Friday 31 May 2019 05:30 PM IST

ഹോമിയോപ്പതി ചികിത്സയിലൂടെ ഗർഭധാരണം സാധ്യമാണോ? അഖിലും സരിതയും പറയും, സർക്കാർ ആശുപത്രിയിലെ മാലാഖ ഡോക്ടറുടെ കഥ

Binsha Muhammed

akhil-saritha

വിവാഹം കഴിഞ്ഞ് മാസം ഒന്ന് തികഞ്ഞോ എന്ന് സംശയമാണ്. അതിനു മുമ്പേ എത്തി ‘വിശേഷം തിരക്കലുകൾ.’ ഒന്നും ആയില്ലേ... മോളേ...വിശേഷം വല്ലതും ആയോ...? ഇക്കണ്ട ചോദ്യങ്ങളുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്നായപ്പോൾ ചോദ്യശരങ്ങളുടെ രണ്ടാം ഘട്ടം ഇതാ വരവായി. ‘ഡാക്കിട്ടറെ കാണിച്ചില്ലേ മോളേ...പ്രശ്നം മോൾക്കോ...അതോ മോനോ...ഞാനൊരു ഡോക്ടറെ പറഞ്ഞു തരട്ടേ...എല്ലാം കഴിയാറായപ്പോൾ ദിവ്യഗർഭത്തിന്റെ പേറ്റന്റ് എടുത്തിരിക്കുന്ന ദിവ്യൻമാരുടെ അടുക്കലേക്ക് പൊയ്ക്കൂടേ എന്നു വരെ ഉപദേശങ്ങളെത്തി.

പിറവം സ്വദേശി അഖിലിന്റേയും സരിതയുടേയും ഉത്കണ്ഠയുേടയും നെടുവീർപ്പിന്റേയും പ്രാർത്ഥനയുടേയും നാളുകൾ ഇങ്ങനെയൊക്കെയാണ് കടന്നു പോയത്. ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി. കുത്തിനോവിക്കുന്ന ചോദ്യശരങ്ങൾ ഒരു വശത്ത്...മറുവശത്ത് ഒരു കൺമണിക്കായുള്ള അവരുടെ കാത്തിരിപ്പ് നീണ്ടു പൊയ്ക്കൊണ്ടേയിരുന്നു. ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി. പ്രതീക്ഷകൾ കൈവിട്ടു പോകയാണോ എന്ന തോന്നൽ വന്നപ്പോൾ അവർ മറ്റുവഴികൾ തേടിയിറങ്ങി. പേരുകേട്ട ഡോക്ടർമാരുടെ സഹായം തേടി.

ഒരു കുഞ്ഞിക്കാലെന്ന സ്വപ്നത്തിന് പലരും വിലയിട്ടത് ലക്ഷങ്ങൾ. പക്ഷേ അപ്പോഴും ആ സ്വപ്നം മാത്രം അകന്നു നിന്നു. വാക്കു പറഞ്ഞവരും ഫലം പ്രവചിച്ചവരും ൈകമലർത്തിയപ്പോൾ അഖിൽ–സരിത ദമ്പതികൾ ആ ശ്രമം അങ്ങ് ഉപേക്ഷിച്ചു. ‘ഒരു കൺമണിയെ ദൈവം ഞങ്ങൾക്ക് വിധിച്ചിട്ടില്ല’. മനസിൽ ഇതായിരം വട്ടം ഉരുവിട്ട് ദുഃഖമടക്കി മുന്നോട്ടു പോകവേയാണ് കാലം കാത്തു വച്ച ആ ട്വിസ്റ്റ്. ലക്ഷങ്ങൾ മുടക്കേണ്ടുന്ന ഐവിഎഫ് ചികിത്സയുടെ സ്ഥാനത്ത് ഹോമിയോപതി അവതരിച്ചു. നെഞ്ചിൽ കുഴിച്ചു മൂടിയ അവരുടെ സ്വപ്നങ്ങളെ തിരികെ കൊണ്ടു വരാൻ ദൈവദൂതയെ പോലെ ഒരു ഡോക്ടറെ ദൈവം അവർക്ക് നൽകി, പേര് സാറാ നന്ദന... മൂവാറ്റുപുഴ ഗവൺമെന്റ് ഹോമിയോ കോളേജിലെ ഡോക്ടർ. ബാക്കി കഥ മാറോടൊട്ടിപ്പിടിച്ചിരിക്കുന്ന ഈ കുഞ്ഞാവയുടെ പുഞ്ചിരിയിലുണ്ട്. പ്രവചനങ്ങളെ അസ്ഥാനത്താക്കി... കുറ്റംപറച്ചിലുകാരുടെ വായടപ്പിച്ച്... നിരവധി ചികിത്സകളുടെ നൂലാമാലകളെ മറികടന്ന് ഒരു കുഞ്ഞാവയെ കിട്ടിയ കഥ. അഖിലും സരിതയും അക്കഥ പങ്കുവയ്ക്കുകയാണ് ‘വനിത ഓൺലൈൻ’ വായനക്കാർക്കായി.

a1

അമ്മയെ ബലാൽസംഗം ചെയ്ത മകൻ പിടിയിൽ! പരാതി നൽകിയത് അച്ഛൻ‌, ലജ്ജിച്ച് തലതാഴ്‍ത്തി കേരളം

എന്റെ ജീവിതത്തിൽ ഒരു ക്ലാരയില്ല! വാർധക്യം തളർത്തിയ ‘മണ്ണാർത്തൊടി ജയകൃഷ്ണൻ’ പറയുന്നു, തൂവാനത്തുമ്പികളിലെ നായകൻ ഇവിടെയുണ്ട്

മരണമില്ലാത്ത മാലാഖയായി ലിനി! നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് ‘ഐ ആം എ നഴ്സ്’ ശ്രദ്ധേയമാകുന്നു: വിഡിയോ

വിശേഷം തിരക്കൽ എന്ന വെറുപ്പിക്കൽ

a2

ഒരു വിപ്ലവ കല്യാണം വരുത്തി വച്ച നൂലാമാലകള്‍ കെട്ടടങ്ങിയിട്ടില്ലായിരുന്നു. ഞാൻ ഹിന്ദുവും സരിത മുസ്ലീമും. കുടുംബക്കാരേയും വേണ്ടപ്പെട്ടവരേയും പിണക്കി ഒരു പുതിയ ജീവിതത്തിന് ഇറങ്ങിത്തിരിച്ചവളാണ് ഞാനും ഇവളും. രസം എന്തെന്നാൽ ഞാൻ വയലിൻ പഠിക്കാൻ ചെന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചറായിരുന്നു പുള്ളിക്കാരി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഞങ്ങള്‍ ജീവിതം തുടങ്ങുകയാണ്.–അഖില്‍ പറഞ്ഞു തുടങ്ങുകയാണ്.

സാധാരണ രീതിയിൽ വിവാഹം കഴിഞ്ഞവരെ പോലും നമ്മുടെ സമൂഹം വെറുതെ വിടാറില്ല. കുഞ്ഞായില്ലേ...എന്തെങ്കിലും പ്രശ്നമുണ്ടോ, വിശേഷമുണ്ടോ എന്നൊക്കെ ചോദിച്ച് വെറുപ്പിക്കൽ തുടങ്ങും. ഇവിടെ ഞങ്ങൾ രണ്ടു ജാതിയിലുള്ളവരാണ്. അതുകൊണ്ട് തന്നെ ആൾക്കാരുടെ മുനവച്ചുള്ള സംസാരത്തിന്റെ മൂർച്ചയും കൂടിയിരുന്നു.

പ്രതീക്ഷയോടെ ആ സന്തോഷവാർത്തയ്ക്കായി ഞങ്ങൾ കാത്തിരുന്നു. പ്രാർത്ഥനയും വഴിപാടുകളും മറുവശത്ത്. പക്ഷേ എല്ലാം വെറുതെയായിപ്പോകുകയാണോ എന്ന തോന്നൽ വന്നത് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ്. പന്തികേട് തോന്നിയത് കൊണ്ട് തന്നെയാണ്. ഞങ്ങൾ ഡോക്ടറുടെ അടുത്തേക്കോടിയത്.

