Saturday 28 March 2020 12:24 PM IST

മിനക്കേടില്ലാതെ വേണ്ടുവോളം പോഷകം ഉള്ളിലാക്കാം! ലോക്ക് ഡൗൺ കാലത്ത് ‘മൈക്രോ ഗ്രീൻസ്’ ഒന്നു പരീക്ഷിച്ചാലോ ?

Ammu Joas

Sub Editor

micro

അത്ര മിനക്കേടില്ലാതെ വേണ്ടുവോളം പോഷകം ഉള്ളിലാക്കാനായി വീട്ടിൽ കുറച്ചു കൃഷി ചെയ്യണമെന്നു മോഹമുള്ളവരാണോ നിങ്ങൾ. മോഹമുണ്ടെങ്കിലും പലർക്കും വേണ്ട സമയമോ സ്ഥലമോ ഒന്നും ഉണ്ടാകില്ല. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ന്യൂ ജനറേഷൻ വഴിയാണ് ‘മൈക്രോ ഗ്രീൻസ്.’ മുളപ്പിച്ച വിത്തുകളേക്കാളും പോഷകങ്ങൾ നിറഞ്ഞ, രണ്ടില പരുവത്തിലുള്ള ചെറു തൈകളാണ് മൈക്രോ ഗ്രീൻസ് എന്നറിയപ്പെടുന്നത്.

വിളവായി പാകമെത്തുമ്പോഴുള്ളതിനേക്കാൾ 40 മടങ്ങ് കൂടുതൽ പോഷകമൂല്യമുണ്ട് മൈക്രോ ഗ്രീൻസിൽ. വൈറ്റമിൻ ഇ, കെ, സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമായ ഇവ കണ്ണിനും ചർമത്തിനും വേണ്ട എല്ലാ പോഷകങ്ങളും നൽകുന്നു. കാൻസറിനെ ചെറുക്കാൻ പോലും കെൽപുണ്ട് ഇവയ്ക്ക്.

മല്ലി, വൻപയർ, ചെറുപയർ, കടലയിനങ്ങൾ, ഉലുവ, ഗോതമ്പ് എന്നു തുടങ്ങി എന്തും മൈക്രോ ഗ്രീൻസ് ആക്കാം. നടീൽ മിശ്രിതത്തിൽ പാകി മുളപ്പിച്ച ചെറുതൈകൾ രണ്ടില പരുവത്തിൽ വേരോടെ പിഴുത് കഴുകിയെടുത്തും, വേരില്ലാതെ മുറിച്ചെടുത്തും തോരനോ സാലഡോ ഒക്കെയാക്കാം.

മൈക്രോഗ്രീൻസ് വിളയിക്കാം

∙ പാകേണ്ട വിത്തിനങ്ങൾ രണ്ടു ദിവസം വെള്ളത്തിലിട്ടു വയ്ക്കണം. വേഗം കിളിർപ്പ് വരാനാണിത്. ചീര വിത്തുകളും മറ്റും നേരിട്ട് പാകാം.

∙ ഒരു പരന്ന ട്രേയുടെ അടിയിൽ വെള്ളം ഒലിച്ചു പോകാനായി ചെറുദ്വാരങ്ങളിടുക. ഇതിൽ മുക്കാൽ ഭാഗം മണ്ണ് നിറച്ച് അതിൽ അര സെന്റിമീറ്റർ കനത്തിൽ ചകിരി കമ്പോസ്റ്റോ ചാണകപ്പൊടി ചേർത്ത മണ്ണോ നിരത്തി വിത്തുകൾ പാകാം.

∙ ദിവസം ഒരു നേരം മാത്രം മതി നന. വിത്തു മുളച്ചു തുടങ്ങുമ്പോൾ മുതൽ വെയിൽ ഉറപ്പാക്കണം.

∙ പയറിനങ്ങൾ പാകി മൂന്നാം ദിവസം മുള വരും. മല്ലിയും ഉലുവയുമൊക്കെ മുള പൊട്ടാൻ അതിലും സമയമെടുക്കും. അതിനാൽ തന്നെ ഓരോ ഇനങ്ങളും പറിച്ചെടുക്കേണ്ട സമയം വ്യത്യാസപ്പെടും. എന്നിരുന്നുന്നാലും വിത്തു പാകി രണ്ടാഴ്ചയ്ക്കുള്ളിൽ മൈക്രോ ഗ്രീൻസ് ‘കൊയ്യാം.’

∙ അടുക്കളയിലോ സിറ്റ് ഔട്ടിലോ ഒക്കെ ചെറിയ ഐസ്ക്രീം ടിന്നിലും മറ്റും പാകിവച്ചാൽ വീട്ടിലേക്കു വേണ്ട ഇലകൾ മാത്രമല്ല, ഗ്രീൻ ടച്ചും കിട്ടും.