‘നിന്നെ ഞാൻ വിവാഹം കഴിച്ചോട്ടേ... നോക്കിക്കോളാം പൊന്നുപോലെ’ ! ഒറ്റപ്പെടലിന്റെ വീർപ്പു മുട്ടലിൽ ലക്ഷ്മിയമ്മാൾ കേട്ട പ്രണയാഭ്യർത്ഥന 20 കൊല്ലങ്ങിൾക്കിപ്പുറവും ആ കാതുകളിൽ അലയടിക്കുന്നുണ്ട്. വന്നു കയറിയ പ്രണയത്തെ വേണ്ടാ എന്നു പറഞ്ഞ് മടക്കുമ്പോൾ അടഞ്ഞു പോകേണ്ടതായിരുന്നു ആ അധ്യായം. പക്ഷേ ട്വിസ്റ്റുകൾ നിറഞ്ഞ ഈ പ്രണയകഥ 20 വർഷം സഞ്ചരിച്ചു. പൊടിപിടിക്കാതെ... പഴകിപ്പോകാതെ... ഓർമകളിൽ നിന്നു മായാതെ 20 കൊല്ലം! ഇരുട്ടിവെളുക്കുമ്പോൾ തീരുന്ന പ്രണയങ്ങളുടെ കാലത്ത് താലിച്ചരടിന്റെ സുരക്ഷിതത്തോളം വളർന്ന പ്രണയം. 67കാരനായ കൊച്ചനിയൻ 66 വയസുള്ള ലക്ഷ്മിയമ്മാളിന്റെ കഴുത്തിൽ പ്രണയത്തിന്റെ അടയാളം ചാർത്തിയപ്പോൾ കാലം പോലും അനുഗ്രഹം ചൊരിഞ്ഞിരിക്കണം.
ചുളിവു വീഴ്‍ത്തിയ കാലം പിന്തിരിപ്പിക്കാന്‍ നോക്കി. മങ്ങിത്തുടങ്ങിയ ഓർമകൾ പാടെ പറിച്ചെറിയാൻ നോക്കി. എന്നിട്ടും കൊച്ചനിയൻ ചേട്ടന്റെ മനസിൽ നിന്നും ലക്ഷ്മിയമ്മാൾ എന്ന പേരും മുഖവും മാത്രം ഇറങ്ങിപ്പോയില്ല. അസ്ഥിക്കു പിടിച്ച മാതിരി അതങ്ങനെ നിന്നു, എല്ലാത്തിനെയും അതിജീവിച്ച്. അതേക്കുറിച്ച് ചോദിച്ചാൽ നവവധുവിന്റെ നാണത്തോടെ ലക്ഷ്മിയമ്മാൾ പറയും, ‘ഒരുമിച്ചില്ലെന്നേയുള്ളൂ ഞങ്ങൾ പ്രണയിക്കുകയായിരുന്നു...’ ഇഷ്ടക്കാരും സ്വന്തക്കാരുമില്ലാതെ വൃദ്ധസദനത്തിന്റെ ജനലഴികളില്‍ പ്രിയപ്പെട്ടവനെ കാത്തിരുന്ന ഒരൊന്നൊന്നര പ്രണയത്തിന്റെ സാഫല്യം കൂടിയായിരുന്നു ആ കല്യാണം.. അതേക്കുറിച്ച് നവദമ്പതികൾ തന്നെ ‘വനിത ഓൺലൈനോടു’ പറയുന്നു...

കാലങ്ങൾക്കതീതം ഈ പ്രണയം
എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. ബന്ധുക്കളും ഭർത്താവുമെല്ലാം. തൃശൂർകാർക്കൊക്കെ പറഞ്ഞാൽ അറിയുമായിരിക്കും. കൃഷ്ണയ്യർ എന്ന പാചക സ്വാമിയെ. ദൈവം എനിക്ക് ആദ്യം നൽകിയ കൂട്ട്. 21 കൊല്ലം മുമ്പ് ദൈവം എന്നിൽ നിന്നു വേർപിരിച്ചു. മരിക്കും മുമ്പ് അദ്ദേഹം സഹായിയും വിശ്വസ്തനും ആയിരുന്ന കൊച്ചനിയനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം, ‘മക്കളില്ല ഞങ്ങൾക്ക്. നീ അവളെ പൊന്നു പോലെ നോക്കണം. ആരും ഉണ്ടായി എന്നു വരില്ല അവൾക്ക്.’– ലക്ഷ്മിയമ്മാൾ പറഞ്ഞു തുടങ്ങുകയാണ്.
കാലം കടന്നു പോയി. ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ട ഞാൻ പലർക്കും ഭാരമായി തുടങ്ങി. ഒറ്റപ്പെട്ടു പോയപ്പോൾ കൊച്ചനിയൻ എന്റെ സംരക്ഷകനായി. പാചക സ്വാമി മരിച്ച ശേഷവും അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം പാചക ജോലിക്കായി പോകുമായിരുന്നു. അൽപം നാദസ്വരവും അദ്ദേഹത്തിന് വശമുണ്ട്. സുരക്ഷിതമായ ജീവിതം മുന്നിൽ കണ്ട് എന്നെ തൃശൂര്‍ കോർപ്പറേഷനിലെ സ്നേഹവീട്ടിലേക്ക് പ്രവേശിപ്പിച്ചതും അദ്ദേഹം തന്നെയാണ്. എല്ലാം ഉണ്ടെങ്കിലും ഒരു കൂട്ടില്ലെന്ന തോന്നൽ ഉള്ളതു കൊണ്ടാകണം, ഒരു ദിവസം അദ്ദേഹം എന്നോടത് ചോദിച്ചു. ‘ഞാൻ വിവാഹം ചെയ്തോട്ടേ...’ എന്ന്. പക്ഷേ അന്ന് ഞാൻ വേണ്ട എന്നു പറഞ്ഞു. അതിനൊരു കാരണവുമുണ്ടായിരുന്നു.– ലക്ഷ്മിയമ്മാൾ ഒരു ദീർഘനിശ്വാസമിട്ടു.


