Monday 27 May 2019 05:44 PM IST

തിരക്കിനിടയിലും അന്നയുടെ ഹൈബി, ക്ലാരയുടെ സ്കൂൾ മീറ്റിങ്ങുകളിലെ നിത്യസാന്നിധ്യം! അറിയാം കൊച്ചിയുടെ നായകന്റെ കുടുംബ വിശേഷം

Binsha Muhammed

anna

‘ഷാൾ വീ ഗോ ഫോർ എ റൈഡ്...’ ഖദറിന്റെ ഭാരവും വിജയത്തിന്റെ ഹാംഗ് ഓവറുമൊക്കെ ഇറക്കി വച്ച് നിയുക്ത എംപി പ്രണയാതുരനായി ചോദിക്കുകയാണ്. ചോദ്യം കേട്ടപാടെ അന്ന നോക്കിയത് ചുമരിൽ തൂങ്ങിയ ക്ലോക്കിലേക്കാണ്. രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു.

തിരക്കൊഴിഞ്ഞിട്ട് നേരമില്ലാത്ത കേരളത്തിലെ ശരാശരി കെട്ടിയവനാണ് ഈ ചോദ്യം ചോദിച്ചതെങ്കിൽ ഈ മനുഷ്യന് വട്ടായോ... ഇതെന്ത് കൂത്ത് എന്നൊക്കെയായിരിക്കും വീട്ടമ്മമാരുടെ ആത്മഗതം. പക്ഷേ ഇവിടുത്തെ കഥാനായകൻ ആള് ഒന്നാന്തരം ‘കുടുംബക്കാരനാണ്’. പോരാത്തതിന് ‘ഹൈലി റൊമാന്റിക്കും’, പിന്നത്തെ കാര്യം പറയണോ? അതറിയാകുന്നത് കൊണ്ട് തന്നെ ചോദ്യം കേട്ട നായികയ്ക്ക് അമ്പരപ്പോ ആശ്ചര്യമോ ഒന്നും തോന്നിയില്ല. കെട്ടിയവനൊപ്പം ഹെൽമെറ്റും തൂക്കി ദാ ഇറങ്ങുന്നു. കലക്കനൊരു റൈഡും കഴിഞ്ഞ് ഇരുവരും കുടുംബത്ത് കയറുമ്പോൾ സമയം ഒന്നര കഴിഞ്ഞു.

സ്നേഹവും കരുതലും സമം ചേർന്ന ആ നൈറ്റ് റൈഡ് ഫെയ്സ്ബുക്കിലേക്ക് കയറിയപ്പോഴേക്കും വേറെ ലെവലായി. പ്രിയപ്പെട്ടവൾക്ക് സർപ്രൈസ് സമ്മാനിക്കുന്ന കെട്ടിയവനും ആ കരുതൽ ആവോളമറിഞ്ഞ കെട്ടിയവൾക്കും ഫെയ്സ്ബുക്ക് ആരാധകരുടെ വക കുന്നോളം ഇഷ്ടം. ഭർത്താക്കൻമാരുടെ തിരക്ക് പിടിച്ച ലൈഫിൽ നട്ടം തിരിഞ്ഞ ഭാര്യമാരുടെ വക സ്നേഹം ചാലിച്ച കുശുമ്പ് വേറെയും.

സോഷ്യൽ മീഡിയ ‘റബ് നേ ബനാ ദി ജോഡി’ എന്ന് വാഴ്ത്തിയ ആ വൈറൽ കുടുംബ നാഥനെ പറഞ്ഞാൽ അറിയും. എറണാകുളം ലോക്സഭ മണ്ഡലത്തിലെ നിയുക്ത എംപി. ഭാഗ്യം ചെയ്ത ആ നല്ലപാതിയുടെ പേര് അന്ന. വൈറൽ റൈഡിന്റെ കഥയന്വേഷണം തിരക്കി ചെല്ലുമ്പോൾ അന്നയ്ക്ക് പ്രിയപ്പെട്ടവനെക്കുറിച്ച് നൂറുനാവ്. പാതിരാത്രിയിലെ ആ വൈറൽ ബുള്ളറ്റ് റൈഡ‍ിന്റെ കഥ, അതുക്കും മേലെ രാഷ്ട്രീയ താരപരിവേഷങ്ങൾക്കും അപ്പുറത്തെ സ്നേഹത്തിൽ ചാലിച്ച കുടുംബ കഥ ‘വനിത ഓൺലൈനു’മായി അന്ന പങ്കുവയ്ക്കുന്നു.

