'അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനേ...'
പച്ചമാംസത്തില്‍ നിന്നും തൊലിയുരിഞ്ഞു പോകുന്ന അത്രയും വേദന. മുഖത്തു നിന്നും ജീവന്‍ ഊര്‍ന്നിറങ്ങിയതു പോലെ. ഒരൊറ്റ രാത്രി കൊണ്ട് കീഴ്‌മേല്‍ മറിഞ്ഞ ആ വേദനയ്ക്കും വിധിക്കും ഡോക്ടര്‍മാര്‍ നല്‍കിയ പേര് ഫേഷ്യല്‍ പാള്‍സി അഥവാ ബെല്‍ പാള്‍സി. ആ പേര് പലര്‍ക്കും പരിചിതമല്ലെങ്കിലും ആ വേദന പേറിയവര്‍ നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ടാകും, ഒത്തിരിവട്ടം.
ജീവിതം ആഘോഷമാക്കിയ ഒത്തിരി സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരുന്ന ജോഷ്‌ന ഷാരോണ്‍ ജോണ്‍സണ് സംഭവിച്ചതും ആ വേദനയാണ്. ഒരു രാപകലിന്റെ വ്യത്യാസത്തില്‍ അവള്‍ക്ക് സംഭവിച്ച വേദന ബെല്‍ പാള്‍സി ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ജീവസുറ്റ ഇടംകവിള്‍ മരവിച്ചതു പോലെയായി. തൊട്ടാല്‍ പോലും അറിയാത്ത വിധം നിര്‍ജീവമായി മുഖത്തിന്റെ സ്വാഭാവികത നഷ്ടമായി. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും അവള്‍ പോലുമറിയാതെ ഊര്‍ന്നിറങ്ങും. ആ രോഗം നല്‍കുന്ന പരീക്ഷണങ്ങളുടെ ആഴവും പരപ്പും കണ്ട ആങ്ങളയാണ് ആ വാക്കുകള്‍ ആവര്‍ത്തിച്ചത്.
'അവള്‍ ആയതും കൊണ്ട് പിടിച്ചു നില്‍ക്കുന്നു... ഈ വേദന എനിക്കായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനേ...'
മുഖം പോലും വെളിയില്‍ കാട്ടരുതെന്ന ഉപദേശങ്ങള്‍ ഒരു വശത്ത്. നാലു ചുമരുകള്‍ക്കുള്ളില്‍ ഒടുങ്ങിപ്പോയ അവളുടെ സ്വപ്‌നങ്ങള്‍ മറുവശത്ത്. പക്ഷേ ജോഷ്‌ന തോറ്റില്ല. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ഒരു യാത്രാ വിവരണം. അച്ഛന്‍ പകര്‍ന്നു നല്‍കിയ ആ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ച പെണ്ണിന്റെ കഥയില്‍ ജയിച്ചതാര്, ബെല്‍ പാള്‍സിയോ അതോ ജോഷ്‌നയോ? എന്താണ് സംഭവിച്ചത് ജോഷ്‌നയുടെ ജീവിതത്തില്‍... ആ കഥ ഒരു സിനിമാക്കഥ പോലെ കേട്ടിരിക്കാം ആ ജീവിതം. ജോഷ്‌ന മനസു തുറക്കുന്നു വനിത ഓണ്‍ലൈനോട്...
ഊര്‍ന്നിറങ്ങിപ്പോയി ജീവന്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ലാംഗ്വേജ് എക്‌സ്പര്‍ട്ട്. എന്റെ മേല്‍വിലാസം അതാണ്. അങ്ങ് മൂന്നാറു നിന്ന് ജീവിതത്തിന്റെ സ്വപ്‌നങ്ങളെ കെട്ടഴിച്ചു വിട്ട പെണ്ണിന്റെ മേല്‍വിലാസം. ഐഎസ്എല്‍ മാച്ചുകളുടെ പ്രിവ്യൂ റിവ്യൂ, പിആര്‍ വര്‍ക് എന്നിവ ചെയ്യുന്നതാണ് എ്‌ന്റെ ഡ്യൂട്ടി.