അമ്മയാകില്ലെന്ന് അവസാന വാക്ക്

ഗർഭപാത്രത്തിൽ ജെല്ല് കണക്കെ എന്തോ ഒട്ടിപ്പിടിച്ചിരിക്കുന്നു എന്ന് ഡോക്ടർ ആദ്യം പറഞ്ഞപ്പോൾ അമ്പരപ്പും ഭയവും ഒരുപോലെയുണ്ടായിരുന്നു. സിസ്റ്റ് എന്ന ശാരീരിക അവസ്ഥയാണ് ഇതെന്ന് ഡോക്ടർമാർ വിശദീകരിച്ചു തരുമ്പോഴും സരിതയ്ക്കും എനിക്കും ടെൻഷൻ വിട്ടുമാറിയിരുന്നില്ല. ഫലപ്രദമായ ചികിത്സയിലൂടെ ഈയവസ്ഥ മാറ്റിയെടുക്കാമെന്നും ഉടനെ തന്നെ ഗർഭം ധരിക്കാനാകുമെന്നും ഡോക്ടർമാരും സുഹൃത്തുക്കളും പറഞ്ഞപ്പോൾ ധൈര്യമായി. ചികിത്സയുടേയും പരിശോധനകളുടേയും നാളുകളായി പിന്നീട്. ജെൽ രൂപത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സിസ്റ്റ് ചുരണ്ടി മാറ്റിയശേഷം കൺസീവ് ചെയ്യാനാകുമെന്നായിരുന്നു ഉറപ്പ്. പക്ഷേ മാസങ്ങൾ കടന്നു പോയിട്ടും, ഫലം മാത്രം അകലെ നിന്നു. ഒന്നും രണ്ടുമല്ല പലവട്ടം...പല ഡോക്ടർമാരുടേയും അടുക്കൽ ചികിത്സയ്ക്കായി കയറിയിറങ്ങി. ഒടുവിൽ എനിക്ക് വാക്കു തന്ന ഡോക്ടർമാരെല്ലാം കൈമലർത്തുന്ന അവസ്ഥായായി. ഐവിഎഫിലൂടെ മാത്രമേ ഇനി ഇതിന് ഒരു പരിഹാരമുള്ളൂ എന്ന് വിധിയെഴുതി. –സരിത വേദനയുടെ ആ നാളുകൾ ഓർക്കുന്നു.

കുട്ടിയുണ്ടാകണമെങ്കിൽ ചികിത്സയ്ക്ക് നൽകേണ്ടി വരുന്നത് നാലു അഞ്ചും ലക്ഷം എന്നൊക്കെ കേട്ടപ്പോൾ ആ സ്വപ്നം ഉപേക്ഷിക്കാനാണ് തോന്നിയത്. വെറുമൊരു മ്യൂസിക്ക് ടീച്ചറായ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ആ സംഖ്യ. ഐവിഎഫിൽ അഭയം പ്രാപിക്കാനാകില്ലെന്നായപ്പോൾ ഞാനും അവളും ആ സ്വപ്നം ഉപേക്ഷിച്ചു. ഞങ്ങളുടെ ജീവിതത്തിൽ ഒരു കുഞ്ഞില്ല എന്ന വലിയ സത്യം ഞങ്ങൾ വേദനയോടെ ഉൾക്കൊണ്ടു. എല്ലാം സഹിക്കാം അന്ന് സരിതയുടെ കണ്ണിൽ നിന്നും വന്ന കണ്ണീരാണ് എന്നെ തളർത്തിക്കളഞ്ഞത്.

കണ്ണിൽക്കണ്ട ചികിത്സയെല്ലാം ചെയ്തു. പറഞ്ഞ പരിശോധനയ്ക്കെല്ലാം സരിതയെ വിധേയയാക്കി. എല്ലാം കഴിഞ്ഞിറങ്ങുമ്പോഴേക്കും അവൾ തളർന്നിരുന്നു. ചികിത്സയും ഇഞ്ചക്ഷനുകളുമൊക്കെ കഴിഞ്ഞിറങ്ങിയപ്പോഴേക്കും സരിത തിരിച്ചറിയാൻ പറ്റാത്ത വിധം മാറി. പൊതുവേ മെലിഞ്ഞ ശരീരമായിരുന്നു അവളുടേത്. ഇതെല്ലാം കഴിഞ്ഞപ്പോൾ കറുത്ത് തടിച്ച് വല്ലാത്ത രൂപമായി. ഇക്കണ്ട വേദനയ്ക്കു മേൽ ഈയൊരവസ്ഥ കൂടിയായപ്പോൾ അതുവരെയുണ്ടായിരുന്ന വേദന ഇരട്ടിയായി– അഖിൽ ഓർക്കുന്നു.

a5

പുഞ്ചിരി വിരിയിച്ച ട്വിസ്റ്റ്

മൂവാറ്റുപുഴ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സാറ നന്ദനയുടെ പേര് ഒരു സുഹൃത്ത് നിർദ്ദേശിക്കുമ്പോൾ തികഞ്ഞ നിസംഗതയായിരുന്നു മനസിൽ. ഇത്രയും ചികിത്സ ചെയ്തു. ഇനി വയ്യ എന്നാണ് ചിന്തിച്ചത്. ഇനിയിപ്പോ ഹോമിയോപ്പതിക്ക് എന്ത് ചെയ്യാനാകും എന്നായി മനസിൽ. പക്ഷേ പലരുടേയും നിർബന്ധത്തിന് വഴങ്ങി അവസാന പ്രതീക്ഷയെന്നോണം ഡോക്ടറുടെ അരികിലെത്തി. ഞങ്ങളുടെ മുൻധാരണകളെ തന്നെ പൊളിച്ചെഴുതുകയായിരുന്നു അവിടെ ഡോക്ടർ ആദ്യം ചെയ്തത്.

