Thursday 08 July 2021 04:56 PM IST

ഇൻഫോപാർക്കിലെ സോഫ്റ് വെയർ എഞ്ചിനീയർ, ‘ഒരു കുടംപാറ്’ പാടി ഹൃദയം കവർന്ന പാട്ടുകാരി: ഹരിതയുടെ പാട്ടുവിശേഷം

Rakhy Raz

Sub Editor

haritha

സംസ്ഥാന യൂത്ത് ഫെസ്റ്റിവലുകളിലെ തിളങ്ങുന്ന പാട്ടുകാരിയായി തുടങ്ങിയ ഹരിത ബാലകൃഷണൻ പാളുവ ചേലുള്ള വ്യത്യസ്തമായ പാട്ടുപാടിയാണ് വേറിട്ട സ്വരമായി മാറിയത്. ആദ്യ പിന്നണി ഗാനമല്ലെങ്കിലും വേറിട്ട ഭാഷാ പ്രയോഗമുള്ള പാട്ട് തന്മയത്വത്തോടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ ഏറെ നേടി ഹരിത.

‘‘വെല്ലുവിളികളുള്ള ഗാനമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ‘ഒരു കുടം പാറ്’. അതിന്റെ സംഗീത സംവിധായകൻ മാത്യു പുളിക്കനെ അഞ്ചു കൊല്ലത്തോളമായി അറിയാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകനായ ജിയോ ബേബി ചേട്ടന്റെ ആദ്യ ചിത്രമായ രണ്ട് പെൺകുട്ടികളിൽ ചെറിയ ഒരു ഭാഗം പാടി. അതിലൊരു കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുമുണ്ട്.

ഇതുവരെ കേൾക്കാത്ത മലയാള വാക്കുകളുള്ള ഒരു മലയാളം പാട്ടാണത്. സമയമെടുത്ത്, ഓരോ വാക്കിന്റെയും അർഥം മനസ്സിലാക്കിയാണ് പാടിയത്. സംസാരിക്കുന്ന പോലെയുള്ള എക്സ്പ്രഷനൊക്കെ ഇട്ടും ചിരിച്ചും വേണമായിരുന്നു പാടാൻ. കർണാടക സംഗീതം പഠിച്ചതുകൊണ്ട് അതിന്റെ ഛായ ഒട്ടും പാട്ടിൽ വരാതെ ശ്രദ്ധിക്കണമായിരുന്നു. പല റീ ടേക്കുകൾ വേണ്ടി വന്നു. എന്നാലും ഭംഗിയായി ചെയ്യാൻ പറ്റി.

കാഞ്ഞിരപ്പള്ളിക്കാരിയാണ് ഞാൻ. അഞ്ചു വർഷമായി സോഫ്റ്റ്‌വെയർ എൻജിനീയറായി ഇൻഫോപാർക്കി ൽ യുഎസ്ടി എന്ന കമ്പനിയിൽ. അച്ഛൻ ബാലകൃഷ്ണൻ നായർ ആണ് വീട്ടിലെ പാട്ടുകാരൻ. അമ്മ ഓമന, ചേച്ചി അമൃത, ചേച്ചിയുടെ ഭർത്താവ് അനീഷ് എന്നിവർ നന്നായി പ്രോത്സാഹിപ്പിക്കും. ചേച്ചിയും ഭർത്താവും മകനും ഇപ്പോൾ ഓസ്ട്രേലിയയിലാണ്.

സിനിമയിലെ ആദ്യ ഗാനം ‘ഒപ്പ’ത്തിലെ ‘പല നാളായി’ എന്ന ഗാനമാണ്. ‘വില്ലൻ’എന്ന മോഹൻലാൽ സിനിമയിലെ ‘പതിയെ നീ’ എന്നതായിരുന്നു അടുത്ത ഗാനം. വിനീത് ശ്രീനിവാസനൊപ്പം ‘കണ്ണിൽ കണ്ണൊന്ന്’ എന്ന ഗാനവും പാടി. ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിൽ ‘നീയേ...’ എന്നു തുടങ്ങുന്ന ഗാനം പാടിയതിനൊപ്പം നായികയ്ക്ക് ശബ്ദവും കൊടുത്തു.

റഹ്മാന്റെ പാട്ടു പാടണം

പതിനഞ്ച് വർഷത്തോളം സംഗീതം പഠിച്ചു. എ.ആർ. റ ഹ്മാന്റെ ചെന്നൈയിലെ മ്യൂസിക് അക്കാദമി കെ.എം മ്യൂസിക്കിൽ നിന്നും കൺസർവേറ്ററി വോക്കൽ ട്രെയിനിങ്ങും എടുത്തു. ജോലിയുണ്ടെങ്കിലും സംഗീതവും ഇതിനൊപ്പം മുന്നോട്ടു കൊണ്ടുപോകാനാണ് ഇഷ്ടം.

സ്വർണലത പാടിയ പാട്ടുകളെല്ലാം കേൾക്കാൻ ഇഷ്ടമാണ്. ഇതുപോലെ വ്യത്യസ്തമായ ശബ്ദം അവർക്കു ശേഷം കേട്ടിട്ടില്ല. തമിഴിൽ പ്രദീപ് കുമാർ എന്നൊരു സിങ്ങർ ഉണ്ട്. അദ്ദേഹത്തിന്റെയും ഫാനാണ് ഞാൻ. എ.ആർ. റഹ്മാന്റെ ഒരു പാട്ട് പാടുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ ആഗ്രഹം.’’