ചിമാരും എന്നെ നിർബന്ധിച്ചു തുടങ്ങിയത്. ചേച്ചിമാരുടെ വിവാഹം അപ്പോഴേക്ക് കഴിഞ്ഞിരുന്നു. എനിക്ക് വേറെ നിവർത്തിയില്ലാതായതോടെ സത്യങ്ങൾ തുറന്നു പറഞ്ഞു. വീട്ടുകാർക്ക് അതൊരു ഷോക്ക് ആയിരുന്നു.

അതോടെ ‘നീ വീട്ടുകാർ പറയുന്നതു പോലെ വിവാഹം കഴിക്കൂ’ എന്ന്  അവനും പറയാൻ തുടങ്ങി. എനിക്കത് സാധിക്കില്ല എന്നത് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു പെൺകുട്ടിയെ ചതിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ഇക്കാരണത്താൽ പതിനാല് വർഷത്തെ ഞങ്ങളുെട പ്രണയം തകർന്നടിഞ്ഞു. അവൻ നാട്ടിൽ തിരിച്ചെത്തി വീട്ടുകാർ നിശ്ചയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു.’’ ഇത് പറയുമ്പോൾ നികേഷിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

_C2R8962

അമ്മയെന്ന ആശ്വാസം

‘‘വിവരം അറിഞ്ഞതോടെ എല്ലാവരും ഇത് പ്രകൃതിവിരുദ്ധമാണെന്നും കുറ്റമാണെന്നും പറഞ്ഞു. അമ്മ സദാ കരച്ചിലായി. വീട്ടിൽ നിൽക്കാൻ വയ്യാതെ ഞാൻ എന്റെ നാടായ ഗുരുവായൂരിൽ നിന്നു എറണാകുളത്തേക്കു വന്നു. ഇടയ്ക്ക് വീട്ടിലെത്തുമ്പോൾ എൽജിബിടിയെ കുറിച്ചുള്ള പത്രവാർത്തകളും ഇന്റർനെറ്റ് വിവരങ്ങളും ഞാനമ്മയ്ക്ക് കാണിച്ചു കൊടുത്തു. സാവധാനം അമ്മ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. ’’

സോനുവിന്റെ വീട്ടിലും അപ്പോഴേക്ക് ഉരുൾ പൊട്ടിയിരുന്നു. ‘‘ഗേ ആണെന്നത് ഒരു കുറ്റബോധമായാണ് ചെറുപ്രായത്തിൽ മുതൽ ഞങ്ങളെപ്പോലുള്ളവരുടെ മനസിലുണ്ടാകുക. സ്കൂൾ കാലം മുഴുവനും അത് പേറിയാണു നടന്നത്. എന്റെ വീട്ടിൽ ഞാനായിരുന്നു മൂത്തത്. നല്ല ജോലി ലഭിച്ചതോടെ എന്റെ കല്യാണം നടത്താനായി അച്ഛനും അമ്മയും തയാറെടുത്തിരിക്കുകയായിരുന്നു. 29 വയസ്സു വരെ ഞാൻ രക്ഷപ്പെട്ടു നടന്നു. പിന്നെ നിവ‌‍ൃത്തിയില്ലാതെ ഞാൻ ഫോണിലൂടെ അമ്മയോട് കാര്യം പറഞ്ഞു.’’ സോനുവിന്റെ മുഖത്ത് അന്നത്തെ അതേ ആകുലത പടർന്നു.

‘‘കൂത്താട്ടുകുളം എന്ന തനി ഗ്രാമത്തിലാണ് എന്റെ വീട്. ഗേ എന്ന് കേട്ടിട്ടുപോലുമില്ല അച്ഛനും അമ്മയും. ഞാനിത് പറഞ്ഞപ്പോൾ അമ്മ തകർന്നുപോയി. ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞു. ഒന്നും മാറില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരു പെൺകുട്ടിയെ കണ്ടാൽ ചേച്ചിയായോ അനിയത്തിയായോ മാത്രമേ എനിക്ക് കാണാൻ കഴിയൂ. ലൈംഗികമായ ഒരു ചിന്തയും ഉണർവും തോന്നില്ല. മറിച്ച് ആൺകുട്ടികളോട് അത് തോന്നുന്നുമുണ്ട്. അതുകൊണ്ട് ഞാനവരെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിന്റെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞപ്പോൾ അവരെന്നെ ഉൾക്കൊണ്ടു. ഈ രണ്ട് അമ്മമാരുടെയും ഉപാധികളില്ലാത്ത സ്നേഹമാണ് എന്നെയും നികേഷേട്ടനെയും ഇന്ന് നിലനിർത്തുന്നത്.’’

