Friday 07 August 2020 12:56 PM IST

പൊറോട്ട കൊതിയന്‍മാർക്കിതാ ഒരു ‘നിധി’ ; ഫോൺ വിളിയിൽ നിധി വീട്ടിലെത്തിക്കാൻ ജിഞ്ജുവിന്റെ സ്പെഷൽ അടുക്കള റെഡി

V N Rakhi

Sub Editor

food

ജിഞ്ജുവിന്റെ അടുക്കളയിലെ ഈ നിധിയെക്കുറിച്ച് കേട്ടു തുടങ്ങിയിട്ട് മൂന്നാല് ആഴ്ചകളേ ആയുള്ളൂ. കേട്ടവര്‍ കേട്ടവര്‍ അടുത്ത സെക്കന്റില്‍ നിധി കൈക്കലാക്കി. നാരുകെട്ടി, വാഴയിലയില്‍ പൊതിഞ്ഞ നിധി. ആദ്യത്തെ പൊറോട്ട പൊക്കി നോക്കി ദേ, റോസ്റ്റില്‍ മുങ്ങിയ മൂന്ന് കാടമുട്ടകള്‍! അടുത്ത പൊറോട്ട പൊക്കിയപ്പോഴതാ കൊതിപ്പിക്കുന്ന ചിക്കന്‍ റോസ്റ്റ്. അതിനു ചുവട്ടിലെ പൊറോട്ട മാറ്റിയപ്പോള്‍ കിടു ബീഫ് റോസ്റ്റ്. ആഹാ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ വയ്യ ഭായ്...! ഇല വടിച്ചു നക്കിയേ അടങ്ങിയുള്ളൂ. വയറ് ഫുള്‍ ആക്കുന്ന ഈ നിധി പെരുത്ത് ഇഷ്ടമാകാനും സംസാരവിഷയമാകാനും അധികനേരമൊന്നും വേണ്ടി വന്നില്ല. ആ നിധിയില്‍ മനസ്സുടക്കി നില്‍ക്കുകയാണ് ഇപ്പോള്‍ പൊറോട്ടക്കൊതിയന്മാരെല്ലാം. മാസ് അല്ലേ സംഭവം...

റോക്കറ്റ് പോലെയങ്ങനെ കുതിച്ചുയരുകയാണ് കൊച്ചിയിലെ ജിഞ്ജു വിവേകിന്റെ നിധി പൊറോട്ടയുടെ പ്രശസ്തി. നാലു പൊറോട്ടയും മൂന്ന് ലെയറില്‍ മൂന്ന് തരം നോണ്‍ വെജ് ഫില്ലിങ്ങും- നിധി പൊറോട്ടയെ ചുരുക്കത്തില്‍ അങ്ങനെ പരിചയപ്പെടുത്താം. വാട്ടിയ വാഴയിലയില്‍ ആദ്യമൊരു പൊറോട്ട വയ്ക്കും. അതിനു മീതെ തേങ്ങാക്കൊത്തിട്ട ബീഫ് റോസ്റ്റ്. അതു മൂടി ഒരു പൊറോട്ട. പിന്നെ കോഴി വരട്ടിയത്. വീണ്ടും പൊറോട്ട, പിന്നെ 3 കാടമുട്ട അടങ്ങിയ റോസ്റ്റ്, ഏറ്റവും മീതെ ഒരു പൊറോട്ട കൂടി വന്നാല്‍ നിധി തയാറായി. കിഴി പൊറോട്ടയുടെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ ആണിത്. ഇലയില്‍ പൊതിഞ്ഞ് വാഴനാരുകൊണ്ട് കെട്ടി ഭദ്രമാക്കിയാണ് പാക്കിങ്. അല്‍പം ഹെവി അല്ലേ അളിയാ എന്നു ചോദിച്ചാ, തീറ്റക്കൊതിയന്മാര്‍ ഒട്ടും ആലോചിക്കാതെ നീട്ടിയങ്ങു പറയും 'നെവര്‍ര്‍ര്‍...'. ചിലര്‍ക്ക് ഹെവിയായും തോന്നാം.അങ്ങനെയുള്ളവരാണെങ്കില്‍ രണ്ടു പേര്‍ക്ക് സുഖമായി കഴിക്കാന്‍ ഒരു നിധി മതി. പിന്നെ മസാല കണ്ടും പേടിക്കണ്ട...ജിഞ്ജു വീട്ടില്‍ തന്നെ തയാറാക്കുന്ന മസാലകളിട്ട് വലിയ എരിവൊന്നുമില്ലാതെയാണ് ഫില്ലിങ്ങും തയാറാക്കുന്നത്.

'ഞാനൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ്. കല്യാണങ്ങളും അവാര്‍ഡ് നൈറ്റുകളുമൊക്കെയായിരുന്നു വരുമാനമാര്‍ഗം. പ്രശസ്തമായ ഈവെന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പാര്‍ട്ണറായിരുന്നു ഭര്‍ത്താവ് വിവേക്. ലോക്ഡൗണ്‍ വന്നതോടെ പെട്ടെന്ന് വരുമാനമെല്ലാം നിലച്ചു. എന്തുചെയ്യും എന്നാലോചിച്ചു. ഫൂഡ് ബിസിനസ് ആണെങ്കില്‍ വെറൈറ്റി വേണം, പ്രത്യേകിച്ച് കൊച്ചിയില്‍ കിട്ടാത്തതായി ഒന്നുമില്ല. അതൊരു വെല്ലുവിളിയായിരുന്നു. ആദ്യം ചിക്കന്‍, ബീഫ് വെറൈറ്റിയല്‍ കോഴിക്കോടന്‍ ബിരിയാണിയാണ് തുടങ്ങിയത്. അതെല്ലാവര്‍ക്കും ഇഷ്ടമായി. അല്‍പം കഴിഞ്ഞാണ് നിധി പൊറോട്ടയെക്കുറിച്ച് അറിയുന്നത്. പരീക്ഷണമെന്ന നിലയ്ക്ക് കുറച്ച് ചെയ്ത് അടുത്തറിയുന്നവര്‍ക്ക് കൊടുത്തു. എല്ലാവരും പറഞ്ഞത് ഒരേ അഭിപ്രായം- കിടിലന്‍! എന്നാല്‍ ഇതുതന്നെ വച്ചുപിടിക്കാം എന്നു തീരുമാനിച്ചു. എഫ് ബിയിലും ഇന്‍സ്റ്റഗ്രാമിലും പേജ് തുടങ്ങി.' ജിഞ്ജു ബിസിനസിലേക്ക് വഴി തുറന്ന കഥ പറഞ്ഞു.

ദിവസേന അമ്പതോളം നിധികളാണ് ജിഞ്ജുവിന്റെ അടുക്കളയില്‍ നിന്ന് പോകുന്നത്. 'വീക്ക എന്‍ഡ്‌സില്‍ നൂറു കടക്കും. ബിരിയാണിക്കും ആവശ്യക്കാരുണ്ട്. ബീഫ് കോക്കനട്ട് ഫ്രൈ പോലെ എന്തെങ്കിലും പ്രത്യേക ഡിഷുകള്‍ വേണ്ടവര്‍ക്ക് ആവശ്യമനുസരിച്ച് ഉണ്ടാക്കിക്കൊടുക്കും. തലേന്നോ ആ ദിവസം രാവിലെ പത്തിനു മുമ്പോ വിളിച്ച് ഓര്‍ഡര്‍ നല്‍കണം. നേരത്തേ രാത്രി മാത്രമായിരുന്നു നിധി പൊറോട്ട നല്‍കിയിരുന്നത്. ഉച്ചയ്ക്കും ആവശ്യക്കാര്‍ വന്നതോടെ ഇപ്പോള്‍ ഉച്ചയ്ക്ക് ലഭ്യമാക്കിത്തുടങ്ങി. ഒരിക്കല്‍ വാങ്ങി ഇഷ്ടപ്പെട്ട് വീണ്ടും വാങ്ങുന്ന കസ്റ്റമേഴ്‌സ് ആണ് കൂടുതലും. അനൂപ് മേനോന്‍, ഗോപി സുന്ദര്‍, സിതാര പോലുള്ള സെലിബ്രിറ്റി കസ്റ്റമേഴ്‌സുമുണ്ട്. വയറും മനസ്സും നിറഞ്ഞു എന്നാണ് ഏറ്റവും കൂടുതല്‍ കിട്ടിയ ഫീഡ് ബാക്ക്.' ജിഞ്ജുവിന് സന്തോഷം.

വൈറ്റില ജനത ജങ്ഷനടുത്താണ് ജിഞ്ജൂസ് അടുക്കള. വിളിച്ചു പറഞ്ഞാല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ബിരിയാണിയും പൊറോട്ടയും ഡെലിവറി ചെയ്യും.

Tags:
  • Spotlight