മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതായി ജോളിയുടെ വെളിപ്പെടുത്തൽ. മാത്യുവിന് ഒപ്പമിരുന്ന് മദ്യപിച്ചതായും തെളിവെടുപ്പിനിടെ ജോളി വെളിപ്പെടുത്തി. പൊന്നാമറ്റം വീട്ടില്‍ വച്ചാണ് ജോളിയ്ക്ക് സഹായി മാത്യു സയനൈഡ് കൈമാറിയത്. തെളിവെടുപ്പിനിടെ ഇരുവരും ഇക്കാര്യം സമ്മതിച്ചു. സയനൈഡ് രണ്ടുവട്ടം രണ്ട് കുപ്പികളിലായി നല്‍ക്കുകയായിരുന്നു. ഒരു കുപ്പി ഉപയോഗിച്ച ശേഷം രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞു. 

തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇവ. കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് തുടരുകയാണ്. ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി വിശകലനം ചെയ്ത് വീട്ടിനുളളിലും പരിസരത്തും അരിച്ചുപെറുക്കിയുളള പരിശോധനയാണ് നടക്കുന്നത്. 

ആദ്യ മൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ പരിസരങ്ങളിൽ തടിച്ചുകൂടി. കൂക്കിവിളിച്ചെത്തിയ ജനക്കൂട്ടത്തെ നീക്കാന്‍ പൊലീസിനു ബലപ്രയോഗം വേണ്ടിവന്നു. രാവിലെ 10.55 നാണ് ജോളിയെ തെളിവെടുപ്പിനായി പൊലീസ് പൊന്നാമറ്റം വീട്ടിൽ എത്തിച്ചത്. കര്‍ശന സുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയാണ് തെളിവെടുപ്പ്.