തണലായത് വൃദ്ധസദനം
തൃശൂർ കോർപ്പറേഷന് കീഴിലുള്ള സ്നേഹവീട്ടിലാണ് ഞാൻ കഴിഞ്ഞിരുന്നത്. തൃശൂരിൽ തന്നെയായിരുന്നു എന്റെ ബന്ധുക്കളെല്ലാം. അവർക്ക് ആർക്കും എന്നെ വേണ്ടാ. അന്വേഷിക്കാറു പോലുമില്ല. കുറച്ചു നാളുകൾക്കപ്പുറം സാമൂഹിക നീതി വകുപ്പ് ഇടപെട്ട് എന്നെ സർക്കാർ വൃദ്ധസദനത്തിലേക്കു മാറ്റി. എന്റെ ബന്ധുക്കളും അഭ്യുദയകാംക്ഷികളുമൊക്കെ അവിടെയുള്ളവരായിരുന്നു. അപ്പോഴും കൊച്ചനിയൻ ചേട്ടൻ തന്നെയായിരുന്നു എന്റെ രക്ഷാധികാരി. എപ്പോഴും വിളിക്കും. എന്റെ കാര്യങ്ങൾ അന്വേഷിക്കും. എന്നെ കാണാൻ വരും. പക്ഷേ ഇടയ്ക്കെപ്പോഴോ അദ്ദേഹം ഒന്നു വീണു. പരുക്കു പറ്റി തളർന്നു പോയി പാവം.തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വയനാട്ടിലെ ഒരു സന്നദ്ധ സംഘടന നടത്തുന്ന വൃദ്ധസദനത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു പോയി. അവിടുന്ന ജില്ലാ സാമൂഹിക നീതി വകുപ്പ് മറ്റൊരു വൃദ്ധസദനത്തിലേക്ക് മാറ്റി. കുറേ നാൾ ഓർമയില്ലായിരുന്നു. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ വിവരങ്ങൾ ഇല്ലാതായപ്പോൾ ഞാനും പേടിച്ചു. അന്വേഷണത്തിനൊടുവിൽ ദൈവം അദ്ദേഹത്തെ എന്റെയരികിൽ എത്തിച്ചു.

പേടിച്ചത് സമൂഹത്തെ
അദ്ദേഹം എന്നോട് വിവാഹാഭ്യാർത്ഥന നടത്തുമ്പോൾ എനിക്ക് ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. എന്നെ സംരക്ഷിക്കുന്ന ആ മനുഷ്യനോട് എനിക്കെന്തിന് അലോഹ്യം. കഴിയില്ലെന്ന് പറഞ്ഞത് മറ്റൊന്നു കൊണ്ടാണ്. ഞങ്ങള് പട്ടൻമാരാണേ... മേനോനായ അദ്ദേഹം എന്നെ വേളി കഴിക്കുമ്പോൾ നാടും നാട്ടാരും എങ്ങനെ സ്വീകരിക്കുമെന്ന് പേടിച്ചിരുന്നു. എന്തേ ഇത്രയും കാലം വൈകി എന്ന ചോദ്യത്തിനുള്ള ഉത്തരവും അതാണ്. വിവാഹം കഴിക്കണമെന്നല്ല ഞങ്ങൾ വൃദ്ധസദനത്തിലെ സൂപ്രണ്ട് ജയകുമാർ സാറിനോട് പറഞ്ഞത്. ജാതികൊണ്ട് മനുഷ്യനെ അളക്കുന്ന കാലത്ത് ഒരുമിച്ച് ജീവിച്ചാൽ മതിയായിരുന്നു ഞങ്ങൾക്ക്. പക്ഷേ സൂപ്രണ്ട് സാർ ഇടപെട്ട് ഞങ്ങളെ നിയമപരമായി ഒരുമിപ്പിക്കാനുള്ള തീരുമാനമെടുത്തു. അദ്ദേഹത്തിന്റെ നല്ല മനസ്...

കൊച്ചനിയൻ ചേട്ടനെ എങ്ങനെ ഇത്രയും കാലം സ്നേഹിച്ചു എന്ന് പലരും ചോദിക്കും. കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെ എനിക്ക് ഇഷ്ടായിരുന്നു. വല്യ ഇഷ്ടം... ഒടുവിൽ ഈ വയസാം കാലത്ത് ഒരുമിക്കണം എന്നതായിരുന്നിരിക്കണം ദൈവ നിയോഗം. ഈ വയസിൽ ഇങ്ങനെയൊരു മംഗല്യ യോഗം...–ലക്ഷ്മിയമ്മാളുടെ ചുളിവു വീണ മുഖം കൂടുതൽ തിളങ്ങി. കണ്ണുകളിൽ ദൈവത്തോടുള്ള നന്ദി കണ്ണീരായി നിറഞ്ഞിരുന്നു.

