കേരളത്തെ നടുക്കിയ കൂടത്തായി കേസിനൊപ്പമാണ് കെ. ജി. സൈമൺ എന്ന പേര് മലയാളികൾ കേട്ടത്. സമർത്ഥനായ ഈ കുറ്റാന്വേഷണ വിദഗ്ധന്റെ കഴിവ് ജോളി കേസോടെയാണ് ജനം അറിഞ്ഞതെങ്കിലും മികച്ച ട്രാക്ക് റെക്കോർഡ് ആണ് അദ്ദേഹത്തിന് പോലീസ് ജീവിതത്തിൽ ഉള്ളത്. എറണാകുളത്തു ക്രൈം ബ്രാഞ്ച് എസ്.പി ആയിരിക്കെ 19 കേസുകളും കാസർഗോഡ് 10 കേസുകളും തെളിയിച്ച മികവോടെയാണ് കെ. ജി. സൈമൺ കോഴിക്കോട് റൂറൽ എസ്പി ആയി ചുമതല ഏറ്റത്. ജോളി കേസ് അദ്ദേഹത്തിന്റെ കരിയറിൽ പൊൻ തൂവലായി മാറി.
പോലീസ് യൂണിഫോമിൽ അദ്ദേഹം കീ ബോർഡ് വായിക്കുന്ന വീഡിയോ ആണ് ഇപ്പോൾ കൗതുകം ഉണർത്തുന്നത്. കേസ് അന്വേഷണത്തിൽ മാത്രം അല്ല സംഗീതത്തിലും സൈമൺ സാർ കേമൻ ആണല്ലേ എന്നു അത്ഭുതം കൂറുകയാണ് ഇപ്പോൾ മലയാളികൾ.
" സമയം കിട്ടുമ്പോൾ പ്രാക്ക്റ്റീസ് ചെയ്യുന്ന പതിവ് ഉണ്ട്. ഡ്യൂട്ടി കഴിഞ്ഞു തൊടുപുഴയിലെ വീട്ടിൽ എത്തിയ ഉടൻ കീ ബോർഡിൽ ഇരുന്നു. ഇത് ഭാര്യ അനില ഫോണിൽ പകർത്തി എന്റെ ചേച്ചിയുടെ മോൾക്ക് അയച്ചു കൊടുത്തു. അവൾ ഏതോ ഗ്രൂപ്പിൽ ഇട്ടത് പിന്നീട് പല ഗ്രൂപ്പുകളിലും എത്തി. ഗവണ്മെന്റ് നിർദേശം പാലിച്ചു ഇത്തവണ ഞങ്ങൾ ആരും പള്ളിയിൽ പോയില്ല. എങ്കിലും സമയം കിട്ടിയാൽ പ്രാക്ടീസ് മുടക്കില്ല." എന്ന് കെ. ജി. സൈമൺ.
തൊടുപുഴ എള്ളുപുറം പള്ളിയിലെ കൊയർ മാസ്റ്റർ ആണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന കെ. ജി. സൈമൺ.