Wednesday 11 November 2020 01:01 PM IST

സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകൾക്കെതിരായ ചെറിയൊരു ശബ്ദമാണിത് ; ലൂക്കോഡെർമ മോഡലായി മാധ്യമപ്രവർത്തക

V N Rakhi

Sub Editor

slimm

‘‘അനീതികൾ കണ്ടാൽ ശബ്ദമുയർത്തണം, മിണ്ടാതിരിക്കരുത് എന്നെന്നോട് പറഞ്ഞത് അച്ഛനാണ്. അതുകൊണ്ടു തന്നെ എവിടെയായാലും അനീതികൾ ചോദ്യം ചെയ്താണു ശീലം. ചിലയിടങ്ങളിൽ പ്രതികരിക്കുമ്പോൾ ചിലർ പറയുന്നതു കേട്ടിട്ടുണ്ട്, ‘ചുമ്മാ അല്ല ഇങ്ങനെയായിപ്പോയത്’ എന്ന്. മറ്റുള്ളവർക്ക് എന്നെ അടിക്കാനുള്ളൊരു വടിയായിരുന്നു ഇതുവരെ ലൂക്കോഡെർമ എന്ന എന്റെ അസുഖം. 

നമ്മുടെ സമൂഹത്തിന് സൗന്ദര്യത്തെക്കുറിച്ചുള്ള പഴയ കാഴ്ചപ്പാടുകളിൽ നിന്ന് ഇനിയും പുറത്തു കടക്കാനായിട്ടില്ല. അതിനോട് എതിർപ്പാണ് എനിക്ക്. അധികമാരും അത് ബ്രേക്ക് ചെയ്യാൻ  ശ്രമിക്കാറുമില്ല. ഇക്കാര്യത്തിൽ എന്തെങ്കിലുമൊരു ചെറിയ ശബ്ദമുണ്ടാക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞാൽ നല്ലതല്ലേ എന്നു ചിന്തിച്ചപ്പോൾ ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമാകാം എന്നുറപ്പിച്ചു. ഇങ്ങനെ ആർക്കെങ്കിലുമൊക്കെ ഊർജം കൊടുക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ.’’ ഇതിനകം തന്നെ  ചര്‍ച്ചയായി മാറിയ ‘ബ്യൂട്ടി ബിയോണ്ട് കളർ’  ഫോട്ടോഷൂട്ടിലെ മോഡലും മാധ്യമപ്രവർത്തകയുമായ മഞ്ജു കുട്ടിക്കൃഷ്ണൻ പറയുന്നു.

എനർജി ഡ്രിങ്ക് പോലെ

‘‘ യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ ഫോട്ടോഷൂട്ട് കണ്ടത്... കരഞ്ഞുപോയി... സന്തോഷം കൊണ്ടാണ്. ലൂക്കോഡെർമയുള്ള എന്നെ ആളുകൾ ശ്രദ്ധിച്ചാലോ എന്നു കരുതി 60 വയസ്സുള്ള ഞാൻ ഭാര്യയ്ക്കൊപ്പം പുറത്തു പോകാറില്ലായിരുന്നു. പക്ഷെ എന്നേക്കാളേറെ ലൂക്കോഡെർമ പാടുകളുമായി നിങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാമെങ്കിൽ ഞാൻ എന്തിന് മടിച്ചിരിക്കണം?’’ ഫോട്ടോഷൂട്ടിനു ശേഷം മഞ്ജുവിന് കിട്ടിയ മെസേജുകളിലൊന്നാണിത്. 

