'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ... എന്തു പരിഭവം മെല്ലെയോതി വന്നുവോ...'

സംഗീതം മുറിവുണക്കുമെന്ന് പറയുന്നത് വെറുതെയല്ല. ആ വാക്കുകള്‍ സര്‍വതും മറന്നു പാടുന്ന അമലിന്റെയും അപര്‍ണയുടെയും ഈ പാട്ടിന് കാതോര്‍ക്കണം. വയ്യാത്തോരെന്നും ദീനക്കാരെന്നും തങ്ങളെ വിശേഷിപ്പിക്കുന്നവരോട് സംഗീതം കൊണ്ട് മറുപടി പറയുകയാണ് ഈ കുഞ്ഞുങ്ങള്‍. അമലിനെ ഈ ലോകം വരവേറ്റത് ഗുരുതരമായ ഓട്ടിസം കൊണ്ടാണ്, അപര്‍ണയാകട്ടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയും. പക്ഷേ ഇക്കണ്ട പരീക്ഷണങ്ങള്‍ എല്ലാം നല്‍കിയ വിധി അവരുടെ ഈ മധുരസുന്ദര ഗീതത്തിന് കാതോര്‍ത്ത് അകലെയിവിടെയോ മറഞ്ഞിരിപ്പാണ്. 

 മാജിക്കിനെ മനസ്സിനോടു ചേര്‍ത്തു പിടിച്ച ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലാണ് ഈ അദ്ഭുതക്കുഞ്ഞുങ്ങള്‍ ഉള്ളത്.  വേദനിപ്പിക്കുന്ന വിധിയെയും  ജീവിത പരീക്ഷണങ്ങളെയും പാട്ടും നൃത്തവും കളിചിരികളും കൊണ്ട് മറികടക്കുകയാണ് അവര്‍. കുട്ടികള്‍ക്കു വേണ്ടിയുള്ള ഡിഫറന്റ് ആര്‍ട് സെന്ററിലൂടെയാണ്  കലാ പഠനത്തിനും കലാവതരണത്തിനും േവണ്ടി മാത്രമായി വേദിയൊരുക്കിയിരിക്കുന്നത്. ഗോപിനാഥ് മുതുകാട് കഴിഞ്ഞ ദിവസം പങ്കുവച്ച അമല്‍ അജയകുമാറിന്റെയും അപര്‍ണയുടേയും മനോഹര ഗീതം സോഷ്യല്‍ മീഡിയയുടെ കണ്ണുതുറപ്പിക്കുമ്പോള്‍ ഗോപിനാഥ് മുതുകാട് ആ വൈറല്‍ വിഡിയോയുടെ കഥ പറയുകയാണ്...

ദൈവത്തിന്റെ കുഞ്ഞുങ്ങള്‍...

സഹപാതവും ദൈന്യതയുടെ നോട്ടങ്ങളും മാത്രമായിരുന്നു ആ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചിരുന്നത്. കുട്ടിയ്ക്ക് എങ്ങനെയുണ്ട്... അസുഖം കുറവുണ്ടോ... എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ മാത്രമാണ് എന്റെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഒരിക്കലെങ്കിലും പൊള്ളയായ സഹതാപങ്ങള്‍ കൊടുക്കാതെ അവരുടെ മനസറിയാന്‍ ശ്രമിച്ചിട്ടുണ്ടോ. എങ്കില്‍ വയ്യാത്തോരെന്ന് വിധിയെഴുതിയ ഈ കുഞ്ഞുങ്ങളില്‍ നിന്നും ഇനിയും അദ്ഭുതങ്ങള്‍ കാണാം- ഗോപിനാഥ് മുതുകാട് പറയുന്നു. 

ആ പാട്ട് പാടുന്ന അമലില്ലേ...  അവന്‍ മാജിക് പ്ലാനറ്റില്‍ വരുമ്പോള്‍ ഒന്നു സംസാരിക്കാന്‍ പോലും കഴിയില്ലായിരുന്നു. പോരാത്തതിന് സിവിയര്‍ ഓട്ടിസവും. പക്ഷേ അതിന്റെ പേരില്‍ അവനെ അങ്ങനെ അങ്ങ് മാറ്റിനിര്‍ത്താന്‍ മനസില്ലായിരുന്നു. പാട്ടിനോടുള്ള അവന്റെ കമ്പം തിരിച്ചറിഞ്ഞു. കൃത്യമായി ട്രെയിനിങ്ങ് കൊടുത്തു. എത്ര വയലന്റ് ആയാലും പാട്ട് കേട്ടാല്‍ ശാന്തനാകുന്ന അവന്റെ മനസാണ് ഞങ്ങളെ സംഗീതത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. മാസങ്ങളോളം നീണ്ട ട്രെയിനിങ് അവനെ പുതിയൊരാളാക്കി. ഇന്ന് ഏതു പാട്ടും അവന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അനായാസം പാടും. ഒരു പാട്ടിന്റെ സംഗീതം കേട്ടാല്‍ മതി, അവന്‍ പിടിച്ചെടുക്കും. അതാണ് പറഞ്ഞത് അവരെ തിരിച്ചറിയാനുള്ള മനസുണ്ടായാല്‍ അവരാരും ദീനക്കാരല്ല, സ്‌പെഷ്യല്‍ ചൈല്‍ഡുമല്ല.- മുതുകാട് പറയുന്നു. 

അപര്‍ണയുടെ കാര്യവും വ്യത്യസ്തമല്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണവള്‍. പക്ഷേ പാട്ടിനു മുന്നില്‍ എല്ലാ പരിമിതികളും പോയ്മറയും. എത്ര വേദനകള്‍ക്കിടയിലും പാട്ടിന് അവള്‍ കാതോര്‍ക്കും. വീണ്ടും പറയുന്നു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ ശാപമല്ല, അവര്‍ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്. 

മാനസിക വെല്ലുവിളി നേരിടുന്ന കൂട്ടികളുടെ മാതാപിതാക്കളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു . ഓരോ കുട്ടിയും സ്‌പെഷ്യല്‍ ആണ് . എന്തെങ്കിലും ഒരു കഴിവ് അവരില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാവും. അതില്‍ തൊടേണ്ട രീതിയില്‍ തൊട്ടാല്‍ അവര്‍ അത്ഭുതം സൃഷ്ടിക്കും. അനുഭവങ്ങളില്‍ നിന്നാണ് പറയുന്നത്.. അമലിന്റെയും അപര്‍ണയുടേയുമൊക്കെ സാധ്യതകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും എന്റെ മക്കളുടെ ഈ ദൃശ്യം കണ്ട് സന്തോഷാധിക്യത്താല്‍ മനസ്സും കണ്ണുകളും നിറയുന്നു.- മുതുകാട് പറഞ്ഞുനിര്‍ത്തി.

അമലിന്റെയും അപര്‍ണയുടേയും ഗാനം കേള്‍ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക