Friday 20 November 2020 12:28 PM IST

‘ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് കറന്റ് ബില്‍ ഫ്രീയായിരിക്കുമോ?’; കെഎസ്ഇബിക്കാരന്റെ സേവ് ദി ഡേറ്റ് പിറന്നതിങ്ങനെ

Binsha Muhammed

kseb-wed

മീറ്റർ റീഡിങ് കുറിച്ചെടുക്കാനെത്തുന്ന കെഎസ്ഇബിക്കാരൻ നായകൻ. മുറ്റത്ത് കോലം വരയ്ക്കുന്ന ശാലീന സുന്ദരിയായ നായിക. ഇവർക്കിടയിൽ കറന്റ് പോലെ പ്രവഹിക്കുന്ന പ്രണയ നിമിഷങ്ങൾ... ഒളികമൺനോട്ടങ്ങൾ. സോഷ്യൽ ലോകത്ത് വൈറലാകുന്ന ഒരു സേവ് ദി ഡേറ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കെഎസ്ഇബിയിലെ മീറ്റർ റീഡിങ് സ്റ്റാഫിന്റെ സേവ് ദി ഡേറ്റ് എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് സോഷ്യൽ ലോകത്ത് വൈറലാകുന്ന ഒരുപിടി ചിത്രങ്ങളാണ് മറുപടി. കളർ സ്പോട്ട് വെഡ്ഡിംഗ് ഫൊട്ടോഗ്രഫി പകർത്തിയ ചിത്രങ്ങളിലെ കഥാനായകൻ രാജേഷ്, ഓണംതുരുത്ത് സ്വദേശി. രാജേഷിന്റെ ‘ഷോക്കടിക്കാത്ത’ പ്രണയത്തിൽ വീണ നായിക ശരണ്യ. ഇരുവരുടേയും കല്യാണക്കുറിമാനം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ ആ പ്രണയ നിമിഷങ്ങൾ പിറവിയെടുത്തതിനെ കുറിച്ച് രാജേഷ് സംസാരിക്കുന്നു.

kseb-2
kseb-5

കോട്ടയത്തെ കെഎസ്ഇബിയിലെ മീറ്റർ റീ‍ഡർ കോൺട്രാക്റ്റ് സ്റ്റാഫ് ആണ് ഞാൻ. വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫൊട്ടോഗ്രഫി എന്റെ ജോലിയുമായി ബന്ധപ്പെട്ട് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ മോഹം പങ്കുവച്ചതാകട്ടെ കളർ സ്പോട്ട് വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ കണ്ണനോടും. ഒന്ന് ഇരുത്തി ചിന്തിച്ച ശേഷം പുള്ളിക്കാരൻ ആശയം പറഞ്ഞു. എനിക്ക് നൂറുവട്ടം സമ്മതം. ഫൊട്ടോഗ്രാഫർ പറഞ്ഞ ഒരേയൊരു ഡിമാന്റ് ചിത്രങ്ങൾക്ക് പശ്ചാത്തലമായി പഴയ മനയോ, തറവാടോ കണ്ടുപിടിക്കണമെന്നാണ്. തേടി നടന്ന് ഒടുവിൽ അതും കണ്ടുപിടിച്ചു. കുമാരനല്ലൂരുള്ള സുഹൃത്തായ സുജിത്തിന്റെ മന എല്ലാം കൊണ്ടും അനുയോജ്യമായിരുന്നു.

kseb-4

അതിരാവിലെ എഴുന്നേറ്റ് 7 മണിക്ക് തന്നെ ലൊക്കേഷനിലെത്തി ഷൂട്ട് ആരംഭിച്ചു. പഴയ ബജാജ് ചേതകിൽ എത്തുന്ന മീറ്റർ റീഡറായ ഞാൻ ശരണ്യയെ ഒളികൺനോട്ടം എറിയുന്നതാണ് ആദ്യം എടുത്തത്. ആദ്യം കുറച്ചു ചമ്മലൊക്കെ ഉണ്ടായിരുന്നെങ്കിലും പതിയെ അതൊക്കെ മാറി.  

മനസിലെ ആഗ്രഹം ശരണ്യയോടു പറയുമ്പോൾ അവൾക്കും നൂറുവട്ടം സമ്മതം. പക്ഷേ ഈ ഷൂട്ട് ഇങ്ങനെ വൈറലാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ചെങ്ങളം സ്വദേശിയായ ശരണ്യ കോട്ടയം കല്യാണ്‍ സിൽക്സിലെ സ്റ്റാഫാണ്.

kseb-6

ചിത്രങ്ങൾക്ക് രസികൻ കമന്റുകളാണ് ലഭിക്കുന്നത്. ഇവർക്കുണ്ടാകുന്ന കുഞ്ഞിന് കെഎസ്ഇബി കറന്റ് ബിൽ ഫ്രീയാക്കി കൊടുക്കുമോ എന്നാണ് ഒരു കമന്റ്. കറന്റുബിൽ വരുമ്പോൾ പെണ്ണ് ഷോക്കടിക്കുമോ എന്നാണ് മറ്റൊരു കമന്റ്. വിവാഹ ഫൊട്ടോഗ്രഫി പരിധി വിടുന്ന കാലത്ത് മാതൃകാപരവും ഭാവനാപൂർണവുമായ ആശയം എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും ചിത്രങ്ങൾ വൈറലായി എന്നറിയുമ്പോൾ ഇരട്ടി സന്തോഷം. ഈ വരുന്ന ഇരുപത്തിയാറിന് ചെങ്ങളത്തുകാവ് ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. എല്ലാവരുടേയും അനുഗ്രഹമുണ്ടാകണം.

ചിത്രങ്ങൾക്ക് കടപ്പാട്; കളർ സ്പോട്ട്

Tags:
  • Social Media Viral