Wednesday 30 November 2022 11:04 AM IST : By ജിന്റോ വി. ജോൺ

ശരീരത്തെ രോഗം തളർത്തിയെങ്കിലും ഇച്ഛാശക്തിയെ പിടിച്ചുനിർത്താനായില്ല; ചക്രക്കസേരയിലും നൃത്തമാടുന്ന പെൺകുട്ടി! നന്ദനയെന്ന മിടുക്കി

nandhana-dancer

ചക്രക്കസേരയിലും നൃത്തമാടുന്ന പെൺകുട്ടി! മൂന്നു വയസ്സു വരെ ഓടിക്കളിച്ചു നടന്ന നന്ദനയുടെ ശരീരത്തെ ഓസ്റ്റിയോജനിസിസ് രോഗം തളർത്തിയെങ്കിലും ഇച്ഛാശക്തിയെ തെല്ലും പിടിച്ചുനിർത്താനായിട്ടില്ല. പഠനത്തിലും കലാസാഹിത്യ മേഖലയിലുമെല്ലാം മികച്ച പ്രകടനം നടത്തി സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരനിറവിലേക്ക് അവൾ എത്തി. 

മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ നന്ദന കഴിവ് തെളിയിക്കാത്ത മേഖലകളില്ല, എല്ലുകളെ ബാധിക്കുന്ന ജനിതക രോഗം നന്ദനയുടെ ജീവിതം വീൽചെയറിലേക്ക് മാറ്റിയെങ്കിലും മായാത്ത ചിരിയും ആത്മവിശ്വാസവും കൈവെടിഞ്ഞിട്ടില്ല.

വീൽചെയറിലെ സിറ്റിങ് ഡാൻസിലൂടെ (ഇരുന്നു കൊണ്ടുള്ള നൃത്തം) ശ്രദ്ധേയമായ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. മുഖഭാവങ്ങളിലൂടെയും കൈകളിൽ വിരിയുന്ന മുദ്രകളിലും സൗന്ദര്യമൊരുക്കിയാണ് നൃത്തം. ഇതിനകം ഒട്ടേറെ ചിത്രങ്ങളും വരച്ച് പൂർത്തിയാക്കി. എല്ലാ തരത്തിലുള്ള ചിത്രങ്ങളും വരയ്ക്കാറുണ്ട്. 

കവിതാരചന, കഥാരചന, കവിത പാരായണം, സംഗീതം എന്നീ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നന്ദനയ്ക്കായി. ബത്തേരി കല്ലൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ നാരായണന്റെയും ശോഭയുടെയും മകളായ നന്ദനയ്ക്ക് ഡോക്ടറാകാനാണ് ആഗ്രഹം. നന്ദനയെ അറിയുന്നവർക്കാർക്കും അതിൽ സംശയവുമില്ല.

Tags:
  • Spotlight
  • Inspirational Story