Friday 05 June 2020 02:36 PM IST

ശ്രദ്ധിച്ചില്ലെങ്കിൽ പായലും ബാക്ടീരിയകളും ഫംഗസും വീട്ടിലെത്തും ; മഴക്കാലത്തിനു മുമ്പേ വീടൊരുക്കാൻ ചിലത്

V N Rakhi

Sub Editor

rain-home

ഇടവപ്പാതിക്കു മുമ്പേ വീടാകെയൊന്നു വൃത്തിയാക്കുന്നത് പതിവാണ്. കോവിഡ് കാലമായതുകൊണ്ട് ഞായറാഴ്ചകള്‍ അതിനായി മാറ്റിവയ്ക്കുന്നുമുണ്ട് നമ്മള്‍. വീടുകള്‍ വൃത്തിയാക്കുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍...

ചുമരുകളിലോ മേല്‍ക്കൂരയിലോ വിള്ളലുകളുണ്ടെങ്കില്‍ വീടിനകത്തേക്ക് ഈര്‍പ്പം എത്തും. ഈര്‍പ്പത്തില്‍ പായലും ബാക്ടീരിയകളും ഫംഗസുകളും എളുപ്പത്തില്‍ പെരുകും. ഇത് അസുഖങ്ങള്‍ക്ക് കാരണമാകും. വിള്ളലുകള്‍ നേരത്തേ തന്നെ കണ്ടെത്തി അടയ്ക്കുകയും വാട്ടര്‍പ്രൂഫ് പെയിന്റ് അടിക്കുകയും വേണം.

കാര്‍പെറ്റുകളും റഗ്‌സും മഴക്കാലത്തിനു ചേര്‍ന്നതല്ല. നനവും മണ്ണും കൊണ്ട് ഇവ വേഗത്തില്‍ അഴുക്കാകാന്‍ സാധ്യത കൂടുതലുള്ള മഴക്കാലത്ത് ഇവയെല്ലാം ചുരുട്ടി മാറ്റി വച്ചോളൂ. ഈര്‍പ്പമുള്ള കാലാവസ്ഥ മാറിക്കഴിയുമ്പോള്‍ വിരിക്കാം.

മെയിന്‍സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം സ്വിച്ച് ബോര്‍ഡുകളും ഫാനും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വൃത്തിയാക്കുക

പൊടി തട്ടാനും മാറാല വൃത്തിയാക്കാനും വീതികുറഞ്ഞ സ്റ്റൂളിലോ കസേരയിലോ കയറാതെ അല്‍പം വിസ്താരമുള്ളവ തിരഞ്ഞെടുക്കുക. ടെറസ്സും സണ്‍ഷെയ്ഡും വൃത്തിയാക്കാന്‍ കയറുമ്പോള്‍ കരുതല്‍ വേണം. കൂടെ ആരെങ്കിലും ഉള്ളപ്പോള്‍ മാത്രം ഇത്തരം ജോലികള്‍ ചെയ്യുക.

പൊടിപടലങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന ജോലികളാണെങ്കില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കുക. ശരീരത്തിനകത്തിവ ചെന്നാല്‍ അസുഖങ്ങളുണ്ടാക്കും.

പൂന്തോട്ടവും ചെടിച്ചട്ടികളും ക്ലീന്‍ ചെയ്യാനിറങ്ങുമ്പോള്‍ ഇഴജന്തുക്കളുണ്ടോ എന്ന് പരിശോധിച്ചേ ഇറങ്ങാവൂ. അശ്രദ്ധമായി ചെടികള്‍ക്കിടയിലും മറ്റും കൈയിടരുത്.

കറകളും മറ്റും കളയാനായി ഗുണമേന്മയുള്ള ബ്ലീച്ചിങ് പൗഡറും രാസവസ്തുക്കളും രാസലായിനികളും മാത്രം വാങ്ങുക. ഇവ ഉപയോഗിച്ച് ടൈലുകളും മുറ്റവും വൃത്തിയാക്കുമ്പോള്‍ നിര്‍ബന്ധമായി ഗ്ലവ്‌സ് ധരിക്കുക.

മരം കൊണ്ടുള്ള ഫര്‍ണിച്ചറുകളും മറ്റും ജനാലയുടെയും വാതിലുകളുടെയും അടുത്തു നിന്ന് മാറ്റിയിട്ടോളൂ. ഈര്‍പ്പമുള്ളപ്പോള്‍ ഇവയില്‍ ഫംഗസ് എളുപ്പത്തില്‍ വളരും. വീട്ടിലാകെ പ്രത്യേകതരം മണം തങ്ങിനില്‍ക്കാനും ഇത് കാരണമാകും.

കബേഡുകളില്‍ നാഫ്ത്തലീന്‍ ഗുളികകള്‍ ഇട്ടു വയ്ക്കാം. ഇത് ഈര്‍പ്പം വലിച്ചെടുക്കും ഒപ്പം വസ്ത്രങ്ങള്‍ ഫ്രെഷ് ആയിരിക്കുകയും ചെയ്യും. അതിനു പകരമായി ആര്യവേപ്പിന്റെ ഇലകളും ഇട്ടു വയ്ക്കാം. വെള്ളിമീനുകളെ തുരത്താനും ഈര്‍പ്പവും മുഷിഞ്ഞ മണവും മാറാനും ഇതും നല്ലതാണ്.

Tags:
  • Movies