വിവാഹത്തോടെ ‘എന്റെ ഇഷ്ടങ്ങൾ’ ‘നമ്മുടെ ഇഷ്ടങ്ങൾ’ക്ക് വഴിമാറും. ഒരേ മനസ്സാകുക എന്ന് കാവ്യാത്മകമായി പറയാനും കേൾക്കാനും സുഖമാണെങ്കിലും പ്രാവർത്തികമാകാൻ അൽപം പ്രയത്നം വേണമെന്നു മാത്രം. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചു വന്നവരുടെ സ്വഭാവവും ചിന്തകളും വ്യത്യസ്തമായിരിക്കും. വിട്ടുവീഴ്ചയും പരസ്പര സ ഹകരണവുമുണ്ടെങ്കിൽ കൂൾ ആയി മുന്നോട്ടു പോകാവുന്നതേയുള്ളൂ. പങ്കാളിയുടെ സ്വപ്നങ്ങളും കഴിവുകളുമെന്താണ്, നേട്ടങ്ങളെന്തൊക്കെ, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ് തുടങ്ങിയ കാര്യങ്ങളെല്ലാം ക്ഷമയോടെ മനസ്സിലാക്കുക. അംഗീകരിക്കുക, സ്നേഹിക്കുക.
പൊതുവായ താൽപര്യങ്ങൾ കണ്ടെത്താനുള്ള അവസരം കൂടിയാണ് ഹണിമൂൺ. സംഗീതം, യാത്ര, വായന, സിനിമ എന്നിങ്ങനെ രണ്ടുപേർക്കും ഒരുപോലെ താൽപര്യമുള്ള വിഷയങ്ങൾ കൂടുന്തോറും വ്യക്തികൾ തമ്മിലുള്ള ഇഴയടുപ്പം കൂടും. ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് രണ്ടുപേരും മനസ്സു തുറന്ന് മതിയാവോളം സംസാരിച്ചോളൂ. മനസ്സുകൾ തമ്മിൽ അറിയാതെ ഒന്നാകുന്നത് അനുഭവിച്ചറിയാം.
സംസാരം മധുരതരമാക്കാൻ എന്തുചെയ്യാം?
ഇന്ന് വിവാഹം തീരുമാനിക്കുമ്പോൾ മുതൽ സംസാരിച്ചു തുടങ്ങുമെങ്കിലും പൂർണ സ്വാതന്ത്ര്യത്തോടെ കൂടുതൽ സ്വകാര്യമായി സംസാരിക്കാനുള്ള സാഹചര്യം കിട്ടുന്നത് മധുവിധുകാലത്താണ്. കാമുകീ–കാമുക ഭാവമാണ് ഈ കാലത്ത് നല്ലത്. നിന്നെക്കുറിച്ച് എനിക്കു മനസ്സിലായ കാര്യങ്ങൾ ഇതാണ്, നിന്നിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ഇതെല്ലാമാണ്, നിന്നെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നോ, എന്നു തുടങ്ങി പരസ്പരം അൽപം ആത്മവിശ്വാസം പകരാം. വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും രസകരമായ സംഭവങ്ങളും അനുഭവവും പറയാം. പൊസിറ്റീവ് എനർജി പകരുന്ന കാര്യങ്ങൾ മാത്രം സംസാരിക്കാൻ ശ്രദ്ധ വയ്ക്കുക. ചെറിയ സൗന്ദര്യപ്പിണക്കങ്ങളും അതിനു പുറകെയുള്ള ഇണക്കങ്ങളും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നവരാണെങ്കിൽ പിണക്കം കഴിഞ്ഞുള്ള ഇണക്കങ്ങൾക്ക് ഇമ്പമേറും. പക്ഷേ, സീരിയസ് ആയ ദേഷ്യം, വഴക്ക് പോലുള്ള നെഗറ്റിവ് വികാരങ്ങളെ പുറത്തു നിർത്തിക്കോളൂ.
പുകവലി, മദ്യപാനം, മയക്കുമരുന്ന് പോലുള്ള ശീലങ്ങൾ മധുവിധു കാലത്താണ് അറിയുന്നതെങ്കിൽ ഇണയ്ക്കത് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. വിശ്വാസക്കുറവും തോന്നാം. വഴക്കു പറയുന്നതോ പിണങ്ങുന്നതോ കൊണ്ട് ഇ ത്തരം ശീലങ്ങൾ മാറണമെന്നില്ല. സ്നേഹത്തോടെയും ക്ഷമയോടെയും ഇടപെട്ട് മാറ്റിയെടുക്കുകയാണ് വേണ്ടത്.

മധുവിധുകാലത്തെ കൊച്ചുകൊച്ചു പിണക്കങ്ങൾ ജീവിതത്തെ ബാധിക്കുമോ?
ഹണിമൂൺ കാലത്ത് രണ്ടുപേരും അവരുടെ ഏറ്റവും നല്ല പെരുമാറ്റം കൊണ്ട് ഇണയെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ശ്രമിക്കും. ഇതാണ് അവൻ അല്ലെങ്കിൽ അവൾ എന്നു ധരിച്ചാൽ ജീവിതത്തിലേക്കു കടക്കുമ്പോൾ നിരാശയാകും. രണ്ടു വ്യക്തികൾ ചേരുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം. അതുവരെ അറിഞ്ഞ ആളേ അല്ലല്ലോ എന്ന് അടുത്ത് ഇടപഴകുമ്പോൾ തോന്നാം. പൊരുത്തക്കേടുകൾ തുടങ്ങുന്നത് മധുവിധുകാലത്തു തന്നെയാണ്. ആശയപ്പൊരുത്തത്തിലെത്താനാകാതെ വന്നാൽ പിണക്കങ്ങൾ ഉണ്ടാകാം. എന്നാലത് നീണ്ടുപോകാതെ നോക്കണം.
വിവാഹശേഷം ഫോണിന്റെയും സമൂഹ മാധ്യമങ്ങളുടെയും ഉപയോഗം എങ്ങനെയാകണം?
തെറ്റു സംഭവിച്ചാൽ ക്ഷമ ചോദിക്കാൻ മടിക്കേണ്ട. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളേ എല്ലാവർക്കുമുള്ളൂ. തെറ്റുകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്താം. പരിഹാരം കാണാനാകുന്നില്ലെങ്കിൽ മാത്രം രണ്ടുപേരെയും നന്നായി അറിയാവുന്ന ആരോടെങ്കിലും പ്രശ്നം പറഞ്ഞ് ഒത്തുതീർപ്പിലെത്താം.
ഹണിമൂൺ കാലം കഴിയുമ്പോഴേക്കും യാഥാർഥ വ്യക്തിത്വം തിരിച്ചറിഞ്ഞു തുടങ്ങും. ജീവിതത്തിലേക്കെത്തുമ്പോൾ എല്ലായ്പ്പോഴും മധുരതരമായ പെരുമാറ്റം സാധിച്ചെന്നു വരില്ല. ധാരണകൾക്ക് മാറ്റം വരുമ്പോൾ ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാകും. ഇവ ഊതിവീർപ്പിക്കാതെ നോക്കാൻ കഴിയുന്നിടത്താണ് ദാമ്പത്യവിജയം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. കെ. ഗിരീഷ്,
അസി. പ്രഫസർ ഇൻ ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്, തിരുവനന്തപുരം.
ഡോ. ശ്രീകലാദേവി. എസ്.
കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് അൻഡ് ഗൈനക്കോളജി, ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.