ഇത്തിരിപ്പോന്ന ആ തട്ടുകടയുടെ കനൽ അടുപ്പിനേക്കാളും ചൂടുണ്ട് മെറിൻഡയുടേയും അമ്മ അമ്മിണിയുടേയും ജീവിതാനുഭവങ്ങൾക്ക്. ജീവിതം കുഴഞ്ഞുമറിയുകയാണ് എന്ന് തോന്നിച്ച നിമിഷത്തിലാണ് മെറിൻഡ അമ്മയ്ക്കൊപ്പം കടയിൽ പൊറോട്ട കുഴയ്ക്കാനെത്തുന്നത്. അന്നേരം പ്രായപൂർത്തിയായ പെൺപിള്ളേര്‍ വീട്ടിലിരിക്കണം എന്ന കാർന്നോമ്മാരുടെ ഉപദേശമൊന്നും ചെവിക്കൊള്ളാനുള്ള മനസ്സായിരുന്നില്ല. ഡിഗ്രിക്കാരിയുടെ ഇമേജും നോക്കിയില്ല. ‘വീട്ടിലിരുന്നൂടേ...എന്തിനാ എന്തിനാ മോളേ ഈ പണി ചെയ്യുന്നേ...’ ചോദിച്ചവരോടൊക്കെ തനി തൃശൂർ സ്റ്റൈലിൽ മറുപടി ഇങ്ങനെ– ‘ഇമേജും അന്തസും അടുപ്പിലിട്ടാൽ ചോറാകില്ലല്ലോ. അമ്മ ഇങ്ങനെ ഞങ്ങൾക്കു വേണ്ടി കരിയും പുകയും കൊള്ളുമ്പോൾ ഞാനെങ്ങനെ വീട്ടിൽ അടങ്ങിയിരിക്കും. ഞങ്ങൾക്കും ജീവിക്കണ്ടേ ചേട്ടാ.’
പൊറോട്ടയടിയിൽ കവിത രചിക്കുന്ന ആണുങ്ങള്ള വെല്ലുന്ന മെറിൻഡയുടെ കഥ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ട് ദിവസങ്ങളേ ആയുള്ളൂ. വീട്ടിലെ വിഷമതകള്‍ നാലാൾ അറിയുന്നതിൽ നാണക്കേട് വിചാരിക്കുന്ന കോളജ് കുമാരിമാരുടെയും കുമാരൻമാരുടെയും നടുവിലാണ് ഈ പെൺകുട്ടി വ്യത്യസ്തയാകുന്നത്. മൈദയുമായി മൽപ്പിടുത്തം നടത്താൻ മാത്രമായോ എന്നും സംശയിച്ചേക്കാം. അങ്ങനെ ചോദിച്ച് എത്തിയവർ മെറിൻഡയുടെ അമ്മൂസ് തട്ടുകടയിലെ ആവിപറക്കുന്ന പൊറോട്ടയുേടുയം ബീഫ് കറിയുേടയും രുചിയറിഞ്ഞു. പെൺപിള്ളേർക്ക് വീട്ടിലിരുന്നൂടേ... എന്ന് ചോദിച്ചവരെ കൊണ്ട് പെൺപിള്ളേരായാൽ ഇങ്ങനെ വേണമെന്ന് മാറ്റിപ്പറയിച്ച കഠിനാദ്ധ്വാനം.

ലോക് ഡൗണിലെ വിരസമായ ഇടവേളയിൽ ബക്കറ്റ് ചിക്കനും ഡാൽഗോണ കോഫിയും ഉണ്ടാക്കി നേരം കൊല്ലാനിറങ്ങുന്നവർക്കിടയിൽ മെറിൻഡ പൊറോട്ടയുമായി മൽപ്പിടുത്തം നടത്തുണ്ടെങ്കിൽ അതിനു പിന്നിൽ ഒറ്റക്കാരണം, ഒറ്റ ഉത്തരം. കയ്പേറിയ ജീവിത പ്രാരാബ്ദം! വേദനകളെ പുഞ്ചിരി കൊണ്ടും കഠിനാദ്ധ്വാനം മറയ്ക്കുന്ന ആ വൈറൽ പൊറോട്ട മേക്കറെ വനിത ഓൺലൈൻ തിരഞ്ഞെത്തുമ്പോള്‍ അമ്മൂസ് തട്ടുകടയുടെ നീളൻ ബെഞ്ചിൽ മെറിൻഡ തളർന്നിരിപ്പുണ്ടായിരുന്നു, വേദനകളുടെ കഥ പറയാൻ...
അച്ഛനില്ലാത്ത ബാല്യം
ഞങ്ങൾ മൂന്നു പെൺമക്കളാണ്. പണിക്കൊന്നും പോകില്ല. അച്ഛനു കൂടി ചെലവിന് കൊടുക്കേണ്ടി വന്നതോടെ അമ്മ ഒരു ദിവസം സഹികെട്ട് പറഞ്ഞു, എനിക്കെന്റെ മൂന്ന് പെൺമക്കളെ ഒരു കരയ്ക്കെത്തിക്കണം. നിങ്ങൾക്ക് കൂടി ചെലവിന് തരാൻ എനിക്കാകില്ല. ’. കേട്ടപാതി കേൾക്കാതെ പാതി അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. അങ്ങനെ 15 വർഷം മുൻപ് ഞങ്ങൾ നാലു പേരും ആരോരും തുണയില്ലാത്തവരായി. ഓർമ്മവച്ച കാലം മുതൽ ഞങ്ങളെ പോറ്റാൻ പെടാപ്പാട് പെടുന്ന അമ്മയെയാണ് കാണുന്നത്. വെളുപ്പിനെ രണ്ട് മണിക്ക് എഴുന്നേറ്റ് റബർ വെട്ടാൻ പോകും. ഭാരമേറിയ തടി കഷ്ണങ്ങൾ അമ്മ ചുമന്നു കൊണ്ടു പോകുന്നതു കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും.

അതിനിടെ അമ്മയുടെ യൂട്രസ് നീക്കേണ്ടി വന്നത്. അതോടെ ആരോഗ്യ പ്രശ്നങ്ങളും ശാരീരിക അവശതകളും കൂടി. ഇതോടെ അമ്മയ്ക്ക് മുൻപ് ചെയ്തിരുന്ന ജോലിക്കൊന്നും പോകാൻ പറ്റാതായി. ഇതിനിടെ ചേച്ചി അപർണയുടെ നഴ്സിങ് പഠനവും അതിനുശേഷം വിവാഹവും കൂടിയായപ്പോൾ സാമ്പത്തിക ബാധ്യതകളുടെ കനമേറി. ഞങ്ങളുടെ വിദ്യാഭ്യാസവും ചേച്ചിമാരുടെ വിവാഹവുമൊക്കെ കഴിഞ്ഞപ്പോൾ ബാധ്യതകൾ ലക്ഷങ്ങൾ കടന്നു പതിയെ അത് എട്ടു ലക്ഷമായി വർധിച്ചു. അങ്ങനെയാണ് വടക്കാഞ്ചേരി കാഞ്ഞിരക്കോട് പള്ളിമണ്ണ പാലത്തിനു സമീപം തട്ടു കട തുടങ്ങുന്നത്. ആദ്യമൊക്കെ എണ്ണപ്പലഹാരങ്ങളും ചായയും മാത്രമായിരുന്നു. പതിയെ പതിയെ ഭക്ഷണങ്ങൾ ഉണ്ടാക്കി തുടങ്ങി. കടയിൽ ഒരു പൊറോട്ട മേക്കറുണ്ടായിരുന്നു. സഹായത്തിന് ഒരു ചേച്ചിയും. കടയുടെ നടത്തിപ്പും ജോലിക്കാരുടെ ശമ്പളവും കഴിഞ്ഞാൽ കാര്യമായൊന്നും ബാക്കിയില്ല. കഷ്ടിച്ച് കഴിഞ്ഞു പോകാം എന്ന അവസ്ഥ. അതിനിടെ പൊറോട്ട മേക്കറായ ചേട്ടന് സ്ഥിരം കടയിൽ വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ കടയുടെ പ്രവർത്തനം താളം തെറ്റുമെന്ന അവസ്ഥ വന്നു. ഞാൻ പൊറോട്ട അടിച്ചാൽ ഒരാൾക്ക് നൽകുന്ന കൂലി ലാഭിക്കാമല്ലോ എന്ന ചിന്തയും തലയിൽ കയറി.

കടയിലുണ്ടായിരുന്ന ചേട്ടൻ പൊറോട്ടയടിക്കുമ്പോൾ ഞാൻ അതിന്റെ സൈഡിൽ എവിടെയെങ്കിലും നിൽപ്പുണ്ടാകും. പുള്ളിക്കാരൻ ചെയ്യുന്നത് നോക്കി നിൽക്കും. അതു കണ്ട് പഠിക്കാൻ പറഞ്ഞത് അമ്മയാണ്. പൊറോട്ട കുഴയ്ക്കുന്നതും വീശിയടിക്കുന്നതും ചേട്ടനെന്നെ പഠിപ്പിച്ചു. ആദ്യമൊക്കെ പൊറോട്ട വൻ പരാജയമായിരുന്നു. പതിയെ പതിയെ മൈദയും ഞാനുമായി ചങ്ങാത്തത്തിലായി. ഒരു ദിവസം ഏഴു കിലോ മാവിന് വരെ പൊറോട്ട ഞാൻ അടിക്കും. അതായത് 150 പൊറോട്ടയോളം. എല്ലാം എക്സ്പീരയൻസ് കൊണ്ട് ഒപ്പിച്ചെടുത്തതാണേ. ഇപ്പോ ഞാൻ എക്സ്പർട്ടാണെന്ന് കടയിലെ കസ്റ്റമേഴ്സിന്റെ വക കോംപ്ലിമെന്റ്.
