പൂവണിയാന്‍ പോകുന്ന ഈ പ്രണയത്തില്‍ ഒരു മധുരപ്രതികാരത്തിന്റെ കഥ കൂടി ഒളിഞ്ഞു കിടപ്പുണ്ട്. സ്വത്വം പ്രഖ്യാപിച്ചപ്പോള്‍ നാടിനും വീടിനും വേണ്ടാതായവള്‍. മനസു പറയുന്നതു കേട്ട് പെണ്ണുടലിലേക്ക് മാറിയപ്പോള്‍ വീട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവള്‍. നാളുകള്‍ക്കിപ്പുറം ആണൊരുത്തന്റെ കൈപിടിച്ച് അവള്‍ വരാനൊരുങ്ങുമ്പോള്‍, മരുമകളായി സ്വീകരിക്കാന്‍ ആട്ടിയോടിച്ച അതേ നാട് കാത്തിരിപ്പാണ്.

അടുത്തിടെ സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒന്നായിരുന്നു നടിയും ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുമായ ഹരിണി ചന്ദനയുടെ വിവാഹം. പൈങ്കിളി പ്രണയത്തിന്റെ മേമ്പൊടിതൂകി ഗോസിപ്പ് കോളങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും നടക്കാന്‍ പോകുന്ന ആ വിവാഹത്തെ നല്ല രീതിയില്‍ ആഘോഷിക്കുകയും ചെയ്തു. പക്ഷേ പൂവണിയാകാന്‍ പോകുന്ന ആ പ്രണയത്തില്‍ തന്റെ ജീവനും ജീവിതവും ഉണ്ടെന്ന് പറയുമ്പോള്‍ ഹരിണിയുടെ മിഴികള്‍ ഈറനണിയും. കുമ്പളങ്ങിയെന്ന പിറന്ന മണ്ണിനെ ഹരിണിക്ക് അന്യമാക്കിയത് അവളുടെ പെണ്ണായി മാറാനുള്ള തീരുമാനമായിരുന്നു. പക്ഷേ തന്റെ സഹപാഠി കൂടിയായ സുനീഷിന്റെ കൈപിടിച്ച് അതേ കുമ്പളങ്ങിയുടെ മരുമകളായി തിരികെ വരാനൊരുങ്ങുമ്പോള്‍ അത് കാലത്തിന്റെ മധുരോതാരമായ കടംവീട്ടലാകുന്നു. പ്രണയവും ജീവിതവും ഒരുപോലെ ഇതള്‍ വിരിയുന്ന അക്കഥ വനിത ഓണ്‍ലൈനോട് പറഞ്ഞു തുടങ്ങുമ്പോള്‍ ഹരിണി കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ പഴയ പത്താംക്ലാസുകാരനായിരുന്നു.

hari-c1

സുനു... എനിക്കെല്ലാം...

എന്റെ ജീവിതവും പോരാട്ടവും പലരും ഒരുപാട് ആഘോഷിച്ചതാണ്. പക്ഷേ കുത്തുവാക്കുകള്‍ ചൊരിഞ്ഞവര്‍ക്കും ആട്ടിയകറ്റിവര്‍ക്കും ഞാന്‍ അനുഭവിച്ച വേദനയുടെ ആഴം മനസിലാകില്ല. ആ വേദനയുടെ കഥ തുടങ്ങുന്നത് പതിനാറാം വയസിലാണ്. ഞാന്‍ പെണ്ണായി മാറിയ നിമിഷത്തില്‍ തുടങ്ങിയ കണ്ണീര്‍ക്കഥ. വല്ലാതെ വേദനിപ്പിച്ച ജീവിതം ഇവിടെയിതാ...സുന്ദരമായൊരു കൂട്ടും അതുപോലെ സുന്ദരമായൊരു പ്രണയവും തന്ന് എന്നെ ആശ്വസിപ്പിക്കുകയാണ്. പ്രണയത്തിന്റെ രൂപത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ആ സമ്മാനത്തിന്റെ പേര് സുനീഷ്...എന്റെ സുനു. ഞാനിന്ന് ജീവിക്കുന്നതും കാത്തിരിക്കുന്നതും ആ പ്രണയത്തിനു വേണ്ടിയാണ്. സുനുവിന് ഒപ്പമുള്ള ജീവിതം സ്വപ്‌നം കണ്ട് കാത്തിരിപ്പാണ് ഞാന്‍- ഹരിണി പറഞ്ഞു തുടങ്ങുകയാണ്.

hari-2

വേദന മാത്രം ബാക്കിയാക്കിയവളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് സുനുവിന് ഒപ്പമുള്ള പ്രണയം. ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ സ്‌കൂള്‍ ഫ്രണ്ട്‌സാണ്. എട്ടാം ക്ലാസിലും പത്താം ക്ലാസിലും ഒരുമിച്ചു പഠിച്ചു. എന്നു വച്ച് പ്രണയിച്ചിട്ടൊന്നുമില്ല കേട്ടോ. അന്നത്തെ എട്ടാം ക്ലാസുകാരി ഹരിണി ശരീരം കൊണ്ട് ആണും മനസു കൊണ്ട് പെണ്ണുമായിരുന്നു. അതിനു ശേഷം പതിനാറാം വയസില്‍ ആയിരുന്നു എന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ആയുള്ള വിപ്ലവ പ്രഖ്യാപനവും സര്‍ജറിയും.  ഇതോടെ  നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ട അവസ്ഥ വന്നു. ചുരുക്കി പറഞ്ഞാല്‍ നിയോഗം പോലെ ഈ പ്രണയം എന്നിലേക്ക് ഞാന്‍ പോലും അറിയാതെ വന്നു ചേരുകയായിരുന്നു. 

ഫെയ്‌സ്ബുക്ക് പ്രണയം

കാലങ്ങള്‍ക്കു ശേഷം എനിക്കു ലഭിക്കുന്ന ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. തുടക്കത്തില്‍ ഞാനും സുനീഷും നല്ല ചങ്ങാതിമാരായിരുന്നു. പതിയെ പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി. പുള്ളിക്കാരന്‍ പ്രപ്പോസ് ചെയ്തപ്പോള്‍ ശരിക്കും ഷോക്കായിരുന്നു. സംഭവം കട്ട സീരീയസാണെന്ന് കണ്ടമാത്രയില്‍ ഞാനും ആ പ്രണയത്തില്‍ വീണു. ആലപ്പുഴയില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ കക്ഷി എനിക്കൊരു മോതിരം സമ്മാനിച്ച് ആ പ്രണയം അരക്കിട്ടുറപ്പിച്ചു. അതോടെ ഞാനും ഫഌറ്റ്! ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് സുനീഷ്. 

hari-1

പ്രണയം പുള്ളിയുടെ വീട്ടിലറിയുമ്പോള്‍ വലിയൊരു ഭൂകമ്പം പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാവരും മനസു നിറഞ്ഞ്തീരുമാനത്തിന് ഒപ്പം നിന്നു. സുനീഷിന്റെ പെങ്ങള്‍ മാളുദാസും ഭര്‍ത്താവുമായിരുന്നു കട്ട സപ്പോര്‍ട്ട്. രഹസ്യമാക്കി വച്ചിരുന്ന ഞങ്ങളുടെ പ്രേമം കണ്ടുപിടിച്ചതു പോലും പെങ്ങളൂട്ടി ആയിരുന്നു. അവര്‍ നല്‍കിയ പിന്തുണ ഒരിക്കലും മറക്കില്ല. പിന്നെ എന്നെ കൈപിടിച്ചുയര്‍ത്തിയ എന്റെ അമ്മ രഞ്ജുരഞ്ജിമാര്‍ കൂടി സമ്മതം മൂളിയപ്പോള്‍ സംഗതി മാംഗല്യം തന്തുനാനേന എന്ന ഘട്ടത്തിലെത്തി. ഈ ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. പക്ഷേ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൃത്യമായൊരു ഡേറ്റ് ഇപ്പോ പറയാന്‍ നിര്‍വാഹമില്ല. എന്തായാലും എപ്പോഴായാലും അവന്റെ കൈപിടിച്ച് കുമ്പളങ്ങിയിലേക്ക് വരുമ്പോള്‍ അത് എനിക്ക് ദൈവമായിട്ട് തിരികെ തരുന്ന മൊമന്റായിരിക്കും. ഒരിക്കല്‍ കണ്ണീരോടെ ആ നാട്ടില്‍ നിന്നു പോയതാണ്. ഇപ്പോ...ദേ എല്ലാ വേദനകളും മറക്കാന്‍ ദൈവം തിരികെ നല്‍കിയ ജീവിതം. ആ നാളിനായി കാത്തിരിപ്പാണ് ഞാന്‍.- ഹരിണി പറഞ്ഞു നിര്‍ത്തി.