കോവിഡ് കാലമാണ്, എന്നാലും... അത്യാവശ്യ കാര്യത്തിനായി പാലക്കാട് മുണ്ടൂർ വഴി പോകേണ്ടി വരികയാണെങ്കിൽ ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്തുള്ള ജനകീയ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു നോക്കൂ. പോക്കറ്റ് കാലിയാകാതെ ചോറുണ്ട് വയറു നിറയ്ക്കാം എന്ന വലിയ സന്തോഷം ആദ്യം. വീട്ടിലെ അതേ വൃത്തിയോടെയും രുചിയോടെയും ഭക്ഷണം കഴിച്ചതിന്റെ ആശ്വാസത്തിൽ മനസ്സും നിറയ്ക്കാം എന്നൊരു ബോണസ് പോയിന്റുമുണ്ട് ഈ ഊണിന്. സാമ്പാറ്, മീൻകറി, തോരൻ, കൂട്ടുകറി, അച്ചാർ, പപ്പടം, രസം എന്നിവയോടു കൂടിയ ഊണിന് നൽകേണ്ടത് ഇരുപത് രൂപ മാത്രം!
കേരള സർക്കാറിന്റെ വിശപ്പ് രഹിത കേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഭക്ഷണശാലയാണിത്. ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനടുത്തുള്ള ചെറിയ ഓട്ടുപുരയിലാണ് ജനകീയ ഹോട്ടൽ. രാവിലെ 6 മുതൽ ബ്രേക്ക്ഫാസ്റ്റ് തുടങ്ങും. ഉച്ചഭക്ഷണം 12 മണിക്ക് റെഡിയാകും. പത്തുമണിക്ക് ചായയും ചെറുകടിയും കിട്ടും. വൈകീട്ട് ചപ്പാത്തിയും കറിയും ഉണ്ട്. ചോറിനൊപ്പം പൊരിച്ച മീനോ ഓംലെറ്റോ വേണമെങ്കിൽ പ്രത്യേകം വാങ്ങുകയുമാകാം.
ഓഫിസിലെ ജീവനക്കാർക്കും അടുത്തുള്ള കടകളിലെയും മറ്റും ദൈനംദിനജോലിക്കാർക്കുമെല്ലാം വലിയ ആശ്വാസമായി മാറിയിരിക്കുകയാണീ ഭക്ഷണശാല. ക്വാറന്റീനിൽ ഇരിക്കുന്നവർക്കും ആവശ്യമെങ്കിൽ ഇവർ ഭക്ഷണമെത്തിച്ചു കൊടുക്കും. വിഡിയോ കാണാം..