Thursday 25 March 2021 10:17 AM IST

യുകെ മലയാളികളുടെ ഹരിയേട്ടൻ; ഗുരുവായൂരപ്പന്റെ പ്രിയഭക്തൻ: തെക്കുംമുറി ഹരിദാസ് വിട പറഞ്ഞു

Baiju Govind

Sub Editor Manorama Traveller

t-haridasgggggg

മൂന്നു പതിറ്റാണ്ടിനിടെ യുകെയിൽ വന്നിറങ്ങിയ മലയാളികൾക്കു സുഹൃത്തും മാർഗദർശിയുമായിരുന്ന ടി. ഹരിദാസ് വിടപറഞ്ഞു. ബ്രിട്ടനിലെ മലയാളികളുടെ സന്തോഷങ്ങളിലും കഷ്ടപ്പാടുകളിലും സ്നേഹ സാന്നിധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ തെക്കുംമുറി ഹരിദാസ്. ഉദരരോഗ ബാധിതനായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം. ഭാര്യ ലത, നാല് ആൺ മക്കൾ. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഹരിദാസ് കോവിഡ് ബാധിച്ച മലയാളികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ വേർപാടുണ്ടാക്കിയ ഞെട്ടലിലാണു യുകെയിലെ മലയാളി സമൂഹം.

ഹൈകമ്മീഷൻ ഓഫിസറായിരിക്കെ മലയാളികൾക്ക് കുടിയേറ്റ കാര്യങ്ങളിൽ പൂർണ പിന്തുണ നൽകിയിരുന്ന ഹരിദാസ് യൂറോപ്പിലെ പ്രവാസികൾക്കു പരിചിതനാണ്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ ഒട്ടേറെ പ്രമുഖരുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഹരിദാസ് ഒഐസിസി യുകെയുടെ കൺവീനറും ലോക കേരള സഭയുടെ പ്രസീഡിയം അംഗവുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ഹിന്ദു ഐക്യവേദി ഉൾപ്പെടെ നിരവധി മലയാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു.

നാൽപത്താറു വർഷം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സേവനം അനുഷ്ഠിച്ച ഹരിദാസ് 2018 നവംബറിലാണ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽനിന്നും വിരമിച്ചത്. ബ്രിട്ടനിലെ മലയാളികൾക്ക് അദ്ദേഹം ഹരിയേട്ടനായിരുന്നു. ജോലിയിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹത്തെ ഹൈക്കമ്മിഷനിൽ വോളന്റിയർ സർവീസിനായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘനകളും സോഷ്യൻ മീഡിയ ഗ്രൂപ്പുകളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത് ടി. ഹരിദാസിന് ലഭിച്ച ജനകീയ അംഗീകാരമായിരുന്നു.

തികഞ്ഞ കൃഷ്ണഭക്തനായിരുന്നു ഹരിദാസ്. പതിറ്റാണ്ടുകളായി യുകെയിൽ ജീവിക്കുമ്പോഴും ഗുരുവായൂർ ദർശനത്തിന്റെ സുകൃതം മനസ്സിൽ കൊണ്ടു നടന്നു. ഒരു നെയ് വിളക്കു നേർച്ചയ്ക്ക് ആഗ്രഹിച്ചു നടന്ന ബാല്യകാലം അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവച്ചിട്ടുണ്ട്. തെക്കുംമുറി വീട്ടിൽ ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മകനാണു ടി. ഹരിദാസ്. സാമ്പത്തിക ബുദ്ധുമുട്ടിനു മുന്നിൽ പലകുറി വിദ്യാഭ്യാസം മുടക്കേണ്ടി വന്നു. ജോലി തേടി തമിഴ്നാട്ടിലേക്കു പോയതും തുണിമില്ലിൽ മുന്നൂറു രൂപ മാസ ശമ്പളത്തിനു ജോലി ചെയ്തതും ടി. ഹരിദാസിന്റെ ജീവിതാനുഭവങ്ങളായിരുന്നു.

ബന്ധുവിന്റെ സഹായത്തോടെ യുകെയിൽ എത്തിയതും ഗ്യാസ് േസ്റ്റഷനിലും റസ്റ്ററന്റുകളിലും ഊണും ഉറക്കവുമൊഴിഞ്ഞു ജോലി ചെയ്തതും വളർച്ചയുടെ പടവുകൾ. ഇപ്പോൾ, കേരള ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്സിന്റെ മാനേജിങ് ഡയറക്ടറാണ്. സെൻട്രൽ ലണ്ടനിലെ മലബാർ ജംഗ്ഷൻ റസ്റ്ററന്റ് ഉൾപ്പെടെ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഗ്രൂപ്പിനു കീഴിലുള്ളത്. ഗുരുവായൂരപ്പനു മുന്നിൽ തൊഴു കയ്യുമായി നിന്ന് ഒരു നെയ് വിളക്കു നേർച്ച നടത്താൻ മോഹിച്ച ഹരിദാസാണ് രണ്ടു പതിറ്റാണ്ടിലേറെയായി ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും ചെലവേറിയ വിഷുവിളക്ക് നടത്തുന്നത്.

Tags:
  • Manorama Traveller