Tuesday 18 February 2020 06:08 PM IST

‘പെണ്ണാളൻ, നട്ടെല്ലില്ലാത്തവൻ എന്നു വരെ അദ്ദേഹത്തെ വിളിച്ചു’; ആ ഫൊട്ടോഷൂട്ടിന്റെ ക്രെഡിറ്റ് ഞങ്ങൾക്കു മാത്രം; ജോമോൾ പറയുന്നു

Binsha Muhammed

jomol-joseph

മാതൃത്വത്തിന്റെ ചൂടും ചൂരും അടയാളപ്പെടുത്തുന്ന രണ്ട് കലാസൃഷ്ടികൾ. പങ്കുവച്ച സന്ദേശം കൊണ്ടും, കാഴ്ചയിലെ വൈവിധ്യം കൊണ്ടും രണ്ടും ഒന്നിനൊന്ന് മെച്ചം. ഫൊട്ടോഗ്രഫർ ദമ്പതിമാരായ മനൂപ് ചന്ദ്രനും നീതു ചന്ദ്രനും ജോമോൾ ജോസഫെന്ന മോഡലിന്റെ ഗർഭകാലം ക്യാമറക്കുള്ളിലാക്കിയതാണ് ഒന്നാമത്തേത്. സോഷ്യൽ മീഡിയ തല്ലിയും തലോടിയും വൈറലാക്കിയ ആ ഗർഭകാല ചിത്രം ഇപ്പോഴും ചൂടുള്ള ചർച്ചാ വിഷയം. ഫ്രഞ്ച് ദമ്പതിമാരായ അമൃതബാദിനേയും ജാനിനേയും മെറ്റേണിറ്റി ന്യൂഡ് മോഡലുകളാക്കിയ ആതിര ജോയിയാണ് പിന്നാലെയെത്തിയ വൈറൽ ചിത്രത്തിനു പിന്നിലെ കഥാനായിക. തെളിഞ്ഞൊഴുകുന്ന അരുവിയുടെ പശ്ചാത്തലത്തിൽ മാതൃത്വം ചിത്രങ്ങളായി കോറിയിട്ടപ്പോൾ ആതിരയ്ക്കും ലഭിച്ചു, കുന്നോളം ലൈക്കും പൊടിക്ക് ഡിസ്‌ലൈക്കും.

പക്ഷേ രണ്ട് ചിത്രങ്ങളും ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ സജീവമാകുന്നത് ഒരു അവകാശ തർക്കത്തിന്റെ പേരിലാണ്. കേരളത്തിലെ ആദ്യത്തെ ന്യൂഡ് ഫൊട്ടോഷൂട്ട് തന്റേതാണ് എന്ന് അവകാശപ്പെട്ട് ജോമോൾ എത്തിയതോടെ ചർച്ചകൾ കൊഴുത്തു. തന്നെ മോഡലാക്കി മനൂപ് ചന്ദ്രനും നീതു ചന്ദ്രനും ചിത്രീകരിച്ച ഫൊട്ടോഷൂട്ടാണ് ആദ്യത്തേതെന്നാണ ജോമോളുടെ വാദം. എന്നാൽ കേരളത്തിലെ ആദ്യത്തെ ഔട്ട് ഡോർ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ആണ് താൻ പങ്കുവച്ചതെന്ന മറുപടിയുമായി ആതിരയും പിന്നാലെയെത്തി.  ചർച്ചകളും വാഗ്‌വാദങ്ങളും സോഷ്യൽ മീഡ‍ിയയില്‍ നിറയുമ്പോൾ ജോമോളും ആതിരയും വനിത ഓൺലൈനോട് സംസാരിക്കുകയാണ്.  

jj-1

ആദ്യം പിറന്നത് എന്റെ ചിത്രങ്ങൾ

ഉത്തമമായ കലാസൃഷ്ടിയുടെ പേരിൽ മത്സരങ്ങളില്ല. പക്ഷേ ഒരാളുടെ അധ്വാനത്തിന്റെ ഫലം മറ്റൊരാളിലേക്ക് പോകുന്നത് ശരിയായ രീതിയുമല്ല. കേരളത്തിൽ പലരും ചെയ്യാൻ മടിക്കുന്ന ന്യൂഡ് ഫൊട്ടോഷൂട്ട് ചെയ്യാൻ മനസു കാണിച്ച ആതിരയെ ആദ്യമേ തന്നെ അഭിനന്ദിക്കട്ടേ. ഏറ്റവും മികച്ചതാണ് ആതിരയുടെ ചിത്രങ്ങളെന്നത് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ ആദ്യത്തെ ന്യൂഡ് ഫൊട്ടോഷൂട്ട് ചിത്രമെന്നതിന്റെ ക്രെഡിറ്റ് മനൂപ് ചന്ദ്രനും നീതു ചന്ദ്രനും ഒപ്പം അതിന്റെ മോഡലായ എനിക്കും അവകാശപ്പെട്ടതാണ്–ജോമോൾ നയം വ്യക്തമാക്കുന്നു.

jj-4

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഭർത്താവ് വിനുവും മകനും ഫൊട്ടോഷൂട്ടിന് മോഡലുകളായത്. ജനുവരിയോടെ ചിത്രങ്ങൾ പുറത്തു വിടുകയും ചെയ്തു. അങ്ങനെയിരിക്കേ ആതിരയുടേത് കേരളത്തിലെ ആദ്യത്തെ ന്യൂഡ് ഫൊട്ടോഷൂട്ട് ആകുന്നത് എങ്ങനെയാണ്. മനൂപ് മികച്ച ഫോട്ടോഗ്രഫർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്. അയാളുടെ അധ്വാനത്തിന് വില കൽപ്പിക്കാതെ അയാൾക്ക് അവകാശപ്പെട്ട ക്രെഡിറ്റിനെ എടുക്കുന്നത് ശരിയായി കാണുന്നില്ല.

