Saturday 10 August 2019 04:01 PM IST

കളിക്കുടുക്കയ്ക്കായി ഞാനും കാത്തിരുന്നു, എന്റെ കുട്ടന്റെ കളിയും ചിരിയും കാണാൻ! 25 വർഷം മുൻപ് മലയാളികളെ കീഴടക്കിയ ‘മോഡൽ’ ഇപ്പോൾ ഇങ്ങനെ

Binsha Muhammed

shenoy

ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ നിന്നു കളർ ടിവിയിലേക്ക് മലയാളിക്ക് സ്ഥാനക്കയറ്റം ലഭിച്ചു വരുന്നതേയുള്ളൂ. ശക്തിമാനും ജയ്ഹനുമാനും അലിഫ് ലൈലയും വസന്തം തീർത്ത ടിവി നേരങ്ങളുടെ ഇടവേള പരസ്യത്തിലാണ് നമ്മൾ അവനെ ആദ്യം കണ്ടത്. ടാബിനു പകരം സ്ലേറ്റിനെ പ്രണയിച്ച, ലേണിംഗ് ആപ്ലിക്കഷനുകൾ കളംകയ്യടക്കുന്നതിനു മുന്നേ വായനയെ ആഘോഷമാക്കിയ പിള്ളേരുടെ മനസിൽ ആ പരസ്യവും അതിലെ കുറുമ്പനും അതിവേഗം കേറിപ്പറ്റി. ബോറടി തൊട്ടുതീണ്ടാത്ത ‘അന്തക്കാലത്ത്’ ആ പരസ്യം എത്രവട്ടം കണ്ടുവെന്ന് ചോദിച്ചാൽ ഇന്നും മലയാളിക്ക് ഉത്തരമില്ല. അത്രമാത്രം നൊസ്റ്റാൾജിയ വിതറി ആ പരസ്യം നമ്മുടെ ജീവിതത്തിൽ നിറഞ്ഞു നിൽപ്പുണ്ട്.

കുട്ടിവായനയിൽ വിപ്ലവം തീർത്ത് കളിക്കുടുക്കയെന്ന ബാലപ്രസിദ്ധീകരണം പിറവിയെടുത്ത കാലത്തിലേക്കാണ് ഓർമകളെ ക്ഷണിക്കുന്നത്. ബാലരമയില്‍ വായന തുടങ്ങിയിരുന്ന കുട്ടികൾക്ക് അതിനും മുൻപേ വായിച്ചു തുടങ്ങാനാണ് പ്രീ സ്കൂൾ വിഭവങ്ങളുമായി കളിക്കുടുക്ക ജന്മമെടുക്കുന്നത്. പിന്നീട് കളിക്കുടുക്കയെ അനുകരിച്ച് ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ വന്നെങ്കിലും കാൽ നൂറ്റാണ്ടിനിപ്പുറവും കളിക്കുടുക്കയുടെ ജനപ്രീതി ഇളക്കമില്ലാതെ തുടരുകയാണ്.

k5

25 വർഷങ്ങൾക്കു മുൻപ് കളിക്കുടുക്ക അവതരിപ്പിച്ച് റിലീസ് ചെയ്തൊരു പരസ്യമുണ്ട്. സ്കൂളിൽ പോയി തുടങ്ങിയതോടെ വാശിക്കാരനായി മാറിയ കുരുന്നിന്റെ ജീവിതത്തിലേക്ക് കളിക്കുടുക്കയെത്തുന്നതും പ്രസരിപ്പും കളിചിരികളുമായി അവൻ സാധാരണ അവസ്ഥയിലേക്ക് തിരികെയെത്തുന്നതുമാണ് പരസ്യത്തിന്റെ ആശയം. പ്രശസ്ത സംവിധായകനും ആഡ് ഫിലിം മേക്കറുമായ മാത്യു പോളായിരുന്നു ആ പരസ്യ ചിത്രത്തിന് ജീവൻ നൽകിയത്.

വായനയുടെ വഴിയിൽ കളിക്കുടുക്ക കാൽനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ‘വനിത ഓൺലൈൻ’ ഒരു അന്വേഷണം നടത്തി. അന്ന് കളിക്കുടുക്കയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട കുറുമ്പൻ ചെക്കൻ എവിടെയെന്ന്. ഉത്തരം ലഭിച്ചതാകട്ടെ ബംഗളുരുവിൽ നിന്ന്. അവിടെ ആക്സൻറർ എന്ന സ്വകാര്യ കമ്പനിയിൽ എഞ്ചിനിയറാണ് നമ്മുടെ ‘കുട്ടി നായകൻ.’ ബാല്യവും കൗമാരവും പിന്നിട്ട് മുപ്പതിന്റെ പടിവാതിൽ എത്തിനിൽക്കുന്ന ആ ‘ബാലതാരത്തിന്റെ’ പേര് മഞ്ജുനാഥ് ഷേണായ്! ആലപ്പുഴ സ്വദേശിയായ മഞ്ജുനാഥ് ഷേണായി ബിസിനസുകാരനായ ദിനേശ് ഷേണായിയുടേയും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീസ് വിഭാഗത്തിലെ റിട്ടയേഡ് പ്രൊഫസറായ സന്ധ്യ പൈയുടേയും ഏക മകനാണ്.

