പറന്നു പോകുന്ന കാലത്തെ ‘ഫ്രീസാക്കി’ വയ്ക്കുന്ന സിദ്ധി ഫൊട്ടോഗ്രാഫർക്കു മാത്രം വശമുള്ളതാണ്. ബ്ലാക്ക് ആൻഡ് വൈറ്റും കളറും കടന്ന് കാലം കുതിക്കുമ്പോൾ ക്ലിക്കിലാക്കിയ ചിത്രങ്ങൾക്ക് അന്നും ഇന്നും മധുരപ്പതിനേഴാണത്രേ. ക്യാമറക്കണ്ണിൽ പതിയുന്ന ജരാനരകൾക്ക് പോലും യൗവനം സമ്മാനിച്ചിരുന്നൊരു പ്രതിഭയുണ്ടായിരുന്നു. സ്മരണയുടെ മച്ചകങ്ങളിൽ പൊടിപിടിക്കാതെ കിടക്കുന്ന വാർത്താ ചിത്രങ്ങൾ മലയാളിക്ക് ശീലമാക്കിയ ക്യാമറാമാൻ. ഉരുൾ കവർന്നു കൊണ്ടുപോയ മലയാള മനോരമയുടെ അനശ്വര ഫൊട്ടോഗ്രാഫർ വിക്ടർ ജോര്‍ജ്. കലണ്ടർ താളുകൾ പുതിയൊരു ദശാബ്ദം അടയാളപ്പെടുത്തുമ്പോൾ പിന്നിലേക്കു വലിച്ചു കൊണ്ടു പോകുന്നൊരു സുന്ദര ചിത്രമുണ്ട്. വിക്ടറിന്റെ ക്യാമറക്കണ്ണുകള്‍ക്ക് മരണമില്ലാതാക്കിയ കാലഘട്ടത്തിന്റെ ചിത്രം!
കുഞ്ഞിക്കാലടികൾക്ക് ചക്കരമുത്തം നൽകുന്ന ഒരു മുത്തശ്ശിയായിരുന്നു 2000 ജനുവരി ഒന്നാം തീയതിയിലെ മനോരമ തലക്കെട്ടിൽ വിക്ടറിന്റേതായി തലപ്പൊക്കത്തോടെ നിന്നത്. മുദ്രകൾ ചാർത്തുന്നു കാലം എന്ന ക്യാപ്ഷനിലിറങ്ങിയ ആ ചിത്രം പുത്താണ്ടിലിറങ്ങിയ പത്രങ്ങളിലെ ഏറ്റവും മികച്ചതെന്ന് മാലോകർ വാഴ്‍ത്തി. കാലം പിന്നെയുമൊഴുകി. പുതിയൊരു ദശാബ്ദം കുഞ്ഞിക്കാലടിച്ച് പടിവാതിൽക്കലെത്തി. ലോകം പുതിയ ഫ്രെയിമുകളും മാറ്റങ്ങളും തേടിയപ്പോൾ മലയാള മനോരമയാകട്ടെ ആ പഴയ ഫ്രെയിമിന്റെ വേരിൽ നിന്നു തുടങ്ങി. അന്നു കണ്ട കുഞ്ഞിക്കാലടികളുടെ ഉടമയെ തേടിയായിരുന്നു യാത്ര. സഫലമാക്കാനുറച്ചിറങ്ങിയ ആ യാത്രയിൽ ഒപ്പം നടക്കാനെത്തിയതാകട്ടെ അതേ വിക്ടർ ജോർജിന്റെ മകൻ നീൽ വിക്ടർ ജോർജ്. ബാക്കി കഥ പറഞ്ഞത് 2019 ഡിസംബർ 31ലെ മനോരമയുടെ ഒന്നാം പേജാണ്. രണ്ടായിരമാണ്ടിലെ കുഞ്ഞിളം കാലിന്റെ ഉടമ ഹാനോക്കിന് ഇന്ന് നൂറ്റാണ്ടിന്റെ അതേ പ്രായം, 20 വയസ്സ്. കൗമാരം കടന്ന് അവനും യൗവ്വനത്തിലേക്ക് കാലൂന്നുകയാണ്. അന്നത്തെ അനശ്വര ചിത്രം പകർത്തിയ വിക്ടർ ജോർജിന്റെ മകൻ നീൽ വിക്ടർ ജോർജിന് വയസ് 21, ആ മുത്തശ്ശിയുടെ സ്ഥാനത്ത് മോണകാട്ടി പുഞ്ചിരിച്ച് സാറയെന്ന സുന്ദരി മുത്തശ്ശിയും. കാലത്തിന്റെ ശേഷിപ്പും തുടർച്ചയും സമം ചേർന്ന സുന്ദര നിമിഷം.

അപൂർവതകളുടെ ഈ കഥ പറയാൻ എത്തുന്നത് അച്ഛന്റെ ഓർമകളെ നെഞ്ചേറ്റുന്ന മകൻ നീൽ വിക്ടർ ജോർജാണ്. ആ ചെറിയ പയ്യനും. ‘വനിത ഓൺലൈനോട്’ ചെറിയ വലിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും. കാലത്തിന്റെ മുദ്രകള്‍ തുടർക്കഥയായ നിമിഷം...
മങ്ങാതെ ഫ്രെയിമുകളും ആ ഓർമകളും
അമൂല്യമായ ചിത്രങ്ങൾക്കെന്നും ലൈഫ് ടൈം വാറന്റിയാണ്. പ്രായവും ചുളിവുകളും വീഴുന്നത് നമ്മൾ മനുഷ്യർക്കാണ്, ചിത്രങ്ങൾക്കതില്ല. അച്ഛന്റെ ഓരോ ചിത്രങ്ങളും മുംബൈയിൽ ഫൊട്ടോജേണലിസം വിദ്യാർത്ഥിയായ എനിക്ക് റഫറൻസാണ്. ജീവിതം അടയാളപ്പെടുത്തുന്ന ഒന്നിനൊന്ന് ഹൃദ്യമായ ചിത്രങ്ങൾ. 2000ലെ ഈ അനശ്വര ചിത്രം പിറവിയെടുക്കുമ്പോൾ എനിക്ക് ഓർമകൾ ഉറയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് വയസ് 2. പക്ഷേ വളർച്ചയുടെ കാലഘട്ടത്തിൽ ആ ചിത്രം എന്റെ കൂടെക്കൂടി. എന്റെ ഫേവററ്റ് ചിത്രങ്ങളിലൊന്നായി അതു മാറിയത് കാലം ഒരുക്കിയ അപൂർവതയാകാം. –നീൽ വിക്ടർ പറഞ്ഞു തുടങ്ങി.
2000ലെ ആ ചിത്രം എങ്ങനെ പിറവിയെടുത്തു എന്നതിൽ നിന്നു തുടങ്ങാം. അതു അമ്മയും അച്ഛന്റെ സുഹൃത്തുക്കളും പറഞ്ഞു കേട്ടുള്ള അറിവേ എനിക്കുള്ളൂ. എന്റെ ആന്റിയുടെ പരിചയത്തിലുള്ള ഒരാളുടെ മകനാണ് ആ ചിത്രത്തിലുള്ള ഹനോക്ക്. അന്ന് ആ നിമിഷം തരപ്പെടുത്തിക്കൊടുത്ത ആന്റി ഇന്ന് ജീവിച്ചിരിപ്പില്ല. ആന്റിയുടെ മകൾ... എന്റെ കസിൻ ജ്യോതിയുമായി നല്ല പരിചയമുണ്ട്. ആ ചിത്രത്തിലെ കുഞ്ഞിപ്പയ്യൻ ഹാനോക്ക് കോതമംഗലം സ്വദേശിയാണ്. ജോസഫ് പി ജോർജിന്റേയും സുനി ജോസഫിന്റേയും മകൻ. കോതമംഗലത്തു തന്നെയുള്ള ഒരു ഓൾഡ് ഏജ് ഹോം ആയിരുന്നു ആ ചിത്രത്തിന് പശ്ചാത്തലമായത്. അന്ന് ആ ചിത്രത്തിൽ ഹാനോക്കിന്റെ കുഞ്ഞിക്കാലടികളെ തലോടിയ മുത്തശ്ശി ഇന്ന് ജീവിച്ചിരിപ്പില്ല.

‘ഹിസ്റ്ററി റിപ്പീറ്റ്സ്’
ഐക്കോണിക്ക് ആയൊരു ചിത്രം. അതിനു മേലെ നിൽക്കുന്ന ഒന്നു പോയിട്ട് പകരം വയ്ക്കുന്ന ഒന്നു പോലും എന്റെ ക്യാമറയിൽ പിറവിയെടുക്കില്ല. എന്തെന്നാൽ അത് വിക്ടർ ജോർജിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതു പോലൊരെണ്ണം ഞാൻ കൂട്ടിയാൽ കൂടില്ല. പക്ഷേ നിയോഗം പോലെ പുതിയൊരു ജോലി എന്നെ തേടി വന്നു.
അച്ഛനെടുത്ത ചിത്രത്തിലെ കുട്ടിയെ കണ്ടെത്തുക. അന്ന് ആ ചിത്രം എടുക്കാൻ അച്ഛനെ സഹായിച്ച ആന്റിയുടെ മകളാണ് വീണ്ടും അന്വേഷണത്തിൽ കൂടെക്കൂടിയത്. അന്വേഷണം അധികദൂരത്തേക്ക് നീണ്ടില്ല. അന്നത്തെ ചിത്രത്തിലെ കുഞ്ഞുവാവ 20 വയസുകാരനായി അതേ കോതമംഗലത്തുണ്ടായിരുന്നു. തൊടുപുഴ ഇമേജ് എന്ന സ്ഥാപനത്തിൽ മൾട്ടിമീഡിയ വിദ്യാർത്ഥി. പാതിയന്വേഷണം പൂർണതയിലെത്തിയത് അന്നത്തെ ചിത്രത്തിന് പശ്ചാത്തലമൊരുക്കിയ വൃദ്ധസദനത്തിലെത്തുന്നതോടു കൂടിയാണ്. കോതമംഗലത്തെ സ്നേഹാലയത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ഹാനോക്കിന്റെ കവിളുകളെ തലോടി. പ്രായം മറയ്ക്കാത്ത പുഞ്ചിരിയും സ്നേഹവാത്സല്യങ്ങളും ഇരുവർക്കുമിടയിൽ പിറന്നപ്പോൾ ആ സുന്ദരനിമിഷം ക്യാമറ ക്ലിക്കായി.
ഞാൻ വീണ്ടും പറയട്ടേ, അച്നെടുത്ത ഒരു മാസ്റ്റർ ക്രാഫ്റ്റിന്റെ തുടർച്ചയോ തുടർച്ചക്കാരനോ ആകാൻ ഞാൻ ആളല്ല. പക്ഷേ അച്ഛൻ അടയാളപ്പെടുത്തിയ ചിത്രത്തിന്റെ ശേഷിപ്പുകാരനായി എത്തിയെന്നറിയുമ്പോൾ ഏറെ അഭിമാനം. അച്ഛനെ സ്നേഹിച്ചവർ...അച്ഛന്റെ ചിത്രങ്ങളെ സ്നേഹിക്കുന്നവർ പുതിയ ചിത്രത്തെ ഏറ്റെടുത്തു എന്നറിഞ്ഞു. ഏറെ സന്തോഷം.– നീലിന്റെ വാക്കുകളിൽ അഭിമാനം.

‘കുഞ്ഞുവാവ’ ഹാനോക്ക് പറയുന്നു
കൗതുകമെന്നതിനപ്പുറം ഒരിക്കലും മറക്കാത്ത ഓർമയാണ് എനിക്കാ ചിത്രം. ഞാൻ ക്യാമറ ക്ലിക്കിലായ ആ നിമിഷം ഓർമയിലില്ലെങ്കിലും ഇക്കാലമത്രയും എനിക്കൊപ്പം ഉണ്ടായിരുന്നു ആ ചിത്രം. ഓർമയുറക്കാത്ത കാലത്ത് പിറന്ന ആ നിമിഷത്തെ മനസു കൊണ്ട് ഞാൻ സങ്കൽപ്പിക്കാറുണ്ട്. ബാക്കിയെല്ലാം അച്ഛനും അമ്മയും പറഞ്ഞുള്ള നല്ല കഥകളാണ്. ഒന്നുമറിയാത്ത പ്രായത്തിൽ എന്നെ സെലിബ്രിറ്റിയാക്കിയ ആ മനുഷ്യനോടുള്ള ആരാധന മൂത്ത് ചെറുപ്പത്തിൽ ഞാൻ വിക്ടർ ജോർജായി ഞാൻ സ്കൂൾ പ്രച്ഛന്ന വേഷത്തിൽ വേഷമിട്ടിട്ടുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും ആ ചിത്രം എന്റെ ആൽബത്തിലുണ്ട്. നിധിപോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. പിന്നെ പുതിയ ചിത്രത്തിലെ സാറ മുത്തശ്ശി. അവർക്കൊപ്പമുള്ള നിമിഷം പോലും ഈ ദശാബ്ദത്തിലെ എന്റെ ഏറ്റവും സുഖമുള്ള ഓർമയാണ്. പാട്ടു പാടുന്ന...മോണകാട്ടി ചിരിക്കുന്ന... മുത്തശ്ശി. ദൈവം അവർക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. പിന്നെ ഓർമകളെ തിരികെ നൽകിയ മനോരമ കുടുംബത്തിനും നീൽ വിക്ടർ ജോർജിനും എന്റേയും എന്റെ കുടുംബത്തിന്റേയും ഹൃദയം തൊട്ട നന്ദി.

ഞങ്ങൾ ഇപ്പോഴും കോതമംഗലത്തു തന്നെയാണ്. അച്ഛൻ ജോസഫ് സി ജോർജ് ഡോക്സ ക്രിസ്റ്റ്യൻ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം നടത്തുന്നു. സാമൂഹ്യ പ്രവർത്തകനുമാണ്. അമ്മ സുനി ജോസഫ് സഹോദരി ഹന്ന ജോസഫ്.
