ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍... അവിടെ കണ്ട കാഴ്ച... എത്ര മായ്ച്ചു കളഞ്ഞാലും ജുനൈദ് മറക്കില്ല. കണ്ണടയ്ക്കുമ്പോള്‍ ആ ഹുങ്കാര ശബ്ദവും രക്തം തളംകെട്ടിയ കാഴ്ചകളും മാത്രം. കരിപ്പൂരില്‍ മരണം പെയ്തിറങ്ങിയ രാത്രിയില്‍ ജീവന്‍ രക്ഷയ്ക്കായി ആദ്യമെത്തിയവരില്‍ ജുനൈദുമുണ്ടായിരുന്നു. ആ നടുക്കുന്ന നിമിഷം ജുനൈദ് വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ഓര്‍ത്തെടുക്കുകയാണ്.
മറക്കില്ല ആ കാഴ്ച
വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ പാലക്കപ്പറമ്പിനു തൊട്ടടുത്താണ് ഞാന്‍ താമസിക്കുന്നത്. രാത്രി 7.35 ആയിക്കാണും ഇടിമുഴക്കത്തോടെ ഒരു ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു. മഴയെ തുടര്‍ന്നുണ്ടായ ഇടിയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ പുറത്തേക്കിറങ്ങുമ്പോള്‍ അതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ജംക്ഷനിലേക്ക് ഇറങ്ങുമ്പോഴാണ് എന്റെ നാട് വലിയൊരു ദുരന്തത്തിന് സാക്ഷിയാകുന്ന കാര്യം തിരിച്ചറിയുന്നത്. ഒരു നിമിഷം പോലും പാഴാക്കിയില്ല. അവിടേക്ക് ഓടി. കണ്ണില്‍ കണ്ട സുഹൃത്തുക്കളെ ഒക്കെ കൂട്ടി. പറ്റാവുന്ന അത്രയും പേരെ ഫോണില്‍ വിളിച്ചു. ചെന്നു നോക്കുമ്പോള്‍ ഇന്നു വരെ കാണാത്തൊരു കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്. വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയും വിട്ട് കുത്തനെ മറിഞ്ഞ് കിടക്കുന്നു. വിമാനം രണ്ടായി പിളര്‍ന്നു മാറിയതു കണ്ടപ്പോഴോ ആ ദുരന്തത്തിന്റെ ആഴം വ്യക്തമായി.

വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റ് വഴി തന്നെയാണ് ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത്. പക്ഷേ ആദ്യം അവര്‍ ഞങ്ങളെ തടഞ്ഞു. ഒടുവില്‍ വിമാനത്താവളത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടിയെത്തിയപ്പോഴാണ് ഗേറ്റ് തുറന്നു കിട്ടിയത്. എയര്‍പോര്‍ട്ടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് പൈലറ്റിരിക്കുന്ന കോക്പിറ്റ് അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ച കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. കോക്പിറ്റില്‍ നിന്നും പൈലറ്റിനേയും സഹപൈലറ്റിനേയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഭാരമേറിയ വിമാനാവശിഷ്ടങ്ങള്‍ ഇരുവരുടേയും ദേഹത്ത് വീണു കിടക്കുന്നു. ഞങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനു മുമ്പു തന്നെ അവര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടായിരുന്നു.
വിമാനം രണ്ടായി മുറിഞ്ഞ ഒരു ഭാഗത്തു കൂടി അകത്തേക്ക് കടക്കുമ്പോള്‍ എന്റെ കൈയില്‍ ആദ്യം തടഞ്ഞത് രണ്ടു വയസുള്ള ഒരു കുഞ്ഞിന്റെ കൈകളാണ്. അവന്‍ എന്നെ എത്തിപിടിക്കുന്നുണ്ടായിരുന്നു. നോക്കുമ്പോള്‍ കുഞ്ഞ് വല്ലാതെ വാവിട്ടുകരയുന്നു. ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. ആ കുഞ്ഞ് രക്ഷപ്പെട്ടു എന്നറിയുമ്പോള്‍ നെഞ്ചിലൊരു കുളിരുണ്ട്.

