Tuesday 10 August 2021 04:49 PM IST

നിയമത്തിന് ചേരാത്ത വച്ചു പിടിപ്പിക്കലുകള്‍, പണി വരുന്നത് ഈ മോഡിഫിക്കേഷനുകള്‍ക്ക്: അറിയേണ്ടതെല്ലാം

Binsha Muhammed

modifications

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാണ്. നിയമങ്ങള്‍ പാലിക്കാതെ ഗുരുതര ക്രമക്കേടുകള്‍ കാണിക്കുന്നവരും മോട്ടോര്‍ വാഹന വകുപ്പിനെതിരെ രോഷംകൊള്ളുന്നുണ്ട് എന്നതാണ് വലിയ തമാശ. സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികളുടെ യഥാര്‍ത്ഥ ചിത്രമെന്തെന്നും നിയമ ലംഘനങ്ങളുടെ പരിധിയില്‍ വരുന്നത് ഏതൊക്കെ സംഗതികളാണെന്നും വ്യക്തമാക്കുകയാണ് കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം തോമസ്. വനിത ഓണ്‍ലൈന് മുമ്പ് അനുവദിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി...

അകലെ നിന്ന് കാണും നിയമലംഘനം

ഇ-ചല്ലാന്‍ (https://echallan.parivahan.gov.in/ )എന്ന ഡിജിറ്റല്‍ സങ്കേതത്തിന്റെ സഹായത്തോടെ വാഹന പരിശോധന കാര്യക്ഷമമാക്കിയിട്ടുണ്ട് മോട്ടോര്‍ വാഹന വകുപ്പ്. ക്യാമറ ഉള്‍പ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ നിയമം ലംഘിക്കുന്ന വാഹനങ്ങളെ നമ്പര്‍ സഹിതം നിരീക്ഷിച്ചു. നിയമലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി. ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ വാഹനങ്ങളെ തടഞ്ഞു നിര്‍ത്താതെ യാത്രികരെ ബുദ്ധിമുട്ടിക്കാതെ പരിശോധന നടത്താം എന്നതാണ്. മാറുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ചു കൊണ്ടു തന്നെ വാഹന പരിശോധന നടത്താനായി. 

പിഴയില്‍ പിഴവില്ല

മോട്ടോര്‍ വാഹന വകുപ്പ് തൊട്ടതിനും പിടിച്ചതിനും പിഴ ചുമത്തുന്നു എന്നതാണ് പ്രധാനമായുമുള്ള പരാതി. അലോയ് വീല്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂട്ടത്തോടെ പിഴ ചുമത്തുന്നു എന്ന ആരോപണങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. വാഹനത്തിന്റെ ബോഡി ലെവലും കഴിഞ്ഞ് നില്‍ക്കുന്ന മോഡിപിടിപ്പിച്ച അലോയ് വീലുകള്‍ക്കാണ് പിഴ ചുമത്തുന്നത്. നാല് വീലിനും ചേര്‍ത്ത് 20000 രൂപ പിഴ എന്ന പരാതിയില്‍ കഴമ്പില്ല. മോഡിഫിക്കേഷന്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചുമത്തുന്ന 5000 രൂപ പിഴമാത്രമാണ് അലോയ് വീല്‍ നിയമവിരുദ്ധമായി ഘടിപ്പിക്കുന്നവര്‍ക്കും ചുമത്തുന്നത്. പിന്നെ ഗിയര്‍ നോബ്, സണ്‍ഫിലിം, സൗണ്ട് സിസ്റ്റം എന്നിവയ്ക്ക് പിഴ ചുമത്തുന്നു എന്ന പ്രചരണം തെറ്റാണ്. ഗിയര്‍ നോബ് ഘടിപ്പിച്ചിരിക്കുന്നത് വാഹനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ലെങ്കില്‍ സുരക്ഷാ ഭീഷണി ഇല്ലെങ്കില്‍ അവിടെ പ്രശ്‌നം ഉദിക്കുന്നില്ല. അടുത്തിടെ മോഡിഫിക്കേഷനില്‍ പൊതിഞ്ഞ രാക്ഷസ വണ്ടിയുടെ വാര്‍ത്ത വാഹനപ്രേമികളുടെ ശ്രദ്ധയില്‍പെട്ടു കാണുമല്ലോ? ടയറു മുതല്‍ ബോഡി വരെ മോഡിഫിക്കേഷന്‍ ചെയ്ത വണ്ടിക്ക് 40,500 രൂപയാണ് പിഴയിട്ടത്. വണ്ടിയുടെ ഓരോ ഭാഗത്തും അനാവശ്യ വച്ചുപിടിപ്പിക്കലുകള്‍, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന വലുപ്പം, നിയമങ്ങളുമായി ഒത്തുപോകാത്ത രൂപമാറ്റം അതെല്ലാം കൂടി ചേര്‍ത്താണ് അത്രയും തുക. പിന്നെ വാഹനങ്ങളിലെ സണ്‍ഫിലിം ഉപയോഗത്തിന് സുപ്രീംകോടതി വിധിപ്രകാരമുള്ള 250 രൂപയാണ് പിഴയായി ചുമത്തുന്നത്.

ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്നത് പുതിയ അറിവല്ല എന്ന് കരുതുന്നു. അതേസമയം സൈലന്‍സര്‍, ഹാന്‍ഡിലുകള്‍ എന്നിവകളില്‍ മോഡിഫിക്കേഷന്‍ പരീക്ഷണത്തിന് ഇറങ്ങിയാലും 5000 രൂപ തന്നെ പിഴ ലഭിക്കും. ഇനി പിഴ അന്യായമായി ഈടാക്കി എന്ന പരാതികളുണ്ടെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വാഹന ഉടമകള്‍ക്ക് നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്. അതല്ലാതെ പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ല. വണ്ടിയുമായി റോഡില്‍ ഇറങ്ങുന്നവരെ കൊള്ളയടിക്കാനല്ല മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നത്. മറിച്ച് റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥരുടെ പരിശ്രമം. -ടോജോ എം തോമസ് പറയുന്നു.