മലയാളിയുടെ ഓർമകളിൽ സുഗന്ധം വിടർത്തിയ ആ പരസ്യത്തെക്കുറിച്ച് അതിലെ നായകൻ തന്നെ വനിത ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ്.  ആലപ്പുഴ മഞ്ജുനാഥും അമ്മ സന്ധ്യപൈയും ആ പഴയകാല ഓർമകളിലേക്ക്

k2 മഞ്ജുനാഥ് ഷേണായി അച്ഛൻ ദിനേശ് ഷേണായിക്കൊപ്പം സന്ധ്യ പൈയ്ക്കുമൊപ്പം

സ്റ്റാർട്ട് ക്യാമറാ ആക്ഷൻ

സ്റ്റാർട്ട്...ക്യാമറാ...ആക്ഷൻ...ശ്രീനിവാസൻ പറയും പോലെ ആ മൂന്ന് വാക്കുകളും മിന്നായം പോലത്തെ കുറച്ച് ഓർമകളും മാത്രമേ ഇന്ന് എനിക്ക് ഓർമയുള്ളൂ. ഐ ആം ടോട്ടലി ബ്ലാങ്ക്... എനിക്കന്ന് നാലോ അഞ്ചോ വയസാണ്. കൃത്യമായി എനിക്കൊന്നും ഓർമയില്ല– ജാമ്യമെടുത്തു കൊണ്ടാണ് മഞ്ജുനാഥ് തുടങ്ങിയത്.

ഒന്നോ രണ്ടോ സന്ദർഭങ്ങൾ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ഓർത്തെടുക്കുക പ്രയാസം. അന്ന് പരസ്യത്തിനിടെ എന്തൊക്കെയോ മിസ്റ്റേക്കുകൾ വരുത്തിയതും അതിന് സംവിധായകൻ മാത്യു പോൾ സാർ വഴക്കു പറഞ്ഞതും നല്ല പോലെ ഓർമയുണ്ട്. കട്ടിലിൽ നിന്നും ഉറക്കമെഴുന്നേൽക്കുന്ന ഒരു രംഗമുണ്ട്. അത് എത്ര ചെയ്തിട്ടും ശരിയാകുന്നുമില്ല. അതിന്റെ പേരിൽ മാത്യുപോൾ സാർ എന്നെ വഴക്കു പറഞ്ഞത് ഇന്നും മറന്നിട്ടില്ല. അല്ലെങ്കിലും കുട്ടിക്കാലത്തെ സങ്കടപ്പെടുത്തുന്ന ഓർമകൾ നമ്മൾ മറക്കാറില്ലല്ലോ? പിന്നെ രണ്ടാമത്തെ ഓർമ, അതിൽ എന്റെ അമ്മയായി അഭിനയിച്ചത് അരുന്ധതി ഗുണോർകർ എന്ന സീരിയൽ താരമാണ്. അവർ‌ ഒരുപാട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അവർ എനിക്ക് മുത്തം നൽകുന്നൊരു സീനുണ്ട്, ആ സീനിൽ എന്തോ എനിക്ക് വല്ലാത്തൊരു നാണമായിരുന്നു. ഇടയ്ക്ക് വർക് പ്രഷർ ഏറുമ്പോൾ ഞാനാ പരസ്യം എടുത്ത് കാണാറുണ്ട്. സംഭവം ഈ പ്രായത്തിൽ വല്യ കോമഡിയാണ്. അറിയാതെ നമ്മൾ കൂളായി പോകും. . –മഞ്ജുനാഥിന്റെ മുഖത്ത് കള്ളച്ചിരി