slslsln

‘‘നിങ്ങൾ പറഞ്ഞ ഓരോ വാചകവും എന്റെ നെഞ്ചിലേക്കാണ് തറച്ചു കയറിയത്. നിങ്ങളെനിക്കു തന്ന എനർജി എത്രയാണെന്ന് പറയാൻ പറ്റുന്നില്ല. ഓഫിസിലെ ചെറിയ പ്രശ്നങ്ങളെക്കുറിച്ചോർത്ത് ഞാനാകെ ചത്തുകുത്തിയിരിക്കുകയായിരുന്നു. എനർജി ഡ്രിങ്ക് കുടിച്ച പോലൊരു ഫീലാണ് ഇപ്പോൾ. നിരാശയൊക്കെ കുട‍ഞ്ഞു കളഞ്ഞു.’’ ഹൈദരാബാദിൽ നിന്നൊരു പയ്യൻ വിളിച്ചു പറഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ധാരാളം ഫോൺ കോളുകൾ ഇപ്പോഴും മഞ്ജുവിനെത്തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.

ലെറ്റ്സ് ബ്രേക്ക്

‘‘സാധാരണക്കാരായ മോഡലുകളെ വച്ച് ലെറ്റ്സ് ബ്രേക്ക് കൺവെൻഷണൽ ബ്യൂട്ടി കോൺസെപ്റ്റ്സ് എന്ന പേരിൽ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു സെലിബ്രിറ്റി മെയ്ക് അപ് ആർട്ടിസ്റ്റ് ജസീന കടവിൽ. എന്റെ സഹപ്രവർത്തക വഴി ജസീന ഒരിക്കൽ എന്നെ സമീപിച്ചു. ‘തൊലിപ്പുറത്തെ സൗന്ദര്യത്തിനുമപ്പുറം, എല്ലാവരിലും സൗന്ദര്യമുണ്ട്. അതാണ് ഈ ഫോട്ടോഷൂട്ടിലൂടെ ഞാൻ സമൂഹത്തോട് പറയാൻ ശ്രമിക്കുന്നത്. സ്ഥിരം സൗന്ദര്യ സങ്കൽപങ്ങളിൽ നിന്ന് വ്യത്യസ്തരായവരെ സമൂഹം സുന്ദരികളായി കണക്കാക്കാറില്ല. ഇത്രയും ബോൾഡ് ആയി നിൽക്കുന്ന മഞ്ജുവിന്  ആ വ്യത്യാസം മാറ്റിയെടുക്കാനായാൽ... അവർക്കൊരു കോൺഫിഡൻസ് കൊടുക്കാൻ പറ്റിയാൽ...ആലോചിച്ചു നോക്കൂ’ എന്നു പറഞ്ഞു ജസീന. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലേക്ക് എത്തിയത്.

ജനിക്കുമ്പോൾ സാധാരണ കുട്ടിയായിരുന്നു ഞാനും. മൂന്ന്– മൂന്നര വയസ്സിൽ കവിളിൽ പൂമ്പാറ്റയുടെ ചിറക് പോലെ വെളുത്ത പാട് വന്നു. അലർജിയാകും എന്നാണ് കരുതിയത്. ഡോക്ടറെ കാണിച്ചപ്പോൾ ലൂക്കോഡെർമ ആണെന്നു പറഞ്ഞു. മരുന്നുകൾ കുറേ പരീക്ഷിച്ചു. പക്ഷെ ഇത് ചർമത്തിന്റെ പ്രത്യേകതരം അവസ്ഥയാണെന്ന് തിരിച്ചറിവായപ്പോൾ മരുന്നുകൾ നിർത്തി. കാഴ്ചയിലുള്ള വ്യത്യാസമല്ലാതെ ഇതുള്ളതുകൊണ്ട് ചർമം അൽപം സെൻസിറ്റീവ് ആണെണതും കുറച്ച് അലർജിക് സ്വഭാവമുണ്ടെന്നതും ഒഴിച്ചാൽ വലിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല.എന്നാൽ സമൂഹത്തിൽ നിന്ന് ദുരനുഭവങ്ങളുണ്ടായിട്ടില്ലെന്നു പറയാനാവില്ല.