ബേസിക്കലി ലഡാക്കിലാണ് ഞങ്ങള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് സുധീഷിന് അവിടെ ഹോട്ടല്‍ ബിസിനസാണ്. ചെറിയ ടൂര്‍ ഓപ്പറേഷനുമുണ്ട്. ഒരു വിന്ററില്‍ ഞങ്ങള്‍ നാട്ടിലേക്കെത്തിയിരുന്നു. ആ സമയങ്ങളില്‍ ലഡാക്കില്‍ ഹോട്ടലുകള്‍ തുറക്കില്ല. കോവിഡ് പിടിമുറുക്കിയതോടെ തിരികെ പോകാനുള്ള വഴിയടഞ്ഞു.
ജനുവരിയിലെ ഒരു മത്സര ദിനം. അന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കഴിഞ്ഞ് റിപ്പോര്‍ട്ടൊക്കെ കൊടുത്ത് പുലര്‍ച്ചെയാണ് ഞാനുറങ്ങാന്‍ കിടന്നത്. ഉറങ്ങിയെഴുന്നേറ്റത് അസഹനീയമായ തലവേദനയും കൊണ്ടാണ്. നിസാരമാക്കിയ വേദന വരാനിരിക്കുന്ന വലിയ വേദനയുടെ വേര് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു.- നെടുവീര്‍പ്പോടെ ജോഷ്‌ന പറഞ്ഞു തുടങ്ങുകയാണ്.
തലവേദന ശരീരത്തെ വരിഞ്ഞു മുറുക്കും വിധമായി. കൈക്ക് സാരമായി ബലക്കുറവ് അനുഭവപ്പെട്ടു. മുഖം കഴുകി വായില്‍ വെള്ളം കൊള്ളാന്‍ നോക്കുമ്പോള്‍ കവിള്‍ വീര്‍ത്തു വരുന്നില്ല. മുഖത്തിന്റെ വലതു വശം ജീവച്ഛവം ആയതു പോയതു പോലെ. ജീവനറ്റ ആ ഭാഗത്തു നിന്ന് വെള്ളം താഴേക്ക് ഊര്‍ന്നിറങ്ങുന്നു. നാക്ക് മരവിച്ചതു പോലെ ഇരിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ തരിച്ചു നിന്ന നിമിഷങ്ങള്‍. ശരീരം തുടങ്ങിവച്ച തലവേദനയെ ഭര്‍ത്താവും കാര്യമാക്കിയിരുന്നില്ല. കാത്തു നില്‍ക്കാതെ സുധീഷ് ഓഫീസിലേക്ക് പോയി. അമ്മയേയും കൂട്ടി ആശുപത്രിയിലേക്കു പോകുമ്പോഴാണ് ജാതകം തന്നെ മാറിപ്പോയ വലിയ പരീക്ഷണത്തിന്റെ അറിയിപ്പെത്തുന്നത്. ടെസ്റ്റുകളും പരീക്ഷണങ്ങളും ശരീരത്തില്‍ കയറിയിറങ്ങി. ഇന്റര്‍നെറ്റിലൊക്കെ ബെല്‍ പാള്‍സിയുടെ അവസ്ഥാന്തരങ്ങളെപ്പറ്റി ഞാന്‍ വായിച്ചിരുന്നു. എനിക്ക് സംഭവിച്ച കാര്യങ്ങള്‍ കൂട്ടിവായിച്ചപ്പോള്‍ ഞാനുറുപ്പിച്ചു. ഡോക്ടറുടെ സ്ഥിരീകരണം മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഒടുവില്‍ അതുമെത്തി. എന്നെ ബാധിച്ചിരിക്കുന്നത് ബെല്‍ പാള്‍സി അഥവാ ഫേഷ്യല്‍ പാള്‍സി ആണത്രേ...

മരവിച്ചു... മുഖവും മനസും...
