മാലിനീ തീരത്ത് പ്രണയമുള്ളേറ്റു നിന്ന ശകുന്തള. ആ അഭൗമ സൗന്ദര്യം കണ്ട് അനുരക്തനായി നിന്ന ദുഷ്യന്ത മഹാരാജാവ്. തന്റെ രാജ്യമടക്കം എന്തുവേണമെങ്കിലും നൽകാം, ശകുന്തള തന്റെ ഭാര്യയാകണമെന്ന്‌ കെഞ്ചിപ്പറഞ്ഞ ദുഷ്യന്തനോളം വലിയ പ്രണയനായകനെ ലോകം കണ്ടിട്ടുണ്ടാകില്ല. വാക്കുകളുടെ വർണനയിൽ ജ്വലിക്കുന്ന സൗന്ദര്യമായി നിൽക്കുന്ന ശകുന്തളയെ പോലെ വലിയൊരു സൗന്ദര്യധാമത്തേയും.

പാടിപ്പറഞ്ഞും അറിഞ്ഞും പങ്കുവച്ചും തലമുറ താണ്ടിയെത്തിയ ആ പ്രണയകാവ്യത്തിന് രൂപങ്ങൾ പലതുണ്ടായിരുന്നു. ബാലെയായി, നാടകമായി, സിനിമയായി, സിനിമാ ഗാനമായി...ശകുന്തളയുടേയും ദുഷ്യന്തന്റേയും പ്രണയകഥഅവിടേയും തീർന്നിട്ടില്ല. വെഡ്ഡിംഗ് ഷൂട്ടിൽ വെറൈറ്റി തപ്പിയിറങ്ങുന്ന പുതുതലമുറയാണ് ആ പ്രണയകഥയ്ക്ക് പുതിയ ഭാവം ചമച്ചിരിക്കുന്നത്.

jinu-arathi-1

ശകുന്തളയുടേയും ദുഷ്യന്തന്റേയും പ്രണയം ഇതൾ വിരിഞ്ഞത് മാലിനി തീരത്താണെങ്കിൽ ഇവിടെയിതാ കരമനയാറ്റിൻ തീരത്ത് ആ കഥ പുനർജനിക്കുകയാണ്. ദുഷ്യന്തന്റെ സ്ഥാനത്ത് കായംകുളം സ്വദേശി ജിനു, ശകുന്തളയാകട്ടെ തിരുവനന്തപുരം ഉള്ളൂർ സ്വദേശി ആരതിയും. വെഡ്ഡിംഗ് ഫൊട്ടോ ഷൂട്ടിന് വെറൈറ്റി തപ്പിയിറങ്ങിയ ഈ പ്രണയ ജോഡികളാണ് കഥാന്ത്യം കഥയിലെ ദുഷ്യന്തനും ശകുന്തളയുമായത്. ഹാഗി ആഡ്സ് വെ‍ഡ്ഡിംഗ് ഫൊട്ടോഗ്രാഫർമാരുടെ തലയിൽ മിന്നിയ ബൾബ് ഇരുവരേയും വൈറലാക്കി മാറ്റുമ്പോൾ കല്യാണപ്പെണ്ണിനും ചെക്കനും പെരുത്ത് സന്തോഷം. ഗുരുവായൂർ കണ്ണനു മുന്നിൽ വ്യാഴാഴ്ച ശുഭമുഹൂർത്തത്തിൽ താലിചാർത്താനിരിക്കെ ജിനുവും ആരതിയും മനസു തുറക്കുകയാണ്, ദുഷ്യന്തനും ശകുന്തളയുമായി മാറിയ വൈറൽ കഥ വനിത ഓൺലൈനോട്.

jinu-arathi-2

ദുഷ്യന്തൻ ഫ്രം കാന‍ഡ

കഥയിലെ ദുഷ്യന്ത രാജാവ് ഹസ്തിനപുരിയിൽ നിന്നുള്ളയാളാണെങ്കിൽ എന്റെ ചെക്കൻ കാനഡയിൽ നിന്നാണ്. പുള്ളിക്കാരൻ അവിടെ സിവിൽ എഞ്ചിനീയറാണ്. കായംകുളത്താണ് വീട്. എന്റെ വീട് തിരുവനന്തപുരം ഉള്ളൂർ. എങ്ങനെയാണ് ദുഷ്യന്തനും ശകുന്തളയുമായി വേഷം കെട്ടിയതെന്ന് ചോദിച്ചാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ഹാഗി ആഡ്സിനും ക്യാമറാമാൻമാരായ അജിത്ത് ചവറ, ശ്രീജിത്ത് നായർ എന്നിവർക്കുമാണ്.– ആരതിയാണ് പറഞ്ഞു തുടങ്ങിയത്.

