കഴിഞ്ഞ നാല് ദിവസം കൊണ്ട് കേരളത്തിൽ43,081 കിലോഗ്രാം പഴകിയ മത്സ്യം ആണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. മൂന്നുമാസം വരെ പഴക്കമുള്ള മീൻ പിടിച്ചെടുത്ത കൂട്ടത്തിലുണ്ടായിരുന്നു.
ലോക് ഡൗണിനു മുൻപേ ഫ്രീസറിൽ സൂക്ഷിച്ചുവച്ചിരുന്ന മീനിനു പുറമേ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം നാഗപട്ടണം മുട്ടം തൂത്തുക്കുടി കുളച്ചിൽ എന്നിവിടെ നിന്നും കൊണ്ടുവന്ന പഴകിയ മീനുകളും പിടിച്ചെടുത്തവയിലുണ്ട് . പഴകിയ മീനും ഫോർമലിൻ അമോണിയ ബെൻസോയിക് ആസിഡ് പോലുള്ള രാസവസ്തുക്കൾ ചേർത്ത മീനും ആരോഗ്യത്തിന് ഹാനികരമാണ്. രാസവസ്തുക്കൾ ചേർന്ന മീൻ പതിവായി കഴിക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമായേക്കാം. ദഹനവ്യവസ്ഥ ,കരൾ ,വൃക്ക തുടങ്ങിയവയെയും ബാധിക്കുന്നു. സോഡിയം ബെൻസൊ സൈറ്റ് പോലുള്ള രാസവസ്തുക്കൾ ജനിതക വൈകല്യത്തിന് കാരണമാകുന്നു.
ഫോർമിക് ആസിഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഫോർമാലിൻ പ്രധാനമായും ഉപയോഗിക്കുന്നത് മൃതശരീരം അഴുകാ തിരിക്കാൻ ആണ്.ഫോർമലിൻ മീനിന്റെ മാംസത്തിലേക്ക് കയറുന്നതോടുകൂടി മാസങ്ങളോളം അഴുകാതിരിക്കും. അതുകൊണ്ടുതന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇതു വഴിവയ്ക്കും. ഫോർമാലിൻ കലർന്ന മീൻ സ്ഥിരമായി കഴിക്കുന്നവർക്ക് വൃക്ക രോഗ സാധ്യത വളരെ കൂടുതലാണ്.
പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീനുകൾ കണ്ടെത്താനും നല്ല മീൻ തിരഞ്ഞെടുക്കാനും ഉള്ള വഴികൾ താഴെ പറയുന്നു.
1. പഴകിയ മീനിന്റെ കണ്ണുകൾ വിളറി ഇരിക്കും. ചുവപ്പ് നിറം നഷ്ടപ്പെട്ട് നീലനിറം ആകും.
2. ചെകിളകൾക്കുള്ളിൽ സ്വാഭാവികമായ ചുവപ്പു നഷ്ടപ്പെട്ട് മങ്ങിയ നിറം ആയിരിക്കും.
3 വിരലുകൾകൊണ്ട് മീൻ ഞെക്കി നോക്കിയാൽ മാംസം കുഴിഞ്ഞു പോയാൽ മീൻ പഴകിയത് ആണെന്ന് മനസ്സിലാക്കാം
4. പഴയ മീനിന്റെ വാ തുറന്നു നോക്കിയാൽ മുള്ള് അടർന്നിരിക്കുന്നത് കാണാം.
5. ഫോർമാലിൻ ചേർത്ത മീനുകൾക്ക് സ്വാഭാവികമായ ഗന്ധം നഷ്ടപ്പെട്ടിട്ടുണ്ടാവും.
മീനിലെ ഫോർമാലിൻ കണ്ടെത്താനുള്ള സ്ട്രിപ്പുകൾ ലഭ്യമാണ്
6. മുറിക്കുമ്പോൾ ചോരയ്ക്ക് നിറവ്യത്യാസം ഉണ്ടോ എന്ന് ശ്രദ്ധിക്കുക. നല്ല മീനിൽ നിന്ന് ചുവന്ന നിറത്തിലുള്ള ചോര വരും.
7. വൃത്തിഹീനമായ ചുറ്റുപാടിൽ വിൽക്കുന്ന മത്സ്യം വാങ്ങാതിരിക്കുക.
8. വലിയ മത്സ്യം വാങ്ങുമ്പോൾ ഉള്ളിൽ നീല നിറം ഉണ്ടെങ്കിൽ അത് രാസവസ്തുക്കളുടെ സാന്നിധ്യം ആണ് സൂചിപ്പിക്കുന്നത്.
9 കൂടുതൽ ദുർഗന്ധമുള്ള മീനുകൾ വാങ്ങാതിരിക്കുക
10. ഈ സന്ദർഭത്തിൽ വിലകുറവുള്ള മീനുകൾ തിരഞ്ഞെടുക്കുമ്പോൾ പഴകിയിട്ടുണ്ടോ എന്ന് കൂടുതൽ ശ്രദ്ധിക്കുക
വിവരങ്ങൾക്ക് കടപ്പാട്
പി ഉണ്ണികൃഷ്ണൻ നായർ
അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷ വിഭാഗം, കോട്ടയം