ലോക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ മാനസിക സമ്മര്‍ദ്ദത്തിന് ആശ്വാസമേകിയ രണ്ട് മലയാളി ആപ്പുകളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച നാലു ചങ്ങാതിമാരും...
നാലു ചങ്ങാതിമാര്‍ ചേര്‍ന്നിറക്കിയത് നാല്‍പ്പതോളം ആപ്പുകള്‍. ലോക്ഡൗണ്‍ ആയതോടെ, നോക്കിയിരിക്കേ ഇരുപത് ലക്ഷത്തോളം പേര്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും അവരുടെ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു. അതിലേറെയും ഇറ്റലി, ജര്‍മനി, പോര്‍ചുഗല്‍, ഇന്തൊനീഷ്യ, ബ്രസീല്‍, യുഎസ്എ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍! ഫൂഡ് ബുക്ക് റെസിപീസ്, ലൈഫ് പെഴ്‌സണല്‍ ഡയറി എന്നീ ആപ്പുകള്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്റ്റിലും ഇടംനേടിക്കഴിഞ്ഞു.
നിങ്ങളുടെ ലൈഫ് പെഴ്‌സണല്‍ ഡയറി ആപ് കോവിഡ് കാലഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളും ഒറ്റപ്പെടലുകളും കുറയ്ക്കാന്‍ ഞങ്ങളെ ഒരുപാട് സഹായിച്ചു എന്ന് ഡൗണ്‍ലോഡ് ചെയ്തവരെല്ലാം ഒരേ സ്വരത്തില്‍ എഴുതി. ഫൂഡ് ബുക്ക് റെസിപീസ് ആണെങ്കില്‍ ആപ്പിള്‍ ഇന്ത്യയുടെ ഒരു പാര്‍ട്ണര്‍ ആപ് ആയി.ആപ്പിളിന്റെ ഹോം പേജില്‍ ആപ്‌സ് ടു സ്റ്റേ അറ്റ് ഹോം എന്ന കാറ്റഗറിയില്‍ ഫീച്ചര്‍ ചെയ്തു വന്നു. പോരാത്തതിന് ഗൂഗ്ള്‍ ഇന്ത്യയുടെ മെയ്ഡ് ഫോര്‍ ഇന്ത്യ വിഭാഗത്തിലെ ഒരു ഫീച്ചേഡ് ആപ്പും ആയി. ഈ ഹിറ്റ് ആപ്പുകളുടെ പിറവിയെക്കുറിച്ചറിയാന്‍ മുളന്തുരുത്തിയിലെ ഹിറ്റ്‌ബൈറ്റ്‌സ എന്ന കൊച്ചു സ്റ്റാര്‍ട്ടഅപ് കമ്പനിയിലെത്തണം.
സിഇഒ ജോമിന്‍ വി. ജോര്‍ജ്, സിടിഒ ജെറിഷ് ജോസ്, മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ശരത് മോഹനന്‍, ഡിസൈനിങ്ങ് കൈകാര്യം ചെയ്യുന്ന നിതിന്‍ പി. മോളത്ത്...ഹിറ്റ് ബൈറ്റ്‌സിനെ ഹിറ്റ് ആക്കിയ ആ ഹിറ്റ് കൂട്ടുകാരെ ഇവിടെ കാണാം. കടയിരിപ്പ് എസ്എന്‍ജിസി കോളജില്‍ നിന്ന് ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സിനു പഠിക്കുന്ന കാലം മുതല്‍ തന്നെ സ്റ്റാര്‍ട്ട് അപ് ആയി തുടങ്ങിയതാണ് ഹിറ്റ്‌ബൈറ്റ്‌സ്. 'നാലുപേരും ഭക്ഷണപ്രിയരായതുകൊണ്ട് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ആപ് എന്ന ആശയമുദിച്ചു. അങ്ങനെ 2017ലാണ് ഫൂഡ് ബുക്ക് ആപ് ഡെവലപ് ചെയ്തത്. ഡയറി എഴുതുന്ന ശീലവും നാലുപേര്‍ക്കുമുണ്ട്. 2019ലാണ് ലൈഫ് പെഴ്‌സണല്‍ ഡയറി പ്രവര്‍ത്തനം തുടങ്ങിയത്. ഇത്രയും ഹിറ്റാകുമെന്ന് ഞങ്ങള്‍ തീരെ വിചാരിച്ചില്ല. ' നാലുപേര്‍ക്കും സന്തോഷം.

