വേദനയുടെ ഉമിത്തീയില്‍ നീറുപ്പുകയുമ്പോഴും ആ മുഖത്ത് ചിരിയുണ്ടായിരുന്നു. പച്ച മാംസത്തെ കടിച്ചു പറിക്കുന്ന വേദനയുമായി കാന്‍സര്‍ മറഞ്ഞിരുന്നപ്പോഴും ആ മുഖത്ത് മന്ദഹാസം വിരിയുന്നുണ്ടായിരുന്നു. മിഴിയടയ്ക്കും വരെ പുകയില്ല ജ്വലിക്കുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പ്രിയപ്പെട്ട നന്ദൂട്ടന്‍ പോയ് മറയുകയാണ്. അതിജീവനത്തിന്റെ പോരാളി പോകയാണ്. നന്ദു മഹാദേവ എന്ന കാന്‍സര്‍ പോരാളി ലോകത്തോട് വിടപറയുമ്പോള്‍ തേങ്ങുന്ന നെഞ്ചകങ്ങള്‍ ഏറെയുണ്ട്. മുഖത്തുമൂടിയ കറുപ്പിനു കീഴെഅതിജീവനത്തിന്റെ പുഞ്ചിരി വിടര്‍ത്തിയ പ്രഭുലാലും നന്ദുവെന്ന വേദനയില്‍ നൊന്തു നീറുകയാണ്. കണ്ണീരോര്‍മ്മകള്‍ക്കു നടുവില്‍ നിന്ന് തന്റെ പ്രിയ ചങ്ങാതിയെ ഓര്‍ക്കുകയാണ് പ്രഭുലാല്‍.
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം... പുകയരുത് ജ്വലിക്കണം. അവനാരാണ് എന്ന ചോദ്യം ആ പറഞ്ഞ വാക്കുകളില്‍ തന്നെയുണ്ട്. ഇങ്ങനെയൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചുവെന്ന് പറയുമ്പോള്‍ തന്നെ അദ്ഭുതമാണ്. ആദ്യം കാലിലേക്ക് പടര്‍ന്നു കാന്‍സര്‍. പിന്നാലെ ശ്വാസകോശത്തിലേക്ക് പരന്നു. ഒടുവില്‍ ഹൃദയത്തേയുംവരിഞ്ഞു മുറുക്കി. എന്നിട്ടും എന്റെ നന്ദു പിടിച്ചു നിന്നു. ശ്വാസകോശത്തിന്റെ മുക്കാല്‍ ഭാഗത്തോളം കവര്‍ന്നെടുന്നിട്ടും ആ ചിരി മാഞ്ഞില്ല. അതേ... അവന്‍ അദ്ഭുതമാണ്. എന്റെ ചങ്ങാതി അതിജീവനത്തിന്റെ മാലാഖയാണ്- മിഴിനീര്‍ തുടച്ച് പ്രഭുലാല്‍ പറയുകയാണ്.
മറക്കില്ല ആ മുഖം
സോഷ്യല്‍ മീഡിയയിലെ സൗഹൃദക്കൂട്ടങ്ങള്‍ തന്നെയാണ് എന്നെയും നന്ദുവിനേയും അടുപ്പിച്ചത്. അത് ഹൃദയബന്ധമായി വളര്‍ന്നത് എത്രയോ വേഗം. മുഖത്തെ മൂടിയ കറിപ്പിനിടയിലും ഞാന്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു എന്ന് പലരും പറയാറുണ്ട്. പക്ഷേ അതിജീവനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കാര്യത്തില്‍ എത്രയോ ഉയരെയാണ് നന്ദു. മരിക്കും എന്ന് അവന് അറിയാമായിരുന്നു. എല്ലാ ബന്ധങ്ങളും ഇട്ടെറിഞ്ഞ് പോകേണ്ടി വരുമെന്നും അവന് ബോധ്യമുണ്ടായിരുന്നു. പക്ഷേ മരണം നിശബ്ദനായി അരികില്‍ നിന്നപ്പോഴും അവന്‍ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. വേദനയുടെ ഭാരം ഉള്ളിലൊതുക്കി ഞങ്ങളുടെ നന്ദു പാട്ടുപാടി, ഒരു കാല്‍ മുറിച്ചുമാറ്റിയിട്ടും നൃത്തം ചെയ്തു.
കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അവനെ ആദ്യമായി കാണുന്നത്. ഞാനും സുഹൃത്ത് ലൈജുവും അവനെ കാണാനെത്തുമ്പോള്‍ അതേ നിറചിരിയോടെ സ്വീകരിച്ചു. അന്ന് കാണുമ്പോള്‍ അവന്റെ ശ്വാസകോശത്തെ വരിഞ്ഞു മുറുക്കുകയിരുന്നു കാന്‍സറിന്റെ വേരുകള്‍. പലപ്പോഴും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങളോട് നിറഞ്ഞു ചിരിച്ച് വര്‍ത്താനം പറയുമ്പോള്‍ പെട്ടെന്ന് സ്റ്റോപ്പിടും. സംസാരിക്കാന്‍ പോലും വയ്യായിരുന്നു. അന്ന് അവനാണ് ഞങ്ങള്‍ക്ക് റൂമൊക്കെ ഒരുക്കി തന്നത്.
അവിടുന്ന് വയനാടുള്ള ചന്ദ്രിക ടീച്ചറിനെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചു പോയി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തണലൊരുക്കുന്ന ചന്ദ്രികടീച്ചറെ കാണുന്നതിലുള്ള സന്തോഷമായിരുന്നു അന്ന് അവന്റെ മുഖത്ത്. അവിടുത്തെ കുട്ടികള്‍ക്കുള്ള വസ്ത്രവും ഭക്ഷണവുമൊക്കെ നന്ദു കരുതിവച്ചിരുന്നു. വയ്യായ്കയ്ക്കിടയിലും അവന്‍ തന്നെ കുറച്ചുദൂരം കാറും അവന്‍ ഡ്രൈവ് ചെയ്തു. അന്ന് സംസാരിക്കാന്‍ വയ്യാതിരുന്നിട്ടു കൂടി അവിടുത്തെ കുട്ടികള്‍ക്കു വേണ്ടി അവന്‍ പാട്ടുപാടി. നടക്കാന്‍ കഴിയാത്ത അഖില്‍ എന്ന കുട്ടിയുടെ വീട് ഒരു കുന്നിന്‍ പ്രദേശത്തായിരുന്നു. ഞങ്ങള്‍ക്ക് പറ്റുന്നിടം വരെ വണ്ടി മുകളിലേക്ക് കയറ്റി. പക്ഷേ അവിടുന്നങ്ങോട്ട് യാത്ര ദുഷ്‌ക്കരമായപ്പോള്‍ നന്ദു ആ കുന്നുകയറി. വയ്യാത്ത കാലും വച്ച് അഖില്‌ന്റെ വീടു വരെ നടന്നു കയറി. ആ മുഖം അന്നേരം ഒന്നു കാണണമായിരുന്നു. വയ്യായ്കയുടെ ലാഞ്ചന പോലും നന്ദുവിനില്ലായിരുന്നു. അതായിരുന്നു ഉള്‍ക്കരുത്ത്. അന്നും കണ്ടത് ജ്വലിക്കുന്ന നന്ദുവിനെതന്നെയാണ്.
മരണത്തിന്റെ വക്കില്‍ നിന്നപ്പോഴും തിരികെ വരുമെന്ന് വെറുതെയെങ്കിലും അവന്‍ ആശിച്ചതാണ്. അശരണര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും തണലാകുന്ന ഒരു കാറ്ററിംഗ് യൂണിറ്റ് നല്ലരീതിയില്‍ കൊണ്ടുപോകണമെന്ന് അവന്‍കൊതിച്ചു. ആ ആശകളെയൊക്കെ മരണം കൊണ്ടുപോയില്ലേ... ആ പുഞ്ചിരി മാഞ്ഞില്ലേ...- പ്രഭുവിന്റെ വാക്കുകളെ കണ്ണീര്‍മുറിച്ചു.