jinu-arathi-3

വിവാഹ വെറൈറ്റിയിൽ കുറേ പരീക്ഷണങ്ങൾ കണ്ട വർഷമാണ് 2019. പലതും പല കാരണങ്ങളുടെ പേരിൽ ട്രോൾ ഏറ്റു വാങ്ങി. ചിലത് സദാചാര കമ്മിറ്റിക്കാർ ഏറ്റെടുത്തു. പക്ഷേ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് ഫ്രഷും എന്നാൽ വെറൈറ്റിയുമായ കണ്ടന്റ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം അറിയിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ഐഡിയ റെഡിയാക്കി ഫൊട്ടോഗ്രാഫർ ഞങ്ങളെ വിളിച്ചു. ബാക്കി പരീക്ഷണമാണ് നിങ്ങളീ കാണുന്നത്.

pre-wedding-shoot-viral-5
pre-wedding-shoot-viral-2

കരമനയാറ്റിൻ തീരത്തെ പ്രണയം

കരമനയാറിന്റെ കൈവഴിയൊഴുകുന്ന മൂന്നാംമൂട് എന്ന സ്ഥലത്തായിരുന്നു കണ്വാശ്രമവും മാലിനീ തീരവുമൊക്കെ പുനർ ജനിച്ചത്. അവിടെ രാജാപ്പാർട്ട് വേഷമിട്ട് ഞാനും മുനികുമാരിയായി ആരതിയുമെത്തിയ കാഴ്ച ഒന്നു കാണേണ്ടതായിരുന്നു. ചെറിയ ചമ്മലൊക്കെ ഉണ്ടായിരുന്നെങ്കിലും ക്യാമറാമാൻ ഉഷാറാക്കിയതോടെ സംഭവം കളറായി. ദുഷ്യന്ത രാജാവിന്റെ കുതിരയും വേഷവുമൊക്കെ സെറ്റ് ചെയ്തതും ക്യാമറാ ടീമാണ്. സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറെ സോപ്പിട്ട് വേഷഭൂഷാധികൾ സെറ്റ് ചെയ്തു. ചെറിയ ചമ്മലൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാം ആ ഫ്ലോയിലങ്ങ് പോയി. ഷൂട്ടൊക്കെ കഴിഞ്ഞ് ആരതി ചോദിച്ച ഒരു ചോദ്യമാണ് എന്റെ കിളിപറത്തിയത്. യഥാർത്ഥ കഥയിൽ ശകുന്തള ദുഷ്യന്തനെ മറന്നു പോകുന്നുണ്ട്. നഷ്ടപ്രണയം തേടി ഞാൻ നടക്കേണ്ടി വരുമോ എന്ന് അവൾ ചോദിച്ചപ്പോ, അമ്പരന്നു പോയി. എന്തായാലും ശകുന്തള–ദുഷ്യന്ത പ്രണയ കഥയിലെ വിരഹത്തിലേക്കൊന്നും ക്യമറാ ക്ലിക്കു പോയിട്ടില്ല. ഞങ്ങളുടെ ജീവിതത്തിലെ പ്രണയത്തിനും വിരഹമൊന്നും ഉണ്ടാകില്ല. ശകുന്തള എന്നും എന്നോടൊപ്പം ഹാപ്പിയായി കാണും– ജിനുവിന്റെ വാക്കുകളില്‍ പ്രണയം.

ചിത്രങ്ങൾ വൈറലായതോടെ ഒരുപാട് പേർവിളിക്കുന്നുണ്ട്. ഇടയ്ക്ക് ഏതെ ടൂർ ഓപ്പറേറ്റർമാർ വിളിച്ച് വമ്പൻ ഓഫറിൽ യൂറോപ്യൻ ട്രിപ്പൊക്കെ ഓഫർ ചെയ്തു. സുഹൃത്തുക്കളും ഫൊട്ടോസൊക്കെ കണ്ട് അന്തംവിട്ട് വിളിക്കുന്നുണ്ട്. വീട്ടുകാരും ഡബിൾഹാപ്പി. ജനുവരി വ്യാഴാഴ്ച ശുഭമൂഹൂർത്തത്തിൽ ഗുരുവായൂരില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം. വൈറൽ ചിത്രങ്ങൾ കണ്ട് ആശംസയർപ്പിച്ചവർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം– ജിനു പറഞ്ഞു നിർത്തി.

pre-wedding-shoot-viral-1