ഇരട്ടപ്പേരുകളിൽ തളരാതെ

dhhd

സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർമാർ ‘ഇത് പകരും’ എന്നു പറഞ്ഞ് അവളുടെ കൂടെ കളിക്കേണ്ട എന്ന് മറ്റു കുട്ടികളോട് പറയുമായിരുന്നു. കുട്ടികൾക്ക് അറിയില്ലല്ലോ. വഴക്കിടുമ്പോൾ ജിറാഫ്, സീബ്ര, പാണ്ടൻനായ, അണലി പോലുള്ള വിശേഷണങ്ങളും കേട്ടിട്ടുണ്ട്. അന്നൊക്കെ വിഷമിച്ചിട്ടുമുണ്ട്. ടീനേജ് ആയപ്പോൾ എന്തോ കുറവുണ്ടെന്നൊരു തോന്നലായി. ചടങ്ങുകളിൽ നിന്നൊക്കെ മുങ്ങും. ഫോട്ടോയ്ക്ക് പോസ് ചെയ്യില്ല. ആൾക്കൂട്ടത്തിൽ എപ്പോഴും പുറകിലെവിടെയെങ്കിലും പോയിരിക്കും. കായികം ഒഴികെയുള്ള മേഖലകളിൽ അത്യാവശ്യം നന്നായി ശോഭിക്കുമായിരുന്നതുകൊണ്ട് എല്ലാവരും അക്കാര്യത്തിൽ റെസ്പെക്റ്റ് തന്നിരുന്നു.

എന്റെ അമ്മ സാധാരണ ഒരു ഗ്രാമീണ സ്ത്രീയാണ്. പല രാത്രികളിലും എന്റെ മോളുടെ കല്യാണം നടക്കില്ലല്ലോ എന്നു പറഞ്ഞ് അമ്മ കരയുന്നത് കണ്ടിട്ടുണ്ട് പണ്ട്. അതുകേട്ട്, എനിക്കെന്തോ കുറവുണ്ടല്ലോ എന്നൊക്കെ തോന്നിയിട്ടുമുണ്ട്. കുടുംബ മഹിമയും വെള്ളപ്പാണ്ടുമൊക്കെ വിവാഹക്കമ്പോളത്തിൽ വ്യക്തിയെ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങളാണല്ലോ.

ജേണലിസം മേഖലയിലെത്തിയതിനു ശേഷം അങ്ങനെയൊരു വേർതിരിവോ മാറ്റിനിർത്തലോ ഉണ്ടായിട്ടേയില്ല. ഒരുപക്ഷേ പത്രത്തിലായതുകൊണ്ടാകാം. മറിച്ച്, വിഷ്വൽ മീഡിയയിൽ ഇന്നു വരെ ഇത്തരം വ്യത്യാസങ്ങളുളള ആരെയും കണ്ടിട്ടില്ല. 

ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസം തന്നത് അച്ഛനാണ്. കട്ട സപ്പോർട്ട്. ‘എവിടെ എന്റെ സുന്ദരിക്കുട്ടീ...’എന്ന് ചോദിച്ച് ഞാനൊരു സുന്ദരിയാണെന്ന് മനസ്സിലാക്കിത്തന്നതും അച്ഛൻ തന്നെ. ’’ സ്വതസിദ്ധമായ ചിരിയോടെ മഞ്ജു പറയുന്നു.

‘‘Hope this video will inspire many!’’ഫെയ്സ്ബുക്ക് പേജിലൂടെ ഫോട്ടോ ഷൂട്ടിന്റെ കർട്ടൻ റെയ്സർ റിലീസ് ചെയ്തപ്പോൾ വിനീത് ശ്രീനിവാസൻ കുറിച്ച ഈ വാചകം പോലെ വിഡിയോ കുറച്ചു പേരെയെങ്കിലും ചിന്തിപ്പിക്കുന്നതിൽ സന്തോഷവതിയാണിപ്പോൾ മഞ്ജു.

Tags:
  • Spotlight