എന്റേയും ചേട്ടന്റേയും കുടുംബ പശ്ചാത്തലം ഡോക്ടർ മനസിലാക്കി. ശാരീരിക ബുദ്ധിമുട്ടുകൾ വിശദമായി ചോദിച്ചറിഞ്ഞു. അതു വരെ ചെയ്ത ചികിത്സകളെ കുറിച്ച് വിശദമായി പഠിച്ചു. ഇതെല്ലാത്തിനുമൊടുവിലാണ് ചികിത്സ തുടങ്ങിയത്. പറഞ്ഞാൽ വിശ്വസിക്കില്ല, ലക്ഷങ്ങളുടെ മറ്റ് ചികിത്സകളുടെ സ്ഥാനത്ത് ഡോക്ടർ ഞങ്ങൾക്ക് നിർദ്ദേശിച്ചത് ആയിരം രൂപയിൽ താഴെ മാത്രമുള്ള ഹോമിയോ മരുന്നുകൾ. ഒരു ജർമൻ മെഡിസിനു മാത്രം കയ്യില്‍ നിന്നും കാശു മുടക്കേണ്ടി വന്നു. അതും അഞ്ഞൂറ് രൂപയിൽ താഴെ.

നിരാശ മൂടിയ ഞങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരി വിരിയിച്ച് ഡോക്ടർ സന്തോഷത്തോടെ അവിടെ നിന്ന് യാത്രയാക്കി. മൂന്ന് മാസം കടന്നു പോയി. ഒടുവിൽ ഞങ്ങൾ കാത്തിരുന്ന ആ സന്തോഷ വാർത്തയെത്തി. സരിത ഒരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു. റിസൾട്ട് മാത്രമല്ല ഞങ്ങളുടെ ജീവിതവും പോസിറ്റീവായ ദിനം. ആ സന്തോഷത്തിന്റെ ബാക്കിയാണ് ദേ ഇവൻ... ഞങ്ങളുടെ കുഞ്ഞ് ആദവ്.

ഗർഭം ധരിക്കാനുള്ള ചികിത്സകളുടെ പട്ടികയിൽ പോലും ഉൾപ്പെടുത്താത്ത ഹോമിയോപ്പതിയാണ് ഞങ്ങൾക്ക് ഇവനെ തന്നത് എന്നോർക്കണം. സകല മാർഗങ്ങളും അടഞ്ഞ് പ്രതീക്ഷ അസ്തമിച്ചിരുന്ന ഞങ്ങളുടെ കണ്ണുകളിൽ പുഞ്ചിരി വിരിയിക്കാൻ ഹോമിയോപ്പതിയും ദൈവത്തിന്റെ കൈപ്പുണ്യമുള്ള ഡോക്ടർ സാറാ നന്ദനയും വേണ്ടി വന്നു എന്നുള്ളതാണ് ട്വിസ്റ്റ്. ഇന്ന് ഇവനാണ് ഞങ്ങൾക്കെല്ലാം. കണ്ണീർ മാത്രം ബാക്കിയായ ഞങ്ങളുടെ കണ്ണുകളിൽ പുഞ്ചിരി വിരിയിച്ച ഞങ്ങളുടെ കണ്ണൻ. ഡോക്ടർ സാറയോട് എത്ര നന്ദി പറഞ്ഞാലാണ് പകരമാകുക. ഞങ്ങൾക്കു മാത്രമല്ല, നൂറോളം പേർ‌ക്കാണ് മൂവാറ്റുപുഴയിലെ ഈ സർക്കാർ ഹോമിയോ ആശുപത്രി ജീവിതത്തിൽ പ്രകാശം പരത്തിയിട്ടുള്ളത്. എല്ലാ വഴിയും അടയുമ്പോൾ മാലാഖയുടെ മുഖവുമായി ഡോ. സാറ നന്ദന ഞങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് കടന്നു വന്നതു പോലെയാണ് തോന്നുന്നത്. – അഖിൽ പറഞ്ഞു നിർത്തി.