മുഖവും മനസും ഒരു പോലെ മരവിച്ചു പോയ നിമിഷങ്ങള്‍. അന്ന് ആശുപത്രി വരാന്തയില്‍ കരയാതെ പിടിച്ചു നിന്ന അമ്മ നിലവിട്ടു പോയത് ഭര്‍ത്താവ് സുധീഷ് എന്നെ കാണാന്‍ ആശുപത്രിയില്‍ ഓടിയെത്തിയപ്പോഴാണ്. തലേന്നു വരെ നിറഞ്ഞു ചിരിച്ചു നിന്ന എന്റെ ഇപ്പോഴുള്ള മുഖം അദ്ദേഹം കാണുന്നതിലെ വേദനയായിരുന്നു അമ്മയ്ക്ക്. സുധീഷിനെ കണ്ടതും നിലവിളിച്ചു കരഞ്ഞു അമ്മ. ഏറ്റവും ഭയന്നു പോയ മറ്റൊരാള്‍ കൂടിയുണ്ട്. എന്റെ ആങ്ങള റോഷന്‍. എന്നെക്കാളേറെ അവനാണ് ടെന്‍ഷനായത്. അത്യാവശ്യം ബ്യൂട്ടി കോണ്‍ഷ്യസൊക്കെയായ അവന് എന്റെ അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലായിരുന്നു. എന്റെ മുഖം കണ്ട് സങ്കടം സഹിക്ക വയ്യാതെയാണ് അവനത് പറഞ്ഞത്. അവനാണ് ഇതു സംഭവിച്ചതെങ്കില്‍ ആത്മഹത്യ ചെയ്‌തേനെയെന്ന്.
അവിടുന്നങ്ങോട്ട് ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സന്തോഷകരമായ ജീവിതത്തില്‍ വേദനകള്‍ മാത്രം ചങ്ങാതിമാരായി. ഒരു പരിധി വരെ നമ്മുടെ വ്യക്തിത്വത്തിന്റെ അടയാളം പോലും ഇല്ലാതാക്കും വിധം മുഖത്തിന്റെ ഒരു ഭാഗം കോണിപ്പോയി. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഊര്‍ന്നു പോകുന്ന അവസ്ഥ. എല്ലാം സഹിക്കാം. മുഖത്തെ തൊലി പറിഞ്ഞു പോകുന്ന അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അത്രയും വേദന ആ നാളുകളില്‍ ഞാന്‍ അനുഭവിച്ചു. പച്ച മാംസം തുളയ്ക്കുന്ന വേദനയ്ക്ക് സ്റ്റിറോയ്ഡുകളും പെയിന്‍ കില്ലറുകളും ആയിരുന്നു പരിഹാരം. തീര്‍ന്നില്ല കഥ... ജീവനറ്റ ആ ഭാഗത്ത് ചികിത്സയുടെ ഭാഗമായി ഇലക്ട്രിക് സ്റ്റിമുലേഷന്‍ എന്ന പ്രക്രിയ നടത്തും. തൊലി വലിച്ചു പറിക്കുന്ന പോലെയോ, മുഖത്ത് സൂചി കൊണ്ട് കുത്തുന്നതോ പോലുള്ള വേദനയാണ്. ആ വേദനകളൊക്കെ താണ്ടി എത്രയോ മാസങ്ങള്‍ ഞാന്‍ മുന്നോട്ടു പോയെന്നോ... അതെനിക്ക് മാത്രം സങ്കല്‍പ്പിക്കാനാവുന്ന പരീക്ഷണമാണ്. എന്റെ മാത്രം വേദനകള്‍.