കുറേ പേര്‍ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡക്കും സൈഡ് വിന്‍ഡോയും തകര്‍ന്ന് പുറത്തേക്ക് പതിച്ചിരിക്കുന്നു. പലരും വേദന കൊണ്ട് പുളയുകയാണ്. ഞാന്‍ നോക്കുമ്പോള്‍ ചിലരുടെ കൈകളിലേയും മുട്ടിനു താഴെയുള്ള ഭാഗത്തേയും എല്ലുകള്‍ പുറത്തേക്ക് വന്നിട്ടുണ്ട്. അവരെ തൊടുമ്പോള്‍ തന്നെ ജീവന്‍ പറിയുന്ന വേദന. ലഭ്യമായ വാഹനങ്ങളില്‍ അവരെ സമീപത്തെ ആശുപത്രിയിലേക്ക് കയറ്റി വിട്ടു. വിമാനത്തിനകത്ത് കുടുങ്ങിയ ആള്‍ക്കാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.. ചോരയില്‍ കുളിച്ച്.. വേദന കൊണ്ട് പുളഞ്ഞ് നിരവധി പേര്‍. പലര്‍ക്കും ഒന്നനങ്ങാന്‍ കൂടി കഴിയുന്നില്ല. ഞങ്ങള്‍ തൊടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വേദന കൊണ്ട് പലരും പുളയുകയാണ്. കുറേ പേരുടെ ദേഹത്ത് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും പതിച്ചിരിക്കുന്നു. വല്ലാത്ത കാഴ്ചയാണത്...
നാടിന്‍റെ കരുതല്‍
ആംബുലന്‍സ് എത്തുന്നതിനു മുന്നേ ഞങ്ങള്‍ കൊണ്ടോട്ടിക്കാര്‍ ഓടിയെത്തി എന്ന് അഭിമാനത്തോടെ പറയും. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതില്‍ ബെന്‍സ് കാര്‍ മുതല്‍ പിക്കപ്പ് വാന്‍ വരെ ഉണ്ടായിരുന്നു. ഓട്ടോക്കാരും ടാക്‌സിക്കാരും അതിവേഗം പാഞ്ഞെത്തി. ആ വാഹനങ്ങളെല്ലാം ഞൊടിയിട കൊണ്ട് ആംബുലന്‍സുകളായി. അപകടം നടന്ന സ്ഥലത്ത് എത്തിയവരോട് വിമാനത്താവള അധികൃതര്‍ മൊബൈല്‍ ഫോണ്‍ ആദ്യമേ തന്നെ സ്വിച്ച് ഓഫ് ആക്കാന്‍ പറയുന്നുണ്ടായിരുന്നു. ഒരു കുഞ്ഞ് സ്പാര്‍ക്ക് സംഭവിച്ചാല്‍ ചിലപ്പോള്‍ പുകയുന്ന ആ വിമാനത്തില്‍ തീ ആളിപ്പടര്‍ന്നേനെ. അങ്ങനെയെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇതിലും കഷ്ടമാകുമായിരുന്നു. എല്ലാവരുടേയും സഹകരണം ഒന്നു കൊണ്ട് മാത്രമാണ് ദുരന്തത്തിന്റെ ആഴം കുറച്ചത്.
ഞങ്ങളുടെ കൊണ്ടോട്ടിയും പരിസര പ്രദേശവും കഴിഞ്ഞ കുറേ നാളുകളായി കണ്ടെയ്ന്‍മെന്റ് സോണാണ്. പക്ഷേ കോവിഡ് ഭീതി എല്ലാം മാറ്റിവച്ച് എല്ലാവരും ഒരേ മനസോടെ ഒറ്റക്കെട്ടായി എത്തി. ഓരോരുത്തരും അവരവരുടെ വണ്ടികളെ ആംബുലന്‍സാക്കി. എത്തിയ ഓരോരുത്തരും സ്വയം അഗ്നി ശമന സേനാംഗങ്ങളായി. ഞാനും എന്റെ ചങ്ങാതിമാരും ഇപ്പോള്‍ ഒരു വീടെടുത്ത് നിരീക്ഷണത്തില്‍ കഴിയുകയാണ്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കട്ടേ എന്ന് പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു. കൊണ്ടോട്ടി എയര്‍പോര്‍ട്ടിന് അടുത്ത് പ്രവാസി സ്റ്റോര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഞാന്‍- ജുനൈദ് പറഞ്ഞു നിര്‍ത്തി.