ഒളിച്ചു വച്ചിട്ട് എന്തു നേടാൻ

‘‘എൽജിബിടി കമ്യൂണിറ്റിയെക്കുറിച്ച് സമൂഹം മനസിലാക്കുക മാത്രമാണ് യഥാർഥ പോം വഴി. അവരെക്കുറിച്ച് വ്യക്തമായ വിശദീകരണം സർക്കാർ തയ്യാറാക്കിയ കൈപുസ്തകത്തിലുണ്ട്. മാനുഷിക പരിഗണന ഇവർക്കും നൽകേണ്ടതാണ്’’ എൽജിബിടിഐ കമ്യൂണിറ്റി സംഘടനായ ക്വിയറള ഫൗണ്ടർ മെമ്പറും  പ്രസിഡന്റുമായ ജിജോ കുര്യാക്കോസ് പറയുന്നു. കേരളത്തിൽ  എൽജിബിടിഐ/ക്യൂ കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രമുഖ സംഘടനകളാണ് ക്വിയറളയും ക്വിയറിതവും.

‘‘വിവാഹ വിവരമറിഞ്ഞ് സെക്‌ഷൻ 377 ഡീക്രിമിനലൈസ് ചെയ്യാനുള്ള കേസ് വാദിച്ചു ജയിച്ച, സ്വവർഗാനുരാഗികൾ കൂടിയാണെന്ന് അടുത്തയിടെ വെളിപ്പെടുത്തിയ സുപ്രീം കോടതി അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും വിളിച്ചു പിന്തുണ അറിയിച്ചിരുന്നു. അത് നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല.’’ എന്ന് നികേഷും സോനുവും.

രതിക്കപ്പുറം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പോടെയുള്ള ജീവിതം എൽജിബിടി കമ്യൂണിറ്റിയിൽ പെട്ടവർക്കും ഉറപ്പാക്കാൻ വേണ്ടി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ നികേഷും സോനുവും.

ന്യൂനപക്ഷ ലൈംഗികത പ്രകൃതി വിരുദ്ധമല്ല

സ്വവർഗലൈംഗികത ഉൾപ്പെടെ ന്യൂനപക്ഷ ലൈംഗികതയുള്ളവർക്ക് അവരുടേതായ ലൈംഗികാഭിമുഖ്യത്തിന് അ നുസൃതമായി ജീവിക്കാൻ അവകാശമുണ്ട്. ഭൂരിപക്ഷം വ്യക്തികളും വലതു കയ്യന്മാരായിരിക്കുമ്പോൾ ഒരു ന്യൂനപക്ഷം ഇടത് കയ്യന്മാരാകുന്ന പോലെയുള്ള സ്വാഭാവികമായ വ്യത്യസ്തതയാണ് ന്യൂനപക്ഷ ലൈംഗികതയിൽ ഉൾപ്പെടുന്നവരുടെ ലൈംഗികാഭിമുഖ്യവും.

മനസ്സിന്റെ രോഗങ്ങളുടെ പട്ടികയിൽ സ്വവർഗ ലൈംഗി കത ഉൾപ്പെടുന്നില്ല. രോഗം അല്ലാത്തതു കൊണ്ട് ചികിത്സകൾക്ക് പ്രസക്തിയുമില്ല. രതിയെ കുറിച്ചുള്ള ധാർമിക സങ്കൽപങ്ങളിൽ ന്യൂനപക്ഷ ലൈംഗികത അധമമാണെന്ന തെറ്റായ കാഴ്ചപ്പാട് നിലനിൽക്കുന്നത് കൊണ്ടാണ് ഇവർ വിമർശിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും. ശാസ്ത്രീയമായി കാര്യങ്ങൾ മനസ്സിലാക്കി, മാനവികതയുടെ പക്ഷത്തു നിന്ന് ചിന്തിച്ചാൽ എൽജിബിടി കമ്യൂണിറ്റിയിൽ പെടുന്നവരെ അംഗീകരിക്കാൻ കഴിയും.

അവരുടെ വ്യത്യസ്ത രതി ആഭിമുഖ്യം തുറന്നു പറയാനും, അവരുടെ ഇഷ്ടപ്രകാരം ജീവിക്കാനുമുള്ള ധൈര്യവും സ്വാതന്ത്ര്യവും നൽകുകയാണ് അഭികാമ്യം. ഇതൊക്കെ ഒരു കല്യാണം കഴിച്ചാൽ തീരുമെന്നും, സമൂഹം അനുശാസിക്കുന്നത് എതിർ ലിംഗത്തിലുള്ളവരുമായുള്ള  വിവാഹമാണെന്നും, പറഞ്ഞു സമ്മർദം ചെലുത്തുന്നത് നല്ലതല്ല.  