ഫ്രഞ്ച് ദമ്പതികളെ മോഡലാക്കിയ ആതിര സോഷ്യൽ മീഡിയയിൽ എന്നെ ഫോളോ ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ചിത്രങ്ങൾ പബ്ലിഷ് ചെയ്തപ്പോൾ അവരെ ടാഗും ചെയ്തിരുന്നു. എന്നിട്ടും ഇക്കാര്യം തിരിച്ചറിയാതെ ആതിര ഇങ്ങനെയൊരു അവകാശവാദവുമായി വന്നത് എങ്ങനെയെന്ന് മാത്രം മനസിലാകുന്നില്ല.

jj3

ശരീരമാണ് എന്റെ ക്യാൻവാസ്

എന്റെ ചിത്രങ്ങൾക്ക് അശ്ലീലമെന്നും വൾഗർ എന്നുമൊക്കെ പട്ടങ്ങൾ ചാർത്തി തരുന്നവരോട് വീണ്ടും വീണ്ടും ഒന്നു മാത്രമേ പറയാനുള്ളൂ. വൾഗാരിറ്റി കാണുന്നവരുടെ കണ്ണിലാണ്. എന്റെ ശരീരമാണ് എന്റെ ക്യാൻവാസ്. സ്ത്രീ ശരീരം അടച്ചു മൂടി വയ്ക്കപ്പെടേണ്ടതാണെന്ന അലിഖിത നിയമങ്ങളോടുള്ള മറുപടിയാണ് ഈ ന്യൂഡ് ഫൊട്ടോഗ്രഫി. അമ്മയാകുമ്പോൾ ഒരു പെണ്ണിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇവിടെ എത്രപേർ ബോധവാൻമാരാണ്. ദുഷിച്ച കണ്ണുകളോടെയല്ലാതെ പെണ്ണിനെ കാണുന്ന എത്ര പേർ നമുക്കിടയിലുണ്ട്. അത്തരം പാഴ്ചിന്തകളെ പൊളിച്ചടുക്കും എന്റെ ചിത്രങ്ങളെന്ന് ഞാൻ കരുതുന്നു. പെണ്ണിനെ ഭോഗ വസ്തുവായി മാത്രം കാണുന്നവരോടുള്ള എന്റെ മറുപടി. ഇതിനിടെ ഫൊട്ടോഷൂട്ടിൽ മോഡലുകളായതിന്റെ പേരിൽ എന്റെ ഭർത്താവ് വിനുവിനു നേരെയും ആക്രമണങ്ങളുണ്ടായി, പെണ്ണാളൻ, നട്ടെല്ലില്ലാത്തവൻ എന്നു വരെ പറഞ്ഞു. ഇതു ഞങ്ങളുടെ ജീവിതം... ഞങ്ങളുടെ സ്വാതന്ത്ര്യം. വിമർശകർ പോയി പണിനോക്കട്ടേ– ജോമോൾ പറഞ്ഞു നിർത്തി.

jj-2

വിവാദത്തിൽ ആതിര ജോയിയുടെ മറുപടി ഇങ്ങനെ

കേരളത്തിലെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫൊട്ടോഗ്രാഫിയാണ് തന്റേതെന്ന് താൻ എവിടേയും അവകാശപ്പെട്ടിട്ടില്ലെന്ന് ആതിര പറയുന്നു. ഒരു പക്ഷേ കേരളത്തിലെ ആദ്യത്തെ ഔട്ട് ഡോർ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ആയിരിക്കാം തന്റേത് എന്നാണ് പറഞ്ഞത്. ഔട്ട് ഡോർ ഷൂട്ട് എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. അത് കൃത്യമായി മാധ്യമങ്ങളോട് പറ‍ഞ്ഞതുമാണ്. പക്ഷേ സോഷ്യല്‍ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ എവിടെയോ തെറ്റിദ്ധാരണകൾ കടന്നു കൂടി. അതു കണ്ടിട്ടാണ് ജോമോൾ ജോസഫ് എനിക്കെതിരെ വിമർശനവുമായി എത്തുന്നത്. അവർ പറയുന്ന പോലെ അവരെ ഫോളോ ചെയ്യുന്ന ആളല്ല ഞാൻ. അവർ അവരുടെ ഫോട്ടോഷൂട്ടിൽ എന്നെ ടാഗ് ചെയ്തു എന്നതും വാസ്തവ വിരുദ്ധമാണ്. പറയാത്തതും അറിയാത്തതുമായ കാര്യങ്ങളുടെ പേരിൽ എന്റെ പേര് ചേർത്ത് വിവാദങ്ങൾ പടച്ചു വിടുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. വിവാദങ്ങളോട് താത്പര്യവുമില്ല. വീണ്ടും പറയുന്നു, ഒരു തരത്തിലുള്ള അവകാശവാദവുമായി ഞാൻ ആരുടെ മുന്നിലും ചെന്നിട്ടില്ല.

Tags:
  • Social Media Viral