Thursday 16 January 2020 04:23 PM IST

എന്റെ കൊച്ചിനെ ഞങ്ങളിൽ നിന്ന് അകറ്റണമെന്ന് ആർക്കാണ് ഇത്ര വാശി! ‘ആ മകന്റെ’ അമ്മ സോഷ്യൽ മീഡിയയോട് പറയുന്നു, അവനെ വേദനിപ്പിക്കുന്നത് നിങ്ങളാണ്

Binsha Muhammed

aroor-followup

‘മാർക്ക് കുറഞ്ഞതിന്റെ പേരിൽ മകനെ തല്ലുന്ന കണ്ണിൽ ചോരയില്ലാത്ത അച്ഛൻ... ക്രൂരനും നീചനുമായ പിതാവിൽ നിന്നും ആ മകനെ പിരിക്കണം...ഇനി കുട്ടിയെ ആ വീട്ടിൽ താമസിപ്പിക്കരുത്...ചൈൽഡ് ലൈൻ കുഞ്ഞിനെ ഏറ്റെടുക്കണം.’

അരൂര്‍ മേഴ്സി സ്കൂളിലെ കുട്ടിയുടേയും അവനെ തല്ലിയ അച്ഛന്റേയും വിഡിയോ പുറത്തു വന്നതിനു പിന്നാലെ രോഷം പൂണ്ട സോഷ്യൽ മീഡിയ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങളാണിത്. രണ്ടാമതൊരു വാക്കിന് ചെവികൊടുക്കാതെ കുഞ്ഞിനെ ചൈൽഡ് ലൈൻ ഏറ്റെടുക്കണമെന്ന് വരെ പറഞ്ഞ് ചില ഓൺലൈൻ മാധ്യമങ്ങൾ വരെയെത്തി. കെട്ടടങ്ങാതെ വിചാരണയും കൊടുങ്കാറ്റു പോലെ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ സംരക്ഷകർ ചമഞ്ഞെത്തുന്ന നന്മ മനസുകളോട് ആ അമ്മ കൈകൂപ്പി പറയുകയാണ്‌, വിചാരണയും വിധിയെഴുത്തും കഴിഞ്ഞെങ്കിൽ എല്ലാവരും ഒന്നിതു വഴി വരണം. എന്റെ കുഞ്ഞ് അനുഭവിക്കുന്ന മാനസിക വേദന എത്രത്തോളമെന്ന് കൂടി ഒന്ന് കൺതുറന്ന് കാണണം. നീതി വാങ്ങിക്കൊടുത്തും പ്രതിഷേധിച്ചും നിങ്ങൾ വേദനിപ്പിക്കുന്നത്, എന്റെ മകനെയാണ്. ഒന്നു പുറത്തിറങ്ങാൻ പോലുമാകാതെ നാണംകെട്ട് നൊന്തു നീറി അവനിവിടെ ഉണ്ട്.– സതീശൻ പൈയുടെ ഭാര്യ ശ്രീകല ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ ആ വാക്കുകളിൽ അമ്മയുടെ രോഷം പ്രതിഫലിക്കുന്നു.

മാർക്ക് കുറഞ്ഞു, മകനെ പരസ്യമായി തല്ലി അച്ഛൻ; സോഷ്യൽ മീഡിയയിൽ രോഷം

aroor-1

കുഞ്ഞാണ്, അടിമ- ഉടമ ഭാവം വേണ്ട! അച്ഛൻ അടിച്ചുതകർത്തത് അവന്റെ ആത്മാഭിമാനം; ഡോ. സി.ജെ. ജോണിന്റെ വാക്കുകൾ ശ്രദ്ധിക്കാം

അവനും ഞാനും കൂട്ടുകാരെ പോലെ, തെറ്റ് സംഭവിച്ചത് മനസ്സ് കൈവിട്ട നിമിഷത്തിൽ! മകനെ തല്ലിയ സതീശൻ പൈ ആദ്യമായി പ്രതികരിക്കുന്നു

എന്റെ കുഞ്ഞിനു വേണ്ടി എന്ന മട്ടിൽ അവനെ ഏറ്റെടുക്കണമെന്ന് പറയുന്നവർ അവനെ ആഘോഷിക്കുകയല്ലേ? അവനെ നൊന്തു പെറ്റ അമ്മയാണ് ഞാൻ. ആ ഞാൻ പറയുന്നു, എന്റെ മകൻ അവന്റെ അച്ഛനരികിൽ സുരക്ഷിതനാണ്. ലോകത്തിലെ ഏതൊരു കുഞ്ഞിനെക്കാളും സുരക്ഷിതൻ. അവിടെ നിങ്ങൾ കണ്ട ചിത്രമല്ല എന്റെ വീട്ടിലെ അവസ്ഥ. ഞങ്ങൾക്ക് മകനെ കൂടാതെ രണ്ടു പെൺമക്കൾ കൂടിയുണ്ട്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെയാൾ ബാങ്ക് ടെസ്റ്റിന് തയ്യാറെടുക്കുന്നു. മക്കൾ മൂവർക്കും അച്ഛനോട് വലിയ അടുപ്പമാണ്. ഞാൻ വീട്ടമ്മയാണ്. സമൂഹ മാധ്യമങ്ങളെക്കുറിച്ചൊക്കെ ഇതുവരെ കേട്ടുകേൾവി മാത്രമാണ് ഉണ്ടായിരുന്നത്. അതു ഞങ്ങളുടെ ജീവിതം മാറ്റി മറിച്ചു. ഞങ്ങളെ അറിയാവുന്ന അയൽക്കാരുടെ പിന്തുണയാണ് ഇപ്പോഴും ഞങ്ങൾ പിടിച്ചു നിൽക്കാൻ കാരണം. – ശ്രീകല പറയുന്നു.

