കോവിഡ് പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് ഇനിയും അറിയാത്തവർക്കായി മാർഗം കളിയുടെ താളത്തിൽ ഇതാ ഒരു ബോധവൽക്കരണം. ഫിസിയാട്രിസ്റ് ആയ ഡോക്ടർ രമ്യ റിന്നറ്റ് ആണ് മാസ്‌ക്കിട്ട മാർഗം കളിയുടെ രചയിതാവ്.
മാർഗം കളിയുടെ പാട്ടിന്റെ താളത്തിൽ കോവിഡ് പ്രതിരോധത്തിന് വേണ്ട കാര്യങ്ങൾ വരികളിലാക്കി രമ്യ. മാസ്‌ക്ക് ധരിക്കുക എന്നതിനൊപ്പം, ലോക്ക് ഡൗൺ കാലത്തു വീട്ടിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം, വ്യക്തി ശുചിത്വം പാലിക്കേണ്ടത് എങ്ങിനെ, തുടങ്ങി മഹാവ്യാധിയെ നേരിടേണ്ടത് എങ്ങിനെ തുടങ്ങിയ കാര്യങ്ങൾ സ്ത്രീകൾ പരസ്പരം സംവദിക്കുന്ന വിധത്തിലാണ് മാർഗം കളിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആൻസ്, അനീറ്റ, ഐറീൻ, ആൻസി, റോസ് മേരി, എൽന മരിയ എന്നിവർ ആണ് മാർഗം കളി ചുവടുകൾ അവതരിപ്പിച്ചവർ. പാടിയത് ജിപ്സി ജോർജ്.
" പൊതുവേ സാമൂഹ്യ ഉദ്ഗ്രഥന ആശയങ്ങൾ ഉൾക്കൊള്ളുന്ന പാരമ്പര്യം ആണ് മാർഗം കളിയുടേത്. കേരള കാത്തലിക്ക് ബിഷപ്പ്‌സ് ലീഗിന്റെ കീഴിൽ നടക്കുന്ന യൂത്ത് ഫെസ്റ്റിവലുകളിൽ മാർഗം കളി നന്നായി ആസ്വദിച്ചിട്ടുണ്ട് ഞാൻ. കോവിഡ് ഏറെ രൂക്ഷമായിട്ടും പലരും മാസ്‌ക്ക് വയ്ക്കുന്നതിലും മറ്റും ജാഗ്രത പുലർത്തുന്നില്ല. അല്പം പ്രയാസം തോന്നാമെങ്കിലും അത് ചെയ്യുന്ന ഗുണം വളരെ വലുതാണെന്ന് ഡോക്ടർ ആയ എനിക്ക് അറിയാം. മാസ്ക്കിന്റെ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കാൻ എന്തു വഴി എന്ന് ആലോചിച്ചപ്പോൾ ആണ് മനസിൽ മർഗംകളി എന്ന ആശയം മിന്നിയത്. രാജഗിരി ഹോസ്പിറ്റലിൽ ജോലി ഫിസിയാട്രിസ്റ് ചെയ്യുന്ന ഡോ. രമ്യ പറയുന്നു. പുനരുജ്ജീവന ചികിത്സയാണ് ഫിസിയാട്രിസ്റ്റുകളുടെ മേഖല.

കണ്ടൈനമെന്റ് സോണിൽ പോലും പലരും മാസ്‌ക്ക് വയ്ക്കാൻ മറക്കുന്നത് കാണാം. ഹോസ്പിറ്റലിൽ സാധാരണ തെറാപ്പികൾക്ക് വരുന്ന ആളുകൾ കോവിഡ് പോസിറ്റീവ് ആണെന്ന് അ റിയുമ്പോൾ ചികിത്സയുടെ ഭാഗമായ നഴ്സുമാർ ആശ്വസിക്കുന്നത് മാസ്‌ക്കും കയ്യുറയും ധരിച്ചിരുന്നു. സാനിറ്റൈസർ കൃത്യമായി ഉപയോഗിച്ചു എന്ന കാരണത്താൽ ആണ്. കോവിഡ് രോഗികളെ പരിചരിച്ചിട്ടു പോലും അവർക്ക് കോവിഡ് ബാധിക്കാതെ ഇരുന്നത് ശരിയായ പ്രതിരോധ നടപടി കൈക്കൊണ്ടതിനാൽ ആണ്. ആരോഗ്യ പ്രവർത്തകരുടെ സമർപ്പണവും കോവിഡ് രക്ഷാ മാർഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും വ്യത്യസ്തമായി ചെയ്തുകൂടെ എന്ന ആശയം ഞാൻ ആദ്യം പങ്കു വച്ചത് ഭർത്താവ് ഡോ. റിന്നറ്റിനോടാണ്. രാജഗിരി കാർഡിയോ തെറാപ്പി വിഭാഗത്തിലെ കൺസൾറ്റന്റ് ആണ് അദ്ദേഹം. ഡോ. റിന്നറ്റ് ആണ് വീഡിയോ ഷൂട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ എല്ലാം ചെയ്തു തന്നത്.
അടുത്തതായി ആശയം ഞങ്ങളുടെ ഇടവക ആയ അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വികാരി ഫാദർ ആന്റണി പുതിയപറമ്പിലിനെ അറിയിച്ചു. പല മർഗംകളി മത്സരങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച മിടുക്കികൾ ഉള്ള ഒന്നാംതരം മർഗംകളി ടീം ഉണ്ട് പള്ളിക്ക്. അവരാണ് വിഡിയോക്കായി മാർഗം കളി അവതരിപ്പിച്ചത്.
എല്ലാം തയ്യാറായെങ്കിലും ഉദ്ദേശിച്ച വിധത്തിൽ ഉള്ള മാസ്‌ക്ക് അവസാന നിമിഷം വരെ വാങ്ങാൻ കിട്ടിയില്ല. ഒടുവിൽ തലേ ദിവസം ഒറ്റയ്ക്ക് ഓടിനടന്ന് അന്വേഷിച്ചു ഒരു കടയിൽ നിന്നും കോടി തുണിയും സ്വർണ നിറമുള്ള റിബ്ബണും സംഘടിപ്പിച്ചു. കളിക്കാരായ സിസ്റ്റർ ആൻ സിന്റെയും അനീറ്റയുന്റെയും അമ്മയാണ് രാത്രി ഇരുന്നു മാസ്‌ക്ക് തയ്ച്ചൊരുക്കി തന്നത്. കോവിഡ് സുരക്ഷാ അവബോധത്തോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക് ആദരം ആർപ്പിക്കുക കൂടി ചെയ്യുന്നു ഈ വിഡിയോ.