"ഈ ഇരിക്കുന്ന മനുഷ്യനെ അറിയാമോ ഇദ്ദേഹമാണ് കെ.ജി ജോർജ്. 80 കളിലെ യവനിക, പഞ്ചവടി പാലം തുടങ്ങിയ നീണ്ട് പോകുന്ന വിലപ്പെട്ട സിനിമകൾ മലയാളികൾക്ക് നൽകിയ ഡയറക്ടർ. രണ്ടു മക്കളുടെ പിതാവ് ഇപ്പോൾ ഓർമ നശിച്ച് കാക്കനാട്ടെ ഒരു വൃദ്ധ സദനത്തിൽ ആണ്. ഇദ്ദേഹം ഒരു പാഠം ആണ്. മലയാളികൾക്കും അതിനേക്കാൾ ഉപരി മക്കളെ താലോലിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ നടത്തി കൊടുന്നവർക്കും."
കുറച്ചു ദിവസങ്ങളായി വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. ഒപ്പം കെ.ജി. ജോർജ് കുറച്ചു വൃദ്ധർക്കൊപ്പം ഇരിക്കുന്ന ചിത്രവുമുണ്ട്. സത്യത്തിൽ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്? വാട്ട്സാപ്പുൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളും സത്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? സമൂഹമാധ്യമത്തിൽ ലഭിച്ച ഫോർവേഡ് മെസേജിനു പിന്നാലെ പോയ നടി മല്ലിക സുകുമാരൻ ഇതേക്കുറിച്ച് ‘വനിത ഓൺലൈനോടു’ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളുടെ മറ്റൊരു കൊടുംപാതകത്തിന്റെ കഥ. അനശ്വര നടൻ മധുവിനെ ‘കൊല്ലാക്കൊല’ ചെയ്ത സോഷ്യൽ മീഡിയുടെ ഒടുവിലത്തെ ഇരയാണ് ജോർജ്.

ചികിത്സയാണ്, നുണ പ്രചരിപ്പിക്കരുത്
സോഷ്യൽ മീഡിയയിലെ കുറിപ്പും ചിത്രവും കണ്ടതിനു പിന്നാലെ ഞാൻ അദ്ദേഹത്തിന്റെ പത്നി സെൽമ ജോർജിനെ വിളിച്ചു. അപ്പോഴാണ് അവർ ഇക്കാര്യം അറിയുന്നതു തന്നെ. ജോർജ് സാറിനോളം തന്നെ പ്രായമുണ്ട് സെൽമക്കും. ആരോഗ്യം സ്ഥിതിയും അത്ര മെച്ചമല്ല. വിവരം പറഞ്ഞപ്പോൾ, ഈ നുണകൾ ആരാണ് എഴുതിയതെന്ന് ചോദിച്ചു ചേച്ചി വിതുമ്പി. ‘അങ്ങനെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ സാറിനെ തള്ളാൻ ഞങ്ങൾക്കു കഴിയില്ല. കൊച്ചിയിലെ കാക്കനാട്ടുള്ള സിഗ്നേച്ചര്‍ ഏജ്ഡ് കെയറിലാണ് അദ്ദേഹം. സാറിന് കുറച്ചു നാൾ മുൻപ് പക്ഷാഘാതം വന്നു. തുടർന്ന് ചികിത്സയും ഫിസിയോ തെറപ്പിയുമൊക്കെ ആവശ്യമായി വന്നു. വീട്ടിൽ പരിചരണം കൊടുക്കുന്നതിന് പരിമിതികളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കൂടുതൽ മെച്ചപ്പെട്ട പരിചരണം നൽകുന്ന സ്ഥാപനത്തിലേക്ക് മാറ്റുന്നത്. സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നതു പോലെ വീട്ടുകാർ അദ്ദേഹത്തെ ‘നടതള്ളാൻ’ തെരഞ്ഞെടുത്ത വെറുമൊരു വൃദ്ധസദനമല്ല അത്. ഫിസിയോതെറപ്പി അടക്കമുള്ള സൗകര്യങ്ങൾ കൃത്യമായി നൽകുന്ന ചികിത്സാ കേന്ദ്രമാണത്. വീട്ടിൽ നിന്നും വളരെ ദുരയൊന്നുമല്ല. മിക്ക ദിവസവും സാറിനെ കാണാൻ എല്ലാവരും പോകും. രണ്ടു മക്കളാണ് അദ്ദേഹത്തിന്. മകൾ താര വിദേശത്താണ്. മകൻ അരുൺ കൊച്ചിയിലാണ്.