പൊറോട്ട എക്പർട്ട്!
പൊറോട്ട മേക്കിങ്ങിൽ അഗ്രഗണ്യയാണെന്ന് തെളിയിച്ചതോടെ കടയിൽ നിൽക്കാൻ പറഞ്ഞത് അമ്മയാണ്. അതു വേണോ അമ്മാ...എന്ന് ഞാൻ ചോദിച്ചതാണ്. അന്നേരം നമ്മുടെ സ്വന്തം കടയല്ലേ മോളേ എന്നായിരുന്നു അമ്മയുടെ മറുപടി. കടയിൽ സ്ഥിരമായതോടെ ഇത് നിനക്ക് പറ്റിയ പണിയാണോ മോളേ എന്ന് പലരും ചോദിച്ചിരുന്നു. അതൊക്കെ മൈൻഡ് ചെയ്യാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. അതിരു കടന്ന കമന്റുമായി ആരെങ്കിലുമെത്തിയാൽ നല്ലവണ്ണം തിരികെ മറുപടി നൽകാനും അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ആരാടീ... എന്ന് ചോദിച്ചവരോടൊക്കെ എന്താടാ... എന്ന് തിരികെ നൽകാനുള്ള ജീവിതാനുഭവം ഞങ്ങളുടെ അമ്മയ്ക്കുണ്ട്. ആ അമ്മയുടെ മക്കളല്ലേ ഞങ്ങൾ.
ഉച്ചവരെയാണ് കോളജിൽ ക്ലാസ്. അത് കഴിഞ്ഞാല്‍ നേരെ കടയിലേക്ക് ഓടും. പഠനവും പൊറോട്ടയടിയും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുന്നു എന്ന് പലരും ചോദിക്കും. പരീക്ഷാ കാലമാകുമ്പോൾ പൊറോട്ടയുടെ എണ്ണം കുറച്ച് അഡ്ജസ്റ്റ് ചെയ്യും അത്ര തന്നെ. സ്വന്തം ജീവിത പ്രശ്നമായതിനാൽ കോളേജ് ഡേ പോലുള്ള പരിപാടിക്കൊന്നും പോകാറില്ല. കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയാൽ കുടുംബം പട്ടിണിയാകും.

സ്വപ്നങ്ങൾക്ക് പരിധിയുണ്ട്
വലിയ സ്വപ്നങ്ങളൊന്നുമില്ല. നല്ലവണ്ണം പഠിക്കണം, ബാങ്കിലെ കടങ്ങൾ തീർക്കണം. പിന്നെ വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. ഷീറ്റുകൊണ്ട് മറച്ച ഈ തട്ടുകട ഒരു കൊച്ചു ഹോട്ടലാക്കി മാറ്റണം. ആദ്യം എട്ടു ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കയ്ക്കണം എന്നതാണ് ലക്ഷ്യം. ഈ അധ്വാനമൊക്കെയും അതിന് വേണ്ടിയാണ്. ജോലിയാണ് വലിയ ലക്ഷ്യം. പണ്ടൊക്കെ അമ്മ തോട്ടത്തിൽ റബർ വെട്ടാൻ പോകുമ്പോൾ ഞങ്ങൾ മക്കളും കൂടെ പോകുമായിരുന്നു. അന്നൊക്കെ പലരും ഞങ്ങളോടും വേഗം റബർ വെട്ട് പഠിച്ചോ എന്നൊക്കെ പറഞ്ഞ് പരിഹസിക്കുമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥയാകണം എന്നാണ് എന്റെ ആഗ്രഹം. ബികോം കഴിഞ്ഞാൽ ബാങ്ക് കോച്ചിങ്ങിന് പോകണം. വിവാഹ സങ്കൽപ്പങ്ങളൊന്നും ഇപ്പോൾ മനസിലേയില്ല. എന്റെ അമ്മ പറയും പോലെ വിവാഹമൊന്നും ജീവിതത്തിലെ ഒരു പ്രശ്നങ്ങൾക്കും പ്രതിവിധിയേയല്ല. എനിക്ക് പ്രതീക്ഷയുണ്ട് ഞാനും എന്റെ അമ്മയും കരിയും പുകയും കൊള്ളുന്നതൊന്നും വെറുതെയാകില്ല. നല്ലകാലം വരും, ഞങ്ങളുടെ കഷ്ടപ്പാട് മാറും.
