അണ്ടല്ലൂര്‍ കാവിൽ ജ്വലിച്ചു നിന്ന ആയിരം മൺചെരാതുകൾക്കിടയിൽ നിന്നും കണ്ടെത്തിയ സുന്ദരി. ആറിത്തിളയ്ക്കും കുംഭ വെയിലിലും തളാരാതെ പ്രസരിപ്പോടെ, നിന്ന കണ്ണഴകി... കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയുടെ മനം കീഴടക്കുന്ന ഒരു രാജസ്ഥാനി സുന്ദരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എണ്ണക്കറുപ്പിന്റെ ചന്തവും നിഷ്ക്കളങ്കമായ നോട്ടവുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന പെണ്ണിനെ സോഷ്യൽ മീഡിയ രണ്ടാമതൊരു വട്ടം കൂടി കണ്ണുവച്ചു. ചുവന്ന കുപ്പിവളകളും, മാടിയൊതുക്കിയ തലമുടിയും കല്ലുമാലയും ദാവണിയും അണിഞ്ഞ് അണിഞ്ഞൊരുങ്ങി അവളെത്തിയപ്പോൾ പലരും വിശ്വസിക്കാൻ പാടുപെട്ടു. പൊടിയും കാറ്റുമേറ്റ് പാറിപ്പറന്ന തലമുടിയും ക്ഷീണിച്ച മുഖവുമായി അണ്ടല്ലൂർ കാവിൽ കണ്ട പെൺകുട്ടി തന്നെയാണോ ഇതെന്ന് അതിശയിച്ചു. കിസ്ബുവെന്ന ഉത്തരേന്ത്യൻ സുന്ദരിയുടെ അതിശയിപ്പിക്കുന്ന മാറ്റം സോഷ്യല്‍ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ അവളെ അതിസുന്ദരിയാക്കി അണിയിച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് മനസു തുറക്കുകയാണ്. കിസ്ബുവിന്റെ അഴകിന്റെ മാറ്റത്തിന് കാരണക്കാരിയായ കലാകാരി രമ്യ പ്രജുൽ ‘വനിത ഓൺലൈനോടു’ സംസാരിക്കുന്നു.
അഴകിൻ പെൺകൊടി
ചൂടും പൊടിയും വക വയ്ക്കാതെ അണ്ടല്ലൂർ കാവിൽ ബലൂണുമായി അവൾ നിൽക്കുന്ന ചിത്രം. ഉത്സവത്തിനെത്തിയ ഫൊട്ടോഗ്രാഫർ അർജ്ജുൻ കൃഷ്ണൻ കിസ്‌ബുവിന്റെ അനുവാദത്തോടെ അവളുടെ ചിത്രം പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു. ആ ഒരൊറ്റ ഫ്രെയിമാണ് ആദ്യം മനസിലുടക്കിയത്. മേക്കപ്പോ അണിഞ്ഞൊരുക്കമോ ഇല്ലെങ്കിലും വല്ലാത്തൊരു ഭംഗി കിസ്ബുവിനുണ്ടെന്ന് തോന്നി. കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടെന്ന് കാഴ്ചയിൽ വ്യക്തമായി. ആ ചിന്തയാണ് അവളെ ഇങ്ങനെ മാറ്റിയെടുക്കാനുള്ള പ്രചോദനം മനസിലേക്കിട്ടു തന്നത്.
പതിനെട്ടു വയസിൽ താഴെയെ അവൾക്ക് പ്രായമുണ്ടാകൂ. രാജസ്ഥാനി സ്വദേശിയായ കിസ്ബുവും മാതാപിതാക്കളും കുറേയേറെ നാളായി കേരളത്തിലുണ്ട്. ബലൂണും കളിപ്പാട്ടങ്ങളും വിറ്റാണ് അവർ ഉപജീവനം നടത്തുന്നത്. കിസ്ബുവിന്റെ മാതാപിതാക്കളോട് എന്റെ മനസിലുള്ള മേക്കോവർ ആഗ്രഹം പങ്കുവയ്ക്കുന്നതായിരുന്നു അടുത്തഘട്ടം. ഒരു പക്ഷേ അവളുടെ ജീവിതം തന്നെ ഈയൊരു ഷൂട്ടോടു കൂടി മാറുമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതംമൂളി.
