രണ്ടുപേർ തമ്മിലുള്ള മാനസിക–ശാരീരിക ബന്ധത്തിന്റെ യഥാർഥ തുടക്കമാണ് ആദ്യരാത്രി. എന്റെ ലോകത്ത് ജീവിതാവസാനം വരെ ഒപ്പം നടക്കാൻ പ്രിയപ്പെട്ടൊരാളെ കൂട്ടുകിട്ടിയിരിക്കുകയാണെന്നു കരുതുക. വിവാഹനാളിന്റെ ക്ഷീണം മുഴുവൻ പേറിയാവും വധൂവരന്മാർ മണിയറയിലെത്തുക. കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചേ കിടപ്പറയിലേക്ക് കടക്കാവൂ.
മറയില്ലാത്ത പെരുമാറ്റം കൊണ്ടേ അടുത്തറിയാൻ പറ്റൂ. നിങ്ങളെന്താണോ അതുപോലെ സാധാരണമായി പെരുമാറുക. രണ്ടുപേർക്കുമിടയിൽ രഹസ്യങ്ങൾ വേണ്ട. പങ്കാളി എന്തോ ഒളിക്കുന്നുവെന്ന് തോന്നാൻ ഇടവരുത്തരുത്. രതിപൂർവ ലീലകൾ ആസ്വദിച്ച് പരസ്പരം അടുക്കാൻ ശ്രമിക്കുക.
ലൈംഗികബന്ധത്തിലേക്കെത്താവുന്ന വിധം മാനസിക അടുപ്പമുണ്ടെങ്കിൽ മാത്രം അതിനു മുതിരാം. ഒരാൾക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അയാളുടെ വികാരങ്ങളെ ബഹുമാനിക്കുകയും തയാറാകും വരെ ക്ഷമയോടെ കാത്തിരിക്കുകയും വേണം.
ബെഡ്റൂം ഒരുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
ഹണിമൂൺ കാലത്ത് എന്തിലും പ്രണയ സ്പർശം വേണമെന്നു തോന്നും. കിടപ്പുമുറി പതിവിലും റൊമാന്റിക് ആയിക്കോട്ടെ. അടുക്കും ചിട്ടയും വൃത്തിയുമുള്ളതാകണം മുറിയും വിരിയും തലയണയും. പാറിപ്പറക്കുന്ന റൊമാന്റിക് സോഫ്റ്റ് കർട്ടനുകൾ മതി. മനസ്സിന് കുളിർമ നൽകുന്ന ഇളംനിറങ്ങളാണ് ചുവരുകൾക്കും കർട്ടനുകൾക്കും നല്ലത്. രണ്ടുപേരുടെയും ഇ ഷ്ടമനുസരിച്ചുള്ള ഡിസൈനുകൾ പുതപ്പിലും കർട്ടനിലുമെല്ലാം ഉണ്ടായിക്കോട്ടെ.
ഭംഗിയുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച്, വിളക്കുകൾ കത്തിച്ചു വച്ച്, റൊമാന്റിക് മൂഡിലുള്ള സംഗീ തം പശ്ചാത്തലത്തിൽ ഒഴുകുക കൂടി ചെയ്യുന്നുണ്ടെങ്കിൽ കാ ൽപനിക ലോകത്തേക്ക് പറന്നു ചെല്ലാം.
ഹണിമൂൺ കാലത്ത് പങ്കാളിയോട് പഴയജീവിതത്തെക്കുറിച്ച് തുറന്നു പറയണോ?
വിവാഹത്തിനു മുമ്പുള്ള ജീവിതത്തെക്കുറിച്ച് കുമ്പസാരിക്കാനുള്ള വേദിയല്ല ആദ്യരാത്രി. കഴിഞ്ഞകാര്യങ്ങളെക്കുറിച്ച് ചോദിക്കില്ല എന്നു രണ്ടുപേരും തീരുമാനമെടുത്ത് മണിയറയിലേക്കു കടന്നാൽ മതി. പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്നതൊന്നും ദാമ്പത്യത്തിന്റെ തുടക്കകാലത്ത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക. ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ അതാണു നല്ലത്. സൗഹൃദവും സ്നേഹവും ആകർഷണവും നിറഞ്ഞു നിൽക്കുന്ന മധുവിധുകാലത്തിന്റെ സന്തോഷം ഇത്തരം കാര്യങ്ങൾ പറഞ്ഞ് നശിപ്പിക്കരുത്.
അച്ഛനമ്മമാരെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അനാവശ്യമായ വിവരണങ്ങളും പുകഴ്ത്തലുകളും സഹിക്കാൻ പങ്കാളിക്കു കഴിയണമെന്നില്ല. വീരകഥകൾ പറഞ്ഞ് സ്വയം ആളാകാനുള്ള ശ്രമവും നല്ലതല്ല. ‘എന്റെ സങ്കൽപത്തിലുള്ള ആൾ ഇങ്ങനെയല്ലായിരുന്നു, എന്നാലും അഡ്ജസ്റ്റ് ചെയ്യാം.’ എന്ന രീതിയിലുള്ള സംസാരവും വേണ്ട.
തുടര്‍ന്നു വായിക്കാം
ചിത്രങ്ങൾക്ക് കടപ്പാട്: സോൾ ബ്രദേഴ്സ്, നിയാസ് മരിക്കാർ
വിവരങ്ങൾക്ക് കടപ്പാട്:ഡോ. ശ്രീകലാദേവി. എസ്, കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം