മലയാളത്തിന്റെ പ്രിയകവിയും കഥാകൃത്തുമാണ് എം.ആര്‍ രാധാമണി (രാധാമണി രാജ്). ജീവിതത്തിന്റെ നേരും ചൂരും പകരുന്ന രചനകളിലൂടെ സാഹിത്യ ലോകത്ത് തന്റെതായ ഇടം സ്വന്തമാക്കിയ ഇവർ പ്രശസ്ത കവി എം.ആർ രേണുകുമാറിന്റെ സഹോദരിയുമാണ്. രാധാമണിയുടെ പുതിയ പുസ്തകം ‘പേന്തലയുള്ള പെറ്റിക്കോട്ട്’ (കവിത) അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.
എന്നാൽ രാധാമണി എന്ന അമ്മയുടെ ജീവിതം അനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും തീച്ചൂളയിലൂടെയാണ് കടന്നു പോകുന്നത്. ഓട്ടിസം ബാധിച്ച മുപ്പത്തിമൂന്നും മുപ്പതും വയസ്സുള്ള രണ്ട് ആൺമക്കളുടെ അമ്മ.
രാധാമണി–രാജ് ദമ്പതികൾക്ക് , ഒന്‍പതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ, രണ്ടേകാൽ വയസ്സിന്റെ വ്യത്യാസത്തിൽ പിറന്ന രണ്ടു മക്കളും ഓട്ടിസ്റ്റിക് ആണ്.
‘‘മകന് ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കവിയുടെ പേരിട്ടു, ഷെല്ലി. വീട്ടിൽ മോനു എന്നു വിളിച്ചു. അവന് രണ്ടേകാൽ വയസ്സുള്ളപ്പോഴാണ് വീട്ടിലെ കുഞ്ഞാവയായി ഷെറിയുടെ ജനനം. ഇരുവരും സംസാരിക്കാൻ അൽപം വൈകി. ഞാനും അനിയൻ രേണുവും അധികം സംസാരിക്കാത്തവരായതിനാൽ അതേ പ്രകൃതം ആകുമെന്നേ കരുതിയുള്ളൂ. മോനുവിന് മൂന്നര വയസ്സുള്ളപ്പോഴാണ് കുട്ടികളുടെ ഡോക്ടർ മക്കൾക്ക് എന്തോ പ്രശ്നമുള്ളതായി പറയുന്നത്. അന്ന് എനിക്കും രാജിനും തിരുവനന്തപുരത്താണ് ജോലി. ഞങ്ങൾ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പോയി. രണ്ടാഴ്ച അവിടെ അഡ്മിറ്റ് ചെയ്തു. അപ്പുറവും ഇപ്പുറവും രണ്ടു കട്ടിലിലായി മോനുവും കുഞ്ഞാവയും. അവർ ഓടിപ്പോകാതിരിക്കാൻ നടുക്ക് വടിയുമായി ഞാൻ. ഇടയ്ക്ക് കണ്ണു നിറയും. താമസിയാതെ ആ കടുത്ത സത്യം മനസ്സിലായി. എന്റെ രണ്ട് കുഞ്ഞുങ്ങളും ഓട്ടിസ്റ്റിക് ആണ്. ജീവിതകാലം മുഴുവൻ അവർക്ക് ഞങ്ങളുടെ തുണ വേണം. ഇന്നത്തെപ്പോലെ ചികിത്സയും തെറപ്പിയും ഒന്നും അന്നില്ല’’. – രാധാമണി തന്റെ ജീവിതം ‘വനിത’യോട് പറയുന്നു.
(രാധാമണിയുടെ അഭിമുഖത്തിന്റെ പൂർണരൂപം 2021ജനുവരി 8–21 ലക്കം വനിതയിൽ വായിക്കാം)
ചിത്രങ്ങൾ – ബേസിൽ പൗലോ