k1

മാത്യു പോൾ വക സർപ്രൈസ്

മകൻ കളിക്കുടുക്കയുടെ മോഡലായതിനു‍ പിന്നിലെ കഥ അമ്മ സന്ധ്യ പൈ പങ്കുവയ്ക്കുന്നതിങ്ങനെ. ‘മാത്യു പോൾ തന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ ഒരുകുട്ടിയെ തേടി നടക്കുന്ന സമയമായിരുന്നു അത്. 1995ലോ 96ലോ ആണ്. വർഷം എനിക്ക് കൃത്യമായി ഓർമയില്ല. ചെറുപ്പകാലത്ത് ഡാൻസിനും അത്യാവശ്യം എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റീസിനൊക്കെ ഇവനെ ഞാൻ ചേർത്തിരുന്നു. എന്റെ ഓർമ ശരിയെങ്കിൽ ‍ഡാൻസ് മാസ്റ്ററാണ് മാത്യുപോളിനോട് ഇവന്റെ പേര് സജസ്റ്റ് ചെയ്തത്. മാത്യു പോളിനെ പേഴ്സണലി അത്രകണ്ട് അറിയില്ലെങ്കിലും ഞങ്ങളുടെ ഫാമിലിയുമായി അത്യാവശ്യം അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. ഇടയ്ക്ക് ഏതോ ഘട്ടത്തിൽ എന്നെ കണ്ടതോടെ പരസ്യത്തിന്റെ കാര്യം സൂചിപ്പിക്കുകയും ചെയ്തു. പുള്ളി ഇത് നേരിട്ട് എന്നോട് പറയുമ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു. സംസ്ഥാന ദേശീയ പുരസ്കാരം വരെ നേടിയ പരസ്യ ചിത്ര സംവിധായകൻ, അന്ന് അദ്ദേഹം പോപ്പിക്കുടയ്ക്കായി ചെയ്ത അയ്യപ്പന്റമ്മ...നെയ്യപ്പം ചുട്ടുവൊക്കെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ആലുക്കാസ്, സിറ്റിമാന്‍ ഷര്‍ട്ട്, ആലപ്പാട്, പരസ്യങ്ങൾ വേറെയും. അങ്ങനെയൊരാളുടെ പരസ്യത്തിലേക്കാണ് നമ്മുടെ ചെക്കനെ വിളിക്കുന്നത്. അതിനുമപ്പുറം അന്നത്തെക്കാലത്ത് നോർത്തിന്ത്യൻ കുട്ടികളാണ് പരസ്യത്തിൽ മുഖം കാണിക്കുന്നത്. ടെൻഷനോട് ടെൻഷൻ... പക്ഷേ മാത്യു പോൾ നമ്മുടെ ‘നടനെ’ കണ്ട് ഓകെ ആയതോടെ ഞങ്ങൾ ഒന്നും നോക്കിയില്ല, ചെന്നൈയിലേക്ക് വണ്ടി കയറി. അവിടെയായിരുന്നു കളിക്കുടുക്കയുടെ ആഡ് ഷൂട്ട്. അന്ന് അയ്യായിരം രൂപയായിരുന്നു പ്രതിഫലം. പരസ്യ ചിത്രം ഹിറ്റായതോടെ അവനെത്തേടി ഒരുപാട് അവസരങ്ങൾ വന്നു. പക്ഷേ പുള്ളിക്കാരൻ ബേസിക്കലി നാണക്കാരനായത് കൊണ്ട് ക്യാമറയ്ക്കു മുമ്പിൽ അത്രയ്ക്കങ്ങ് സജീവമായില്ല.’–സന്ധ്യയുടെ ഓർമ്മകൾക്ക് ഇപ്പോഴും എച്ച്ഡി ക്ലാരിറ്റി.

k83

നാണക്കാരൻ ചെക്കൻ

പരസ്യത്തിന്റെ കാര്യം ഞാൻ എല്ലാവരിൽ നിന്നും ഞാൻ മറച്ചു വയ്ക്കാറാണ് പതിവ്. എന്തോ എനിക്ക് വലിയ നാണമാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരൊക്കെ കുറേ കളിയാക്കിയിട്ടുണ്ട്. പരസ്യത്തിൽ ഞാൻ പറയുന്ന യെസ്...നോ...ഡയലോഗുകളൊക്കം പറഞ്ഞ് എന്നെ കളിയാക്കും. സെക്കൻഡറി സ്കൂളും കോളേജുമൊക്കെ ആയതോടെ പലരും ഈ പരസ്യം പതിയെ ടെലിവിഷനിൽ നിന്നും പിൻവാങ്ങി തുടങ്ങി. അന്നൊക്കെ ഞാൻ എസ്കേപ്പ് ആയത് അങ്ങനെയാണ്. അല്ലെങ്കിൽ കളിയാക്കൽ സീസൺ–2 അവിടെ സ്റ്റാർട്ട് ചെയ്തേനെ. പിന്നെ എന്തു തന്നെയായാലും കളിക്കുടുക്കയും അതിലെ പരസ്യാഭിനയവും തന്ന ഓർമ വളരെ വലുതാണ്. പലരും ടിവിയിലൊന്നു മുഖം കാണിക്കാൻ കൊതിച്ചിരുന്ന കാലത്ത് ഇങ്ങനൊരു അവസരം. ആഫ്റ്റർ ഓൾ...ആ പരസ്യവും മാത്യു അങ്കിളും ഇന്നും എനിക്കൊപ്പമുണ്ട്.– മഞ്ജുനാഥ് പറഞ്ഞു നിർത്തി.

Tags:
  • Social Media Viral