anna-1

അമ്മാച്ചന്റെ അടിപൊളി ഗിഫ്റ്റ്

എന്താ പറയാ... ഹൈബി എനിക്കൊപ്പം ഉള്ള ഓരോ മൊമന്റും എനിക്ക് അങ്ങേയറ്റം സ്പെഷ്യലാണ്. ഒരു എംഎൽഎയുടെ തിരക്ക് അറിയാല്ലോ. പക്ഷേ അതെല്ലാം ഒഴിഞ്ഞ് പുള്ളി എനിക്കും മകൾ ക്ലാരയ്ക്കും ഒപ്പം ചെലവഴിക്കുന്ന പതിനഞ്ച് മിനിട്ടെങ്കിൽ പതിനെഞ്ച് മിനിട്ട്. അതു തന്നെ ധാരാളം. ഞാനും ഹൈബിയും എല്ലാം അത് എൻജോയ് ചെയ്യും. പിന്നെ വീട്ടിലെത്തിയാൽ പുള്ളിക്കാരന് രാഷ്ട്രീയത്തിന്റെ തലക്കനമോ തലങ്ങും വിലങ്ങുമുള്ള ഫോൺകോളുകളോ തിരക്കു പിടിച്ച ഓട്ടങ്ങളോ ഉണ്ടാകാറില്ല. മികപ്പോഴും അങ്ങനെ തന്നെയാണ്. ഒരു ‘കംപ്ലീറ്റ് ഫാമിലി മാൻ’ ആയിട്ടായിരിക്കും ഹൈബി എത്തുന്നത്. ഹൈബിയുടെ പിന്നെയുള്ള സമയത്തിന്റെ അവകാശി ഞാനും മോളും ആണ്. അതിന്റെ ചെറിയൊരു സാമ്പിളാണ് ആ ബുള്ളറ്റ് റൈഡിന്റെ രൂപത്തിൽ കണ്ടത്. – അന്നയുടെ മുഖത്ത് നാണം കലർന്ന ചെറുപുഞ്ചിരി.

മരുമകൻ ഇലക്ഷൻ കഴിഞ്ഞ് ജയിച്ച് വീട്ടിലെത്തുമ്പോൾ ചൂടോടെ ഒരു ബുള്ളറ്റ് സമ്മാനിക്കണമെന്ന് എന്റെ പപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പുള്ളി പഴയൊരു കെഎസ്‍യുക്കാരനാണേ... ബുള്ളറ്റിന്റെ നിറമേതെന്ന ചോദ്യത്തിന് കോൺഗ്രസുകാരൻ ഹബ്ബിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല, നീല. റോയൽ എൻഫീൽഡ് തണ്ടർ ബേഡ് 350 എക്സ് കൗണ്ടിംഗ് ഡേയുടെ അന്നു തന്നെ കയ്യോടെ ഡെലിവർ ചെയ്യിപ്പിച്ചു. തിരക്കും ഓട്ടപ്പാച്ചിലും സ്വീകരണവും ജാഥയുമൊക്കെ കഴിഞ്ഞ് ഹൈബി വീട്ടിലെത്തിയപ്പോൾ തന്നെ ഒരു നേരമായി. പുതിയ ബുള്ളറ്റ് എടുത്തിട്ട് ഒരു റൈഡ് പോകാതിരിക്കുന്നത് എങ്ങനാന്ന് കക്ഷിക്ക് തോന്നിക്കാണും. ആ യാത്ര പിറക്കുന്നത് അങ്ങനെയാണ്.

anna-3

ക്ലാരയുടെ പിണക്കം

ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ ഞാനും ഉണ്ടായിരുന്നു. രണ്ട് റൂട്ടിൽ സഞ്ചരിച്ചാണ് ഞങ്ങൾ കൊച്ചിക്കാരുടെ മനസറിഞ്ഞത്. അന്നേ ദിവസം റിസൾട്ട് കാണുമ്പോഴും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഇതിനിടയിൽ‌ ഞാന്‍ കൂടെയുള്ളത് കൊണ്ടായിരിക്കാം ഹൈബി വീട്ടിലേക്ക് വന്നില്ല. എന്നാൽ പപ്പയെ കാത്തിരുന്ന മറ്റൊരാൾ വീട്ടിൽ കലിപ്പിലായിരുന്നു, മകള്‍ ക്ലാര. നിർബന്ധം പിടിച്ച് അവൾ ഒടുവിൽ പപ്പയുടെ അരികിലെത്തി. അന്നേരം ഹൈബി നന്ദി പറയാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. നടു റോഡിൽ കണ്ടപാടെ ക്ലാര മുഖംവീർപ്പിച്ച് ഹൈബിയുടെ തലമുടി പിടിച്ചു വലിച്ചു. പിന്നെ പുള്ളിക്കാരി കൂളായി. ദേഷ്യമൊക്കെ മാറി പപ്പയ്ക്ക് ചക്കരമുത്തം.

anna-4

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ഹൈബിയുടെ തിരക്ക് ഒരു തരി പോലും എന്നേയും മകളേയും ബാധിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ എനിക്ക് പറയാനാകും. ഞാൻ എൽഎൽബി ചെയ്യുന്നുണ്ട്. പലപ്പോഴും മകളുടെ സ്കൂളിലെ റിവ്യൂ മീറ്റിങ്ങിന് അറ്റൻഡ് ചെയ്യാൻ എനിക്ക് കഴിയാറില്ല. സത്യം പറഞ്ഞാൽ മകളുടെ സ്കൂളിലെ റിവ്യൂ മീറ്റിങ്ങിന് എന്നേക്കാളേറെ അറ്റൻഡ് ചെയ്തിട്ടുള്ളത് ഹൈബിയാണ്. അത് പറയുമ്പോൾ പലർക്കും അത്ഭുതമാണ്. എംഎൽഎ ആയി എന്നതിന്റെപേരിൽ കുടുംബത്തിന്റെ ഒരു കാര്യത്തിലും പ്രത്യേകിച്ച് മകളുടെ പഠനത്തിന്റെ കാര്യത്തിൽ ഒട്ടുവീഴ്ചയ്ക്കും ഹൈബി തയ്യാറല്ല. എംഎൽഎയുടെ മകളാണ്, മീറ്റിങ്ങിന് പങ്കെടുക്കാനാകില്ല എന്ന തരത്തിലുള്ള എക്സ്ക്യൂസുകളും അഡ്വാന്റേജുകളും ഒന്നും പുള്ളിക്കാരൻ ഒരിക്കൽ പോലും എടുത്തിട്ടില്ല. ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ മാത്രം ഞാൻ അറ്റൻഡ് ചെയ്തു. മകളുടേയും എന്റേയും കാര്യങ്ങൾ ഹൈബി വളരെ താത്പര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. പിന്നെ ബേസിക്കലി ജനപ്രതിനിധി എന്ന നിലയിൽ പുള്ളിക്കാരൻ വര്‍ക് ഹോളിക് ആണ്. അത് മനസിലാക്കി മാത്രമേ ഞാൻ പുള്ളിയെ പല കാര്യങ്ങൾക്കും ബുദ്ധിമുട്ടിക്കാറുള്ളൂ. പുള്ളിയോട് സംസാരിക്കേണ്ട സമയത്തെക്കുറിച്ചു പോലും എനിക്ക് കൃത്യമായ ധാരണയുണ്ട്. ഹൈബിയുടെ തിരക്ക് എനിക്ക് നന്നായി മനസിലാകും. ചുരുക്കത്തിൽ ഹൈബി നന്നായി കെയർ ചെയ്യുന്നുണ്ട്, അതിൽപ്പരം സന്തോഷം വേറെന്ത് വേണം.

anna-2

ഗിഫ്റ്റഡ് ഹസ്ബൻഡ്...ബ്ലെസ്ഡ് ൈവഫ്

ഞാൻ പറഞ്ഞല്ലോ പുള്ളിക്കാരനുമൊത്തുള്ള ഓരോ മൊമന്റും എനിക്ക് സമ്മാനിച്ച ഓരോ ഗിഫ്റ്റും ലൈഫ് ലോംഗ് എനിക്ക് സ്പെഷ്യലാണ്. ഏറ്റവും ഒടുവിൽ എന്റെ മനസറിഞ്ഞ് ഹൈബി എനിക്ക് സമ്മാനിച്ചത് ഒരു ബ്ലൂ ടൂത്ത് പോർട്ടബിൾ സ്പീക്കറാണ്. ഞങ്ങൾ രണ്ടു പേരും സംഗീത പ്രേമികളാണ്. ഗിഫ്റ്റ് തരാനും നല്ല നിമിഷങ്ങൾക്കും ഇനിയും ഒരു ജന്മം ബാക്കിയുണ്ടല്ലോ. ഒന്നുമില്ലേലും പുള്ളിക്കാരൻ എന്നെ പ്രേമിച്ചല്ലേ കെട്ടിയത്. അതിന്റെ ഉത്തരവാദിത്തം ഉണ്ടാകാതിരിക്കുമോ– കള്ളച്ചിരിയോടെ അന്ന പറഞ്ഞു നിർത്തി.

anna-5