കണവ അഥവാ കൂന്തൽ കഴിക്കുമ്പോൾ നന്നായി വേവിക്കുക; ഇല്ലെങ്കിൽ ഈ അനുഭവം ഉറപ്പ്!
Mail This Article
കണവ അഥവാ കൂന്തൽ കഴിക്കുമ്പോൾ നന്നായി വേവിച്ചു കഴിക്കണമെന്ന് ദക്ഷിണ കൊറിയയിലെ 63 വയസ്സുകാരിയെ ഇനിയാരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. വായ്‌ക്കകത്തെ അസ്വസ്ഥതയും വേദനയും കൂടിയപ്പോഴാണ് ഇവർ ഡോക്ടറുടെ അടുക്കൽ ചികിൽസ തേടിയെത്തിയത്. നാക്കിലും മോണയിലുമായി നെന്മണി പോലെ പന്ത്രണ്ടോളം ചെറിയ തടിപ്പുകളാണ് കണ്ടത്.
ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളായിരുന്നു സ്ത്രീയുടെ വായ്ക്കകത്ത് വളർന്നുതുടങ്ങിയിരുന്നത്. നന്നായി ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതാണു കുഴപ്പമായത്. മരിക്കാതെ ശേഷിച്ച ബീജങ്ങൾ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളിൽ സുരക്ഷിതസ്ഥാനം കണ്ടെത്തി കടിച്ചുതൂങ്ങുകയായിരുന്നു. പരാന്ന ഭോജികളെ സംബന്ധിച്ച പഠനങ്ങൾക്കൊപ്പം ഇപ്പോൾ ഈ അപൂർവ സംഭവവും ഉൾപ്പെടുത്തിയിട്ടുണ്ട്.