മാതാപിതാക്കൾക്ക് വിഷമം ഉണ്ടാകാം. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കുക. കാരണം  നിർബന്ധിച്ചുള്ള വിവാഹത്തിന് വഴങ്ങുമ്പോൾ ഒന്നുമറിയാതെ ഈ കെട്ടുപാടിൽ വീഴുന്ന ഇണയുടെ ലൈംഗികാവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. അങ്ങനെ ദുസ്സഹമായി പോയ ദാമ്പത്യങ്ങളുണ്ട്. വ്യത്യസ്ത ലൈംഗികതയെ അംഗീകരിച്ചു കൊടുത്താൽ അത് തെറ്റായ മാതൃകയ്ക്ക് വളമിടലാകുമെന്ന ആശങ്ക വേണ്ട. ഇത് ജന്മനാ ഉണ്ടാകുന്ന അവസ്ഥയാണ്.  ഇവരെ കണ്ട് മറ്റൊരാൾ ആ വഴി സ്വീകരിക്കാൻ ഇടയില്ല.

ഒരേ ലൈംഗിക ചായ്‌വുള്ളവർ ലിവിങ് ടുഗതർ ബന്ധത്തിലേക്ക് പോകുന്നത് അതിൽ പങ്കാളികളാകുന്നവരുടെ വ്യക്‌തിപരമായ സ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമാണ്. അ ത് സ്വാഭാവിക വ്യത്യസ്തയായി സമൂഹം ഉൾക്കൊള്ളുന്ന സാഹചര്യം ഉണ്ടായാൽ ന്യൂനപക്ഷ ലൈംഗികാഭിമുഖ്യം ഉ ള്ളവരുടെ ജീവിതം കൂടുതൽ അർഥപൂർണമാകും.

ഡോ: സി.ജെ. ജോൺ, ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

എൽജിബിടിഐ/ക്യൂ കമ്യൂണിറ്റി

ലെസ്ബിയൻ, ഗേ, ബൈ സെക്‌ഷ്വൽ, ട്രാൻസ് ജെൻഡർ, ഇന്റർസെക്സ്, എന്നിവരടങ്ങിയതാണ് എൽജിബിടിഐ / ക്വിയർ കമ്യൂണിറ്റി അഥവാ ലൈംഗിക – ലിംഗത്വ ന്യൂനപക്ഷം. സ്ത്രീ സ്വവർഗാനുരാഗികളെ ‘ലെസ്ബിയ ൻ’ എന്നും, പുരുഷ സ്വവർഗാനുരാഗികളെ ‘ഗേ’ എന്നും സ്തീയോടും പുരുഷനോടും ലൈംഗിക ആകർഷണമുള്ളവരെ ബൈ സെക്‌ഷ്വൽ പറയുന്നു. ജന്മനായുള്ള ശാരീരിക ലിംഗവും മാനസികമായ ലിംഗത്വവും തമ്മിൽ വളരെയധികം വ്യത്യാസം അനുഭവപ്പെടുന്നവരാണ് ട്രാൻസ് ജെൻഡർ. ആണായി ജനിച്ച് പെണ്ണായി മാറാൻ ആഗ്രഹിക്കുന്ന ട്രാൻസ് വുമൺ, പെണ്ണായി ജനിച്ച് ആണായി മാറാൻ ആഗ്രഹിക്കുന്ന ട്രാൻസ് മാൻ, ആൺ പെൺ ദ്വന്ദത്തിലൊതുങ്ങാത്ത ആളുകൾ എന്നിവർ ഇതിൽ പെടും. ഇവരിൽ ചിലർ  ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തന്റെ ശാരീരിക ലിംഗാവസ്ഥയെ മാനസികമായ ലിംഗത്വത്തിന് അനുരൂപമാക്കി മാറ്റും.

ലൈംഗിക–പ്രത്യുൽപാദന അവയവങ്ങൾ പൂർണമായി   സ്ത്രീയുടേയോ പുരുഷന്മാരുടെയോ അല്ലാത്തതോ രണ്ടും ചേർന്നതോ, xx, xy അല്ലാതെ വ്യത്യസ്തമായ ക്രോമോസോം  ഉള്ളവരായോ ജനിച്ചവരാണ്  മിശ്രലിംഗർ അഥവാ ഇന്റർസെക്സ്. ക്വിയർ എന്ന പദം ഇവരെ പൊതുവായി സൂചിപ്പിക്കുന്നു. അവരുടെ മനുഷ്യാവകാശത്തെയും ലൈംഗിക അവകാശത്തെയും മാനിച്ചാണ് സുപ്രീം കോടതി ഐപിപി 377 നിയമം ഭേദഗതി ചെയ്തത്.

g3

വിവരങ്ങൾക്ക് കടപ്പാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ തയാറാക്കിയ ലിംഗ–ലിംഗത്വ ന്യൂനപക്ഷ കൈപുസ്തകം

Tags:
  • Spotlight
  • Vanitha Exclusive