ഫൂഡ് ബുക്ക് റെസിപീസ്
ആപ്പിള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ഫൂഡ് ബുക്ക് റെസിപി ആപ്പിലെ ഫൂഡ് ഷോട്ടില്‍ കയറി, വീട്ടിലുള്ള ഏത് പച്ചക്കറിയുടെയും ഫോട്ടോ എടുത്താല്‍ ആ പച്ചക്കറി ഉപയോഗിച്ച് പാചകം ചെയ്യാവുന്ന വിഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് വരും. ആ പച്ചക്കറിയുമായി ബന്ധപ്പെട്ട് ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് റെസിപികള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഫോണിലെത്തുക. ലിസ്റ്റില്‍ നിന്ന് ഇഷ്ടമുള്ള വിഭവം തിരഞ്ഞെടുത്താല്‍ അതിന്റെ പാചകവിധിയും ആവശ്യമുള്ള സാധനങ്ങളും അടങ്ങുന്ന വിവരങ്ങളും കിട്ടും. ചേരുവകളുടെ അളവും തൂക്കവുമെല്ലാം കൃത്യമായി പറയുന്ന റെസിപിയാണ് കിട്ടുക.
ഇറ്റാലിയന്‍, ചൈനീസ്, ഇന്ത്യന്‍ എന്നിങ്ങനെ ഓരോ രാജ്യങ്ങളിലെയും തനതായ വിഭവങ്ങളുടെ മുപ്പത് ലക്ഷത്തോളം ആകെ റെസിപികള്‍ ആപ്പിലുണ്ട്. വിഭവം ഉണ്ടാക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ അതിനുള്ള ഷോപ്പിങ് ലിസ്റ്റും കിട്ടും. സാധാരണ സ്മാര്‍ട്ട് ഫോണിലാണെങ്കില്‍ ഫൂഡ് ഷോട്ടിനു പകരം കിച്ചണ്‍ സ്റ്റോര്‍ എന്ന പേരിലാണ് ഈ ഫീച്ചര്‍ ഉണ്ടാകുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ചാണ് ആപ് ഉപയോഗിക്കുന്ന വ്യക്തിയുടെ ഭക്ഷണാഭിരുചി കണ്ടെത്തി വിഭവങ്ങളുടെ ലിസറ്റ് തയാറാക്കുന്നത്.
ലൈഫ് ഡയറി
പെഴ്‌സണല്‍ ഡയറി എഴുതുന്നതു പോലെ എഴുതി സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള ഡയറിയാണിത്. ഫിംഗര്‍ പ്രിന്റോ പാസവേഡോ ഉപയോഗിച്ച് ലോക് ചെയ്യാവുന്നതിനാല്‍ സ്വകാര്യത നഷ്ടമാകുകയില്ല. പതിനെട്ടോളം ഭാഷകളില്‍ നിന്ന് ഏതും തിരഞ്ഞെടുക്കാം. ഡേറ്റകള്‍ നഷ്ടമാകാത്ത വിധം എന്‍ക്രിപ്റ്റ്ഡ് ഫോമിലും സൂക്ഷിക്കാം. രാത്രിയിലെ ഉപയോഗത്തിന് യോജിച്ച രീതിയില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ നൂതന സവിശേഷതയായ ഡാര്‍ക് മോഡ് ആയും പ്രവര്‍ത്തിപ്പിക്കാം. വാച്ച്, ടാബ്, ആന്‍ഡ്രോയിഡ് ടിവി എന്നിവയിലും സപ്പോര്‍ട്ട് ചെയ്യും ഈ ആപ്പ്.
'ഫൂഡ് ആപ്പിനെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുന്നത് ഏറെയും സ്ത്രീകളാണ്. ഡയറി വളരെ ഉപകാരപ്രദമാണെന്ന് പറയുന്ന മെയിലുകള്‍ ഇപ്പോഴും ദിവസേന കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അതിന് ആണ്‍-പെണ്‍ വ്യത്യാസമില്ല. മാനസിക സമ്മര്‍ദ്ദവും സ്‌ട്രെസ്സും കുറയ്ക്കാനായി എന്നാണ് ഏറെപ്പേരും റിവ്യൂസ് അയയ്ക്കുന്നത്. ഞങ്ങളുടെ ഡ്രീം പ്രോജക്ടുകള്‍ ആണിത്. മൂന്നരവര്‍ഷം കൊണ്ടാണ് അത് പൂര്‍ണരൂപത്തിലെത്തിയത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഫൂഡ് ബുക്കിന്റെയും ഒരാഴ്ചയ്ക്കകം ലൈഫ് പെഴ്‌സണല്‍ ഡയറിയുടെയും ഡൗണ്‍ലോഡ്‌സ് ഒരു മില്യണ്‍ വീതം എത്തും എന്നാണ് പ്രതീക്ഷ. വോയ്‌സ് കമാന്‍ഡിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലുള്ള പ്രത്യേകതകളോടെയും ഇന്‍ബില്‍റ്റ് ഫീച്ചര്‍ ആയും ഞങ്ങളുടെ ആപ്പുകള്‍ ഉള്ള ഫോണുകള്‍ ലഭ്യമാക്കാനായി സാംസങ്ങുമായി ചര്‍ച്ച നടക്കുന്നു.'