വെളുപ്പിന് നാലുമണിക്കാണ് കിസ്ബുവിനെ മേക്കപ്പിനായി തയ്യാറാക്കിയത്. എന്റെ മനസിലുള്ള ആശയം അവളോട് എനിക്കറിയാവുന്ന ഹിന്ദിയിൽ അവളോട് പറഞ്ഞു. അവളത് ക്ഷമയോടെ കേട്ടിരുന്നു. ഏകദേശ രണ്ട് മണിക്കൂറോളം എടുത്താണ് മേക്കപ്പ് പൂർത്തിയാക്കിയത്. ആദ്യം മുഴുവനായി ഫേഷ്യൽ ചെയ്തു. പിന്നാലെ ഹെയർ സ്പാ ചെയ്തു കൊടുത്തു. മുടി ചെറുതായി ട്രിം ചെയ്യുക കൂടി ചെയ്തതോടെ മേക്കപ്പ് ഉഷാറായി തുടങ്ങി. പെഡിക്യൂർ മാനിക്യൂർ എന്നിവ കൂടി ചെയ്തതോടെ പുള്ളിക്കാരി മൊഞ്ചത്തിയായി. തലശേരിയിലുള്ള ഒരു സുഹൃത്തിന്റെ ബൊട്ടീക്കിൽ നിന്നാണ് സാരിയെത്തിച്ചത്. ആക്സസറീസൊക്കെ എന്റെ ഉടമസ്ഥതയിലുള്ള സ്റ്റൈലിഷ് ലേഡി സലൂൺ ആൻഡ് സ്പായിൽ നിന്നെത്തിച്ചതാണ്.
ആ മാറ്റം കണ്ട് നല്ലതും മോശവും പറഞ്ഞവരുണ്ട്. ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടാകും. ചെയ്തത് നല്ലൊരു കാര്യമാണ് എന്നൊക്കെ പറഞ്ഞു. ഒരു പക്ഷേ അവരുടെ സ്വപ്നങ്ങളിൽ പോലും ഇങ്ങനെയൊരു മേക്കോവർ ഉണ്ടായി എന്നു വരില്ല. അങ്ങനെ നോക്കുമ്പോൾ ചെയ്തത് നല്ല കാര്യമായി എന്നു തന്നെ കരുതുന്നു. എന്തിന് ഇത്ര പുട്ടി വാരിയിട്ടു എന്ന് കളിയാക്കിയവരും ഉണ്ട്. ഞങ്ങൾ എന്താണോ ഉദ്ദേശിച്ചത്, അതിന്റെ ഫലം കിട്ടി എന്നു മാത്രമാണ് അവരോട് പറയാനുള്ളത്. ഒന്നുമില്ലെങ്കിലും കുറച്ചു പേരെങ്കിലും അവളെ ശ്രദ്ധിച്ചല്ലോ, അംഗീകരിച്ചല്ലോ. അതുമതി. സോഷ്യൽ മീഡിയയിൽ താരമായതുപോലെ ഒരു നാൾ അവൾ ജീവിതത്തിലും താരമാകും. ഉന്നത വിദ്യാഭ്യാസം തേടി മകൾ സ്വയം പര്യാപ്തയാകണമെന്നാണ് കിസ്‌ബുവിന്റെ അമ്മയുടെയും ആഗ്രഹം. എല്ലാ കാലവും ഇങ്ങനെ ബലൂൺ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും മകളുടെ വിദ്യാഭ്യാസത്തിനായി ജനങ്ങൾ പിന്തുണയ്‌ക്കണമെന്നും കിസ്‌ബുവിന്റെ അമ്മ പറയുന്നു. അങ്ങനെ സംഭവിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രാർഥന– രമ്യ പറഞ്ഞു നിർത്തി.