Thursday 04 March 2021 02:44 PM IST

‘എനിക്കിനി രക്ഷയില്ല വാപ്പിച്ചീ...’: മരണം മുന്നിൽ കാണുമ്പോഴും എന്റെ തംബുരു ചിരിക്കുകയായിരുന്നു: മകളുടെ ഓർമ്മകളിൽ മജീദ്

Binsha Muhammed

Senior Content Editor, Vanitha Online

majeed-new

മകളെ കുറിച്ചുള്ള നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന നടൻ മജീദിനെ ‘വനിതയാണ്’ വായനക്കാർക്കു മുന്നിലേക്കെത്തിച്ചത്. തംബുരുവെന്ന് സ്നേഹത്തോടെ വിളിക്കുന്ന പ്രിയമകൾ ഷബ്നമിനെ കാൻസർ കവർന്ന വേദന പങ്കുവച്ചപ്പോൾ മജീദ് ചമയങ്ങളഴിച്ചു വച്ച സ്നേഹനിധിയായ പിതാവായി. ഷബ്നം വിടപറഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ മജീദ് അന്നു പങ്കുവച്ച സ്നേഹം തുളുമ്പുന്ന വാക്കുകളെ വനിത ഒരിക്കൽ കൂടി വായനക്കാർക്ക് മുന്നിലേക്ക് വയ്ക്കുകയാണ്.

സന്തോഷം കളിയാടിയിരുന്ന മജീദിന്റെ കുടുംബത്തിന് തീരാനഷ്ടം പടച്ചോന്‍ നല്‍കിയതെങ്ങനെയാണ്... രണ്ടു പേരക്കുട്ടികളെ തനിച്ചാക്കി പ്രിയമകള്‍ ഷബ്‌നം മരണത്തിന്റെ തീരത്തേക്ക് മറഞ്ഞു പോയതെങ്ങനെയാണ്? എല്ലാ വേദനകളും പടച്ചവനില്‍ ഭാരമേല്‍പ്പിച്ച് മജീദ് എന്ന ഉപ്പ വനിത ഓണ്‍ലൈനോടു സംസാരിക്കുന്നു. പൊന്നുമോളുടെ ഓര്‍മകള്‍ ചികയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു...

'എനിക്കിനി രക്ഷയുണ്ടാകുമെന്ന് കരുതുന്നില്ല വാപ്പിച്ചീ... ഈ മണ്ണില്‍ പടച്ചോന്‍ അനുവദിച്ച് തന്ന സമയം കഴിയാറായെന്ന് തോന്നുന്നു. ഇനി ഒന്നും നമ്മുടെ കയ്യിലല്ല...'- ഒരായുഷ്‌കാലത്തിന്റെ വേദന ഉള്ളിലൊതുക്കി മകള്‍ ഷബ്‌നം പറഞ്ഞ വാക്കുകള്‍ക്ക് മരണം എന്നു കൂടി അര്‍ത്ഥമുണ്ടെന്ന് മജീദ് പെട്ടെന്ന് മനസിലാക്കി. ജീവിതത്തിന്റെ ഉയിര്‍പാതിയായ പൊന്നുമോളാണ്, ആകെയുള്ള പെണ്‍തരി. അവളാണ് കാന്‍സര്‍ നല്‍കിയ മരണശീട്ടും കയ്യില്‍ പിടിച്ച് ഇവ്വിധം പറയുന്നത്. ഏത് ഉപ്പയ്ക്കാണ് സഹിക്കാനാകുക. 

ഷബ്‌നം എന്ന പ്രിയമകളുടെ ഉപ്പ മജീദിനേയും അവര്‍ അനുഭവിച്ച വേദനയുടേയും ആഴം ആര്‍ക്കും പരിചിതമാകണമെന്നില്ല. എന്നാല്‍ വെള്ളിത്തിരയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അടയാളപ്പെടുത്തിയിട്ട നടന്‍ മജീദിനെ ആര്‍ക്കും പെട്ടെന്ന് പിടികിട്ടും. സിനിമാ പെരുമ പേറുന്ന കുടുംബത്തിലെ മൂത്തയാളായ മജീദ് നടന്‍ സിദ്ദീഖിന്റെ സഹോദരനാണന്നും പലര്‍ക്കും അറിയാം. പക്ഷേ, ജീവിതം പകുത്തു നല്‍കിയ വലിയൊരു നഷ്ടത്തിന്റെ ആഴം അളന്നു കുറിക്കുമ്പോള്‍ മലയാളികളുടെ ഈ നടന് ചമയങ്ങളില്ല, ക്യാമറയ്ക്കു മുന്നിലെ ഭാവുകത്വങ്ങളില്ല. കാന്‍സര്‍ തട്ടിപ്പറിച്ചെടുത്ത പൊന്നുമോളെ ഓര്‍ത്ത് കരയുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായൊരു പിതാവ് മാത്രം. 

സന്തോഷം കളിയാടിയിരുന്ന മജീദിന്റെ കുടുംബത്തിന് തീരാനഷ്ടം പടച്ചോന്‍ നല്‍കിയതെങ്ങനെയാണ്... രണ്ടു പേരക്കുട്ടികളെ തനിച്ചാക്കി പ്രിയമകള്‍ ഷബ്‌നം മരണത്തിന്റെ തീരത്തേക്ക് മറഞ്ഞു പോയതെങ്ങനെയാണ്? എല്ലാ വേദനകളും പടച്ചവനില്‍ ഭാരമേല്‍പ്പിച്ച് മജീദ് എന്ന ഉപ്പ വനിത ഓണ്‍ലൈനോടു സംസാരിക്കുന്നു. പൊന്നുമോളുടെ ഓര്‍മകള്‍ ചികയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു...

ഇടറിയ സ്വരം പോലെ തംബുരു 

"ഞങ്ങള്‍ രണ്ട് ആണുങ്ങള്‍... ഞങ്ങള്‍ക്ക് നിധിയായി ഓരോ പെണ്‍മക്കള്‍. ഞാനും അനുജന്‍ സിദ്ദീഖും ഇതെപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു. സത്യം പറഞ്ഞാല്‍ കാത്തു കാത്തിരുന്ന് പടച്ചോന്‍ ഞങ്ങള്‍ക്ക് തന്ന മുത്തായിരുന്നു ആ പെണ്‍മക്കള്‍. ഞങ്ങളുടെ സഹോദരിക്കും പടച്ചോന്‍  അങ്ങനൊയൊരു പുണ്യം പെണ്ണിന്റെ രൂപത്തില്‍ നല്‍കിയപ്പോള്‍ ആ അനുഗ്രഹം പൂര്‍ത്തിയായി. എന്തു ചെയ്യാന്‍ അതിലൊരു നിധിയെ ആണ് പടച്ചോന്‍ തിരിച്ചു വിളിച്ചിരിക്കുന്നത്."- കണ്ണീര്‍ തുടച്ച് മജീദ് പറഞ്ഞു തുടങ്ങുകയാണ്.

സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാ സന്തോഷങ്ങളും കളിയാടിയിരുന്ന കുടുംബം. ആ സന്തോഷത്തിന്റെ ആകെത്തുക അവളായിരുന്നു ഷബ്‌നം. ഞങ്ങളുടെ തംബുരു. വിവാഹം കഴിപ്പിച്ച് അയച്ച് മറ്റൊരു വീടിന്റെ മകളായെങ്കിലും അവളായിരുന്നു എല്ലാം. രണ്ട് മക്കളെയാണ് പടച്ചോന്‍ അവള്‍ക്ക് നല്‍കിയത്. എന്നെ ഉപ്പാപ്പ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സുബ്ഹാനയും സുഹാനയും. അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ നഷ്ടമായി... എനിക്ക് എന്റെ തംബുരുവിനേയും. ആ നഷ്ടത്തിന് വിധി നല്‍കിയ പേര് കാന്‍സറെന്നായിരുന്നു. എന്റെ പൊന്നുമോളെ കൊണ്ടുപോയ വലിയ വേദന...

അപ്പോഴും ചിരിക്കുകയായിരുന്നു അവള്‍

majee 2

ബ്രെസ്റ്റ് കാന്‍സറായിരുന്നു. അത് കണ്ടു പിടിക്കുമ്പോഴും ഞങ്ങള്‍ക്കും അവള്‍ക്കും അതിനെ തോല്‍പ്പിക്കാനാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എത്രയോ അതിജീവന കഥകള്‍ മുന്നില്‍ വഴിവിളക്കായി നില്‍ക്കുമ്പോള്‍ ബ്രെസ്റ്റ് കാന്‍സര്‍ എന്റെ കുഞ്ഞിനെ തോല്‍പ്പിക്കില്ലെന്ന് കരുതി. പോരാടാന്‍ തന്നെ തീരുമാനിച്ചു. ചെറിയൊരു മുഴയിലായിരുന്നു തുടക്കം. അത് കണ്ട പാടെ ആശുപത്രിയിലേക്കോടി. 

ബ്രെസ്റ്റ് കാന്‍സര്‍ എന്ന് തിരിച്ചറിയുമ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞു എന്ന ആത്മവിശ്വാസമായിരുന്നു അവള്‍ക്ക്. അവളുടെ ആത്മവിശ്വാസം ഞങ്ങള്‍ക്കും ഊര്‍ജം നല്‍കി. പക്ഷേ തുടര്‍ പരിശോധനകളില്‍ വലിയൊരു ദുരന്തം ഒളിച്ചിരിപ്പുണ്ടായിരുന്നു. ബ്രെസ്റ്റ് കാന്‍സറിന്റെ വേരുകള്‍ തലച്ചോറും കരളും കടന്ന് അവളെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയത്രേ... ചങ്കുപൊട്ടുന്ന വേദനയായിരുന്നു അപ്പോള്‍. അവളുടെ ഉമ്മയും ഞാനും എല്ലാം തളര്‍ന്നു പോയി. പക്ഷേ, മരണം മുന്നില്‍ക്കണ്ടും എന്റെ മുത്ത് ചിരിക്കുകയായിരുന്നു... എനിക്ക് ധൈര്യം നല്‍കുകയായിരുന്നു. 

എനിക്കിനി രക്ഷയില്ല വാപ്പിച്ചീ...

എല്ലാം അവസാനിക്കാന്‍ പോകുന്നുവെന്ന് ഉറപ്പിക്കുമ്പോഴും കാന്‍സറിനെ നോക്കി അവള്‍ കൂസലില്ലാതെ നില്‍പ്പായിരുന്നു. ഇടയ്‌ക്കെപ്പോഴോ ടെസ്റ്റ് റിസള്‍ട്ട് അവളുടെ കയ്യില്‍ കിട്ടി. തന്നെ കീഴടക്കുന്ന വേദനയെക്കുറിച്ച് ഞങ്ങള്‍ അറിയാതെ തന്നെ അവള്‍ ആഴത്തില്‍ പഠിച്ചു... ഇന്റര്‍നെറ്റില്‍ പരതി. സംഭവിക്കാന്‍ പോകുന്നതെന്തെന്ന് അവള്‍ക്ക് അറിയാമായിരുന്നു. എല്ലാം മുന്നില്‍ക്കണ്ട പോലെ... 

എനിക്കിനി രക്ഷയില്ല വാപ്പിച്ചീ എന്നു മാത്രം എന്നോട് അവള്‍ പറയുമ്പോള്‍ ഉപ്പയായ എന്റെ ചങ്കുപിടയുകയായിരുന്നു. എങ്കിലും ഭര്‍ത്താവ് ഷിഹാബിനെക്കുറിച്ചും ഡിഗ്രിക്കും പ്ലസ്ടുവിനു പഠിക്കുന്ന സുബ്ഹാനയേയും കുറിച്ചോര്‍ത്ത് വല്ലാതെ നൊന്തു. ഒടുവില്‍ ഭൂമിയിലെ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് എന്റെ തംബുരു പോയി. പടച്ചവന്റെ അടുത്തേക്ക്. 

majee 3

വിട്ടുപിരിഞ്ഞ് 40 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ആ മുഖം മാത്രം മനസിലുണ്ട്. ഒരു വേദനയ്ക്കും തളര്‍ത്താനാകാത്ത അവളുടെ മുഖത്ത് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. മരിക്കും മുമ്പ് അവള്‍ പറഞ്ഞ വാക്കുകള്‍ മാത്രം അശരീരി പോലെ ഖല്‍ബില്‍ മുഴങ്ങി കേള്‍പ്പുണ്ട്. ഈ ഭൂമിയില്‍ ആരോടും വെറുപ്പില്ല ഉപ്പാ എനിക്ക്... അതങ്ങനെ തന്നെ എന്നോടൊപ്പം അവസാനിക്കുന്നു.

നോമ്പ് കാലം വരുമ്പോള്‍ മകളുടെ ഓർമകൾ കൂടുതലായി മനസ്സിലേക്കു വരും. എനിക്ക് മാത്രമല്ല, വീട്ടിലെല്ലാവർക്കും അങ്ങനെ തന്നെ. കുക്കിങ് വലിയ ഇഷ്ടമായിരുന്നു മോൾക്ക്. അവളുണ്ടാക്കുന്ന പുഡ്ഡിങ്ങിന്റേയും ബിരിയാണിയുടേയും രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. അല്ലെങ്കിലും ഓര്‍മകളെ കൊണ്ടുപോകാന്‍ മരണത്തിന് ആകില്ലല്ലോ? ഇപ്പോഴും ഓരോ ബന്ധുക്കള്‍, കഴിഞ്ഞ ഇഫ്താറിന് അവള്‍ ഉണ്ടാക്കിയ പലഹാരങ്ങളുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുതരുമ്പോള്‍ നെഞ്ചു പിടയും.