ആരെയും കാണരുത്, പുറത്തു പോകരുത് എന്നൊക്കെ അന്ന് ശട്ടംകെട്ടി. എന്റെ മുഖം മറ്റുള്ളവര്‍ ദൈന്യതയോടെ നോക്കുന്നതിലെ സങ്കടമായിരുന്നോ അമ്മയ്ക്ക്. ഞാനുണ്ടോ കേള്‍ക്കുന്നു. എല്ലാ വേദനകളേയും മനസിന്റെ ഒരു കോണിലേക്ക് മാറ്റിനിര്‍ത്തി ആത്മവിശ്വാസത്തോടെ പുറത്തിറങ്ങി. പരിതാപം കലര്‍ന്ന നോട്ടങ്ങള്‍ക്കും സങ്കടത്തില്‍ പൊതിഞ്ഞ ആശ്വാസ വാക്കുകളേയും ഞാന്‍ മൈന്‍ഡ് ചെയ്തതേ ഇല്ല എന്നതാണ് സത്യം.
ഒരു സംഭവം അറിയണോ... മരുന്നും ഭക്ഷണവും എന്റെ ജീവിതത്തില്‍ കിറുകൃത്യമായിരുന്നു. സ്റ്റിറോയ്ഡ് കൃത്യ സമയത്ത് കഴിച്ചില്ലെങ്കില്‍ ശരീരം വിറയ്ക്കും. മരുന്നിനു മുന്നേ നിര്‍ബന്ധമായും ഭക്ഷണം കഴിക്കുകയും വേണം. എനിക്കാണെങ്കില്‍ നന്നായി വിശക്കുന്നുമുണ്ട്. സ്ഥിരം കയറുന്ന ഒരു ഹോട്ടലില്‍ കയറി. ഫുഡ് ഓര്‍ഡര്‍ ചെയ്തു. കുറേ കഴിഞ്ഞ് നോക്കിയപ്പോള്‍ ഹോട്ടലിലുള്ളവര്‍ എന്നെ അദ്ഭുത ജീവിയെപ്പോലെ നോക്കുന്നു. പിന്നീടാണ് മനസിലായത് ഞാന്‍ കഴിക്കുന്ന ഭക്ഷണം വായുടെ ഒരു ഭാഗത്തൂടി ഊര്‍ന്നിറങ്ങുന്നു. കൊച്ചു കുട്ടികള്‍ കഴിക്കും പോലെ. അവരുടെ നോട്ടം കണ്ടിട്ടാകണം... എനിക്ക് പരിചയമുള്ള വെയ്റ്റര്‍മാരില്‍ രണ്ടു പേര്‍ അടുത്തേക്ക് വന്നു. ഒരാള്‍ അടുത്തിരുന്ന് ചേച്ചീ.. കഴിച്ചോ ഞാന്‍ കൂട്ടിരിക്കാം എന്നു പറഞ്ഞു. മറ്റേയാള്‍...നോക്കുന്നവരെ പരുഷമായി നോക്കി എനിക്ക് അഭിമുഖമായി നിന്നു.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നേ... എന്റെ ഫ്രണ്ട് തന്നെ പറഞ്ഞിട്ടുണ്ട്. എടീ.. നിന്റെ മുഖം കണ്ടിട്ട്... കരയാനും ചിരിക്കാനും തോന്നുന്നുവെന്ന്. നീ ചിരിച്ചോടീ... എന്ന് ഞാന്‍ അവളോട് പറയും. പക്ഷേ മനസു മന്ത്രിക്കുന്നുണ്ടായിരുന്നു. എന്റെ ആ പഴയ മുഖം തിരികെ വരുമെന്ന്...

അരികിലുണ്ട് സ്വപ്നം
ഒരിക്കല്‍ പോലും വേദനകളെ പഴിച്ച് ഒതുങ്ങി കൂടിയിരുന്നില്ല. അതായിരുന്നു എന്റെ പോളിസി. മാസങ്ങളായുള്ള തുടര്‍ ചികിത്സകള്‍, മരുന്നുകള്‍ ഇലക്ട്രിക് സ്റ്റിമുലേഷന്‍ എന്നിവ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു. ചാരം മൂടിക്കിടന്ന എന്റെ സ്വപ്‌നങ്ങള്‍ തിരികെ വന്നു തുടങ്ങി. എഴുത്തുകാരനായിരുന്ന അച്ഛന്‍ ജോണ്‍സണ്‍ മനസിലേക്കിട്ടു തന്ന യാത്രാ വിവരണം എന്ന സ്വപ്‌നം മനസില്‍ മൊട്ടിട്ടു. അതുവരെ എഴുത്തുകാരി എന്ന നിലയില്‍ കുറച്ചു വിവര്‍ത്തനങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളൂ. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് യാത്രാ വിവരണം എഴുതുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം.
എന്നെ ഒറ്റയ്ക്ക് വിടില്ല എന്നതായിരുന്നു വീട്ടുകാരുടെ നിലപാട്. അവിടെ എനിക്ക് കൂട്ടായി എന്റെ സുഹൃത്തും അഭിഭാഷകയുമായ മേരി ആന്റണി എത്തി. ജോലിയായിരുന്നു അടുത്ത പ്രതിബന്ധം. അവിടെയും ഗ്രീന്‍ സിഗ്നല്‍ തെളിഞ്ഞു. യാത്ര പൊയ്‌ക്കോളൂ... പക്ഷേ ജോലിയില്‍ കോംപ്രമൈസ് ചെയ്യരുതെന്നായിരുന്നു ഐഎസ്എല്‍ ഡയറക്ടറുടെ നിലപാട്. അതു ഞാന്‍ സന്തോഷത്തോടെ അംഗീകരിച്ചു.
വലിയ പ്രശ്‌നം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ സ്വപ്‌നത്തിന് ബഡ്ജറ്റ് ഇട്ടപ്പോള്‍ ചിലവ് ഒരു ലക്ഷം താണ്ടിപ്പോയി. എന്റെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയിട്ടാണെങ്കിലും വേണ്ടില്ല... എന്നെക്കൊണ്ട് താങ്ങും വിധം ബഡ്ജറ്റ് കുറച്ച് യാത്ര ചെയ്യുമെന്നു ഞാനുറപ്പിച്ചു. അവിടെയും അപ്രതീക്ഷിതമായി എനിക്കൊരു വെളിച്ചം ലഭിക്കു എന്നിടത്താണ് ഈ കഥയുടെ ക്ലൈമാക്‌സ്. വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തോടെ വളരെ കാഷ്വലായി ഈ പ്രശ്‌നം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം എനിക്കു മുന്നില്‍ ആശ്വാസ വാക്കുകളുമായെത്തി. 'ഒരു നേരത്തെ ഭക്ഷണം കോംപ്രമൈസ് ചെയ്ത് നീ കഷ്ടപ്പെടേണ്ട... ഈ യാത്രയ്ക്ക് വേണ്ടുന്ന ചിലവ് മുഴുവന്‍ ഞാന്‍ വഹിച്ചോളാം എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍. ആ കരുതല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല.
ബെല്‍ പാള്‍സിയുടെ വേദനകള്‍ ഇന്നും എന്റെ മുഖത്തെ അപ്പപ്പോഴായി കൊത്തിവലിക്കുന്നുണ്ട്. വേദനയുടെ വേരുകള്‍ കരിഞ്ഞു പോകാതെ ഇപ്പോഴും ബാക്കിയുണ്ട്. പക്ഷേ ഞാന്‍ തോറ്റുപോകാന്‍ തയ്യാറല്ല. വേദനകളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോകുന്നതു വരെ കാത്തു നില്‍ക്കാന്‍ എനിക്ക് മനസില്ല. കയ്യെത്തിപ്പിടിക്കും ദൂരത്ത് എന്റെ സ്വപ്‌നമുണ്ട്. ആ സ്വപ്‌നത്തിലേക്കുള്ള എന്റെ യാത്ര ഉടന്‍ ആരംഭിക്കും. എന്റെ പുസ്തകം ഉടനെത്തും. എനിക്കായി പ്രാര്‍ത്ഥിച്ചവരേ... വേദകളില്‍ കൂട്ടിരുന്നവരേ കാത്തിരിക്കൂ...- ജോഷ്‌ന പറഞ്ഞു നിര്‍ത്തി.