റോഡ് കുറുകെ കടക്കവേ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു ചികിത്സയിലായിരുന്ന പാലോട് ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി വിട്ടിക്കാവ് ആദിവാസി ഊര് കുന്നുംപുറത്ത് വീട്ടിൽ അപർണ(14) മരിച്ചു. ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപത്തു വച്ചായിരുന്നു അപകടം. വനിത ഓടിച്ചു വന്ന സ്കൂട്ടർ ആണ് ഇടിച്ചത്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ മരിച്ചു. വിദ്യാലയത്തിൽ പൊതുദർശനത്തിനു വച്ച ശേഷം രാത്രിയിൽ തെന്നൂരിലെ ബന്ധുവീട്ടിൽ സംസ്കരിച്ചു. ശശിയുടെയും പരേതയായ സജിതയുടെയും മകളാണ്. സഹോദരൻ: ഇതേ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഖിൽലാൽ. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മിടുമിടുക്കി; ദുഃഖം തളം കെട്ടി ഊരുകൾ
രോഗം മൂലം അകാലത്തിൽ വിടപറഞ്ഞ അമ്മയുടെ മരണത്തിലും തളരാതെ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അപർണ അതെല്ലാം ബാക്കിയാക്കിയാണ് പാതിവഴിയിൽ യാത്രയായത്. അപർണയുടെ ഓർമകൾ അധ്യാപകരിലും സഹപാഠികളിലും മരിക്കാത്ത നൊമ്പരമായി. വിട്ടിക്കാവ് ആദിവാസി ഊരും സമീപ ഊരുകളും ദുഃഖം തളംകെട്ടി. പഠനത്തിലും കലാപ്രവർത്തനത്തിലും മിടുക്കിയായിരുന്നു. കവിതയെഴുതും, നന്നായി അഭിനയിക്കും പാട്ടുപാടും. ഒന്നര വർഷത്തിനു മുൻപായിരുന്നു അമ്മയുടെ മരണം.
കുറച്ചു നാളായി തെന്നൂരിലെ അമ്മൂമ്മയുടെ വീട്ടലായിരുന്നു താമസം. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഖമറുദ്ദീൻ ഫൗണ്ടേഷനുമായി ചേർന്നു വിദ്യാലയം നടത്തിയ സഹവാസ ക്യാംപിൽ അപർണയായിരുന്നു താരം. ചുറുചുറുക്കോടെ വനയാത്രയിലും കലാപരിപാടികളിലും ആശയവതരണത്തിലും പങ്കെടുത്ത ഓർമകൾ ബാക്കി.