വരകളിൽ പെയ്തിറങ്ങുന്നു പ്രകൃതി! പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വരയിൽ ചാലിച്ച് മോത്തി
Mail This Article
ക്യാൻവാസിലേക്ക് പെയ്തിറങ്ങുന്ന ജലഛായങ്ങളിൽ ഒളിച്ചിരിപ്പുണ്ട് പ്രകൃതിയൊരുക്കി വച്ചിരിക്കുന്ന മായിക സൗന്ദര്യം. മോത്തി രാജേഷ് എന്ന ചിത്രകാരി ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നതും അതേ സൗന്ദര്യം. മനുഷ്യനുമായുള്ള പ്രകൃതിയുടെ ആത്മബന്ധം മോത്തിയുടെ ക്യാൻവാസിൽ വരകളായി വിരിയുമ്പോൾ അത് കാഴ്ചയുടെ വേറിട്ട അനുഭവമായി മാറും.
കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന ആ ചിത്രങ്ങൾക്ക് നമ്മോട് പറയാനേറെയുണ്ട് കഥകൾ. നാടും നഗരവും കെട്ടിപ്പെടുക്കാനുള്ള ഓട്ടത്തിനിടയ്ക്ക് മനുഷ്യൻ ചെയ്തു കൂട്ടിയ ചൂഷണം, കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന പ്രകൃതിയുടെ സൗന്ദര്യം, നിനച്ചിരിക്കാതെ എത്തിയ ദുരന്തങ്ങൾ എല്ലാം ആ കലാകാരിയുടെ വരകളിൽ ഭദ്രം.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് മോത്തിയുടെ ചിത്രങ്ങൾ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അക്രിലിക്കിലും ജലഛായത്തിലും ചെയ്ത 35 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ എൻ എ നസീറാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. പ്രദർശനം നവംബർ മൂന്നിന് സമാപിക്കും.