‘അദ്ദേഹം പറഞ്ഞതു തന്നെയാണ് സത്യം. ഒരു നിമിഷത്തെ ദേഷ്യത്തിൽ അങ്ങനെ സംഭവിച്ചു പോയി. സംഭവിക്കാൻ പാടില്ലാത്തത്. അതിനർത്ഥം അദ്ദേഹം ക്രൂരനും ദുഷ്ടനുമെന്നല്ല. സ്വന്തമാണെന്ന തോന്നൽ ഉള്ളതു കൊണ്ടാകണം അങ്ങനെ ചെയ്തത്. അങ്ങനെ ചെയ്തു പോയതിന്റെ പേരിൽ ആ മനുഷ്യന്റെ മനസ് നീറുന്നത് ഞാൻ കാണുന്നുണ്ട്. ഇനിയും അദ്ദേഹത്തെ വിചാരണ ചെയ്യരുത്. ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുത്. അച്ഛന്റെ വിഷമം മോനും നന്നായി മനസിലാക്കുന്നു. അപ്പാ അടിച്ചതു തനിക്കു കൊണ്ടില്ലെന്നും കയ്യിലിരുന്ന പരീക്ഷാ പേപ്പറുകളിലാണ് കൊണ്ടതെന്നുമെല്ലാം പറഞ്ഞ് അവനും ആശ്വസിപ്പിക്കുന്നുണ്ട്. അച്ഛൻ തല്ലിയതിൽ അല്ല, അതിന്റെ പേരിൽ അച്ഛനെ ആളുകൾ നാണം കെടുത്തുന്നതിലാണ് എന്റെ െകാച്ചിനിപ്പോൾ വേദന.

ഞാനെന്റെ കുഞ്ഞിന്റെ മനസ് കാണാനാണ് ശ്രമിച്ചത്. എഴുതാനും വായിക്കാനും അറിവുള്ള കുഞ്ഞാണവൻ. 13 വയസുണ്ട് അവന്. സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് എല്ലാം അവൻ കാണുന്നുണ്ട്. ഇതെല്ലാം കണ്ട് വേദനയോടെ ഇരിപ്പാണ്. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും അവർ ഇവിടെയുണ്ട് എന്ന് പറഞ്ഞപ്പോഴും ദഹിക്കാത്ത ചില മാധ്യമങ്ങളെ കണ്ടു. മറ്റൊന്നും വേണ്ട, നാട്ടിലോ അയൽ പക്കത്തോ ഒന്ന് അന്വേഷിക്കൂ. അദ്ദേഹം ക്രൂരനാണ്, മകനെ പിഡിപ്പിക്കുന്നു എന്ന് ആരെങ്കിലും പറയട്ടേ. അപ്പോൾ നിങ്ങൾ പറയുന്നത് മുഴുവൻ ഞങ്ങൾ കേട്ടിരിക്കാം. അടി കൊണ്ടതിലല്ല, അച്ഛനെ ഇങ്ങനെ ഹരാസ് ചെയ്യുന്നതിലാണ് അവൻ ഇപ്പോൾ വേദനിക്കുന്നത്. ആ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതിനെ കുറിച്ച് ആരും വാ തുറക്കുന്നു പോലുമില്ല എന്നതാണ് മറ്റൊരു തമാശ.

സ്കൂളിൽ പ്രിൻസിപ്പലൊക്കെ അവനെ വിളിച്ച് ഉപദേശിച്ചു. വിഷമിക്കരുത് എന്നൊക്കെ പറഞ്ഞു. എത്രയൊക്കെ പറഞ്ഞിട്ടും സോഷ്യൽ മീഡിയ ആഘോഷിച്ച അവനു നേരെ നീളുന്ന ചൂണ്ടു വിരലുകളാണ് അസഹനീയം. ഇന്റർവെല്ലിനു പോലും പുറത്തിറങ്ങാതെ കളിയാക്കൽ ഭയന്ന് എന്റെ കുട്ടിയിരിപ്പാണ്. കുടുംബത്തിൽ നടക്കുന്ന ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ ഞങ്ങൾക്ക് പേടിയാണ്. നീതി വാങ്ങിത്തരാൻ കൊടിപിടിച്ചിറങ്ങുന്നവർ നോവിക്കുന്നത് എന്റെ കുഞ്ഞിനെയാണ്. നിങ്ങൾ തകർക്കാൻ നോക്കുന്നത് ഞങ്ങളുടെ കുടുംബത്തെയാണ്. – വേദന എന്നു തീരും എന്ന ആശങ്കയുണ്ട് ആ അമ്മയുടെ വാക്കുകളിൽ.