കേട്ടപാതി കേൾക്കാത്ത പാതി വാളെടുത്ത് ഇറങ്ങുന്നവരാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്കു പിന്നിൽ. ‘സിഗ്നേച്ചർ ഏജ്ഡ് കെയർ’ എന്ന പേര് കണ്ടതോടെയാണ് പലർക്കും ഹാലിളകിയത്. അത് മലയാളീകരിച്ച് വൃദ്ധസദനമാക്കി എന്നു മാത്രം. പക്ഷാഘാതം വന്നതിനു ശേഷം ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്കു വേണ്ടിയാണ് അദ്ദേഹം അവിടെ തങ്ങുന്നത്. താമസത്തിനും ഭക്ഷണത്തിനുമായി മാസം 55,000 രൂപയാണ്. കൂടാതെ, ദിവസം 700 രൂപ ഫിസിയോ തെറാപ്പിസ്റ്റിനും കൊടുക്കണം. അതുമാത്രം ഒരു മാസത്തേക്ക് 21,000 രൂപയാകുന്നുണ്ട്. ഇത്രയും കാശ് മുടക്കി ചികിത്സിക്കുന്ന സ്ഥലത്തെയാണ് സമൂഹമാധ്യമങ്ങൾ ചേർന്ന് അഗതി മന്ദിരമാക്കിയത്. ജോർജ് സാറിന് അവിടെ ഒരു കുറവുകളുമില്ല. പക്ഷാഘാതത്തിന് ചികിത്സയിൽ ആണെങ്കിലും സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും മറവി തീരെയില്ല, മറവി രോഗിയുമല്ല, നിരാലംബനുമല്ല.

പാലാരിവട്ടം പാലമല്ലേ പഞ്ചവടിപ്പാലം!
അടുത്ത ദിവസം തന്നെ ഞാൻ അദ്ദേഹത്തെ നേരിൽ കാണാൻ പോയി. ദൈവാധീനം കൊണ്ട് അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. താത്പര്യമില്ലാത്ത വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കാൻ പോലും ഇഷ്ടപ്പെടില്ല. പണ്ടും അങ്ങനെതന്നെ. അതു കണ്ടിട്ട് അദ്ദേഹത്തിന് മറവി രോഗമാണെന്ന് വിധിയെഴുതേണ്ട. സ്വസ്ഥമായി വിശ്രമിക്കുന്ന മനുഷ്യന്റെയടുത്ത് പോയി, ഹിന്ദു–മുസ്ലീം ഐക്യത്തെക്കുറിച്ചും, ഇലക്ഷനെക്കുറിച്ചും സംസാരിച്ചാൽ ചിലപ്പോൾ മിണ്ടിയെന്നു വരില്ല. അദ്ദേഹത്തിന്റെ മനസു നിറയെ കുടുംബവും സിനിമയും സൗഹൃദങ്ങളുമൊക്കെയാണ്. താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്. ഇതൊക്കെ ഈ ദുഷിപ്പ് പ്രചരിപ്പിക്കുന്നവർക്ക് അറിയാമോ?– മല്ലിക ചോദിക്കുന്നു.
ഇപ്പോഴത്തെ പാലാരിവട്ടം പാലത്തെക്കുറിച്ചും പഴയ പഞ്ചവടിപ്പാലം സിനിമയെക്കുറിച്ചുമെല്ലാം ഞങ്ങൾ ഒരുപാട് സംസാരിച്ചു. കൂട്ടത്തിൽ പഴയകാല സിനിമകളെക്കുറിച്ചും. ‘പഴയ മല്ലിക സുകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാറിന് ഒരു സിനിമ ചെയ്യേണ്ടേ’ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. വാർധക്യത്തിൽ നിന്നു പുറത്തുവന്ന് ഇനിയൊരു സിനിമ കൂടി ചെയ്യാൻ പറ്റില്ലെന്ന ചിന്തയാകാം അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞത്.

ഞങ്ങളുടെ വീട്ടിലേക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് എത്തിയത് ഞാൻ അദ്ദേഹവുമായി കടപ്പെട്ടിരിക്കുന്നു. ‘സ്വപ്നാടനം’ എന്ന ചിത്രത്തിലൂടെ എനിക്ക് രണ്ടാമത്തെ നടിക്കുള്ള അവാർഡ് കിട്ടിയതിന്റെ കാരണക്കാരൻ ആ മനുഷ്യനാണ്. ആ മനുഷ്യനെക്കുറിച്ച് ഇങ്ങനെയെല്ലാം കേൾക്കുമ്പോൾ വ്യക്തിപരമായി ഈ സോഷ്യൽ മീഡിയ വെട്ടുകിളികളോട് എനിക്കും ദേഷ്യമാണ് വെറുപ്പാണ്. ഫോൺ വയ്ക്കും മുൻപും സെൽമ ചോദിച്ചത് ‘ആരാണ് മല്ലികേ ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത്’ എന്നാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മധു സാർ മരിച്ചെന്ന് വാർത്ത മെനഞ്ഞു വിട്ട ആളുകളാണ്. ഇക്കാര്യം മധു സാറിനെ ഏറെ ആരാധിക്കുന്ന ഒരമ്മയോട് ഞാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞൊരു മറുപടിയുണ്ട്. ‘ഇങ്ങനെ ഇല്ലാക്കഥകൾ മെനയുന്നവൻമാർ വെള്ളമിറങ്ങാതെ ചാകത്തേയുള്ളൂ മല്ലികേ...’ കെജി ജോർജ് സാറിന്റെ കാര്യത്തിലും നുണക്കഥകൾ പ്രചരിപ്പിക്കുന്നവർ ഓർക്കുക, നിങ്ങളേയും കാത്തിരിക്കുന്നത് ഒരു കുടുംബത്തിന്റേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും ശാപമാണ്. അതിന്റെ ഫലം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും.