Wednesday 07 December 2022 12:08 PM IST : By സ്വന്തം ലേഖകൻ

60 വയസ്സുള്ള സ്ത്രീയോട് അടുപ്പം കൂടി, ജ്യൂസിൽ ഉറക്കഗുളിക കൊടുത്തു മയക്കി മാല കവർന്നു: യുവതി അറസ്റ്റില്‍

lalll-arrested

ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയെ ജ്യൂസിൽ ഉറക്കഗുളിക കൊടുത്തു മയക്കി മാല കവർന്ന യുവതിയെ പൊലീസ് പിടികൂടി. തൃശൂർ തളിക്കുളം എസ്എൻവി സ്കൂളിനു സമീപം കളരിക്കൽ ലജിതയെയാണ് (41) ഈസ്റ്റ് സ്റ്റേഷൻ ഓഫിസർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 60 വയസ്സുള്ള സ്ത്രീയോട് അടുപ്പം കൂടി ജ്യൂസ് നൽകി. സ്ത്രീക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോൾ മടിയിൽ തലവച്ച് ഉറങ്ങാൻ അനുവദിച്ചു. മാല കവർന്നു സ്ഥലം വിട്ട യുവതി നഗരത്തിൽ തന്നെ പണയം വച്ചു പണം കൈക്കലാക്കി.

പരാതി ലഭിച്ചതിനെത്തുടർന്നു പൊലീസ് സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്. പണയം വച്ച മാല പിടിച്ചെടുത്തു പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്നു കണ്ടെത്തി. വ്യാജസ്വർണം പണയം വച്ചതിനും കേസെടുത്തു. സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, അസി. സബ് ഇൻസ്പെക്ടർ എം.ജയലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സ്മിത, പി.ഹരീഷ് കുമാർ, വി.ബി. ദീപക്, ക്യാമറ കൺട്രോൾ റൂം വിഭാഗത്തിലെ ഐ. ആർ. അതുൽ ശങ്കർ, പി.എം. അഭിലായ